ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ ഹിസ്ബുള്ള അനുകൂലി പുരോഹിതന് ക്ഷണം; രോഷവുമായി വലതുപക്ഷം

ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ ഹിസ്ബുള്ള അനുകൂലി പുരോഹിതന് ക്ഷണം; രോഷവുമായി വലതുപക്ഷം


വാഷിംഗ്ടണ്‍: ഹിസ്ബുള്ളയെ അനുകൂലിക്കുന്ന മുസ്ലീം പുരോഹിതനെ ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് ക്ഷണിച്ചതില്‍ യു എസിലെ വലതുപക്ഷം രോഷം പ്രകടിപ്പിച്ചു. ലെബനന്‍ ആസ്ഥാനമായുള്ള ഹിസ്ബുള്ളയെ അപലപിക്കാന്‍ വിസമ്മതിച്ച ഒരു മുസ്ലീം പുരോഹിതനെയാണ് ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് ക്ഷണിച്ചതെന്ന അവകാശവാദങ്ങളാണ് തര്‍ക്കത്തിന് കാരണമായത്.

മിഷിഗണിലെ ഡിയര്‍ബോണിലുള്ള കര്‍ബല ഇസ്ലാമിക് വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ഇമാം ഹുഷാം അല്‍-ഹുസൈനിയെയാണ് ജനുവരി 20ന് നടക്കുന്ന പരിപാടിയില്‍ അനുഗ്രഹ പ്രഭാഷണം നടത്താന്‍ ക്ഷണിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

ട്രംപ് പരിവര്‍ത്തന സംഘത്തിന്റെ നീക്കത്തിനെതിരെ യു എസ് യാഥാസ്ഥിതികര്‍ വരംഗത്തെത്തി. ഇമാമിനെ ക്ഷണിച്ചത് വരാനിരിക്കുന്ന പ്രസിഡന്റ് നിലകൊള്ളുന്ന മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് അവര്‍ വിശ്വസിക്കുന്നു.

മിഡില്‍ ഈസ്റ്റ് ഫോറത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ഹിസ്ബുള്ള അനുകൂലിയായ ഷിയാ ഇമാമാണ് അല്‍-ഹുസൈനി. 

2015-ല്‍ കര്‍ബല ഇസ്ലാമിക് എഡ്യൂക്കേഷണല്‍ സെന്ററില്‍ നടന്ന റാലിയില്‍ അല്‍-ഹുസൈനി സൗദി അറേബ്യയ്ക്ക് മരണം ആശംസിക്കുകയും സൗദികളെ 'ജൂതന്മാരുടെ ഏജന്റുമാര്‍' എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം 2006-ല്‍ ഡിയര്‍ബോണില്‍ നടന്ന ഹിസ്ബുള്ള അനുകൂല റാലിയില്‍ അല്‍-ഹുസൈനി പങ്കെടുത്തിരുന്നു. കൂടാതെ അന്നത്തെ ഹിസ്ബുള്ള നേതാവ് ഹസ്സന്‍ നസ്രല്ലയുടെ ഒരു ഫോട്ടോ വേദിയില്‍ നിന്ന് വീശിക്കാണിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഇസ്രായേലി ആക്രമണങ്ങളിലാണ് നസ്രല്ല കൊല്ലപ്പെട്ടത്. 

2007-ല്‍ ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റിയുടെ ശൈത്യകാല യോഗത്തില്‍ പ്രസംഗിച്ച പുരോഹിതന്‍ യു എസ് സൈന്യത്തെ അടിച്ചമര്‍ത്തുന്നവരും അധിനിവേശക്കാരും എന്നാണ് വിശേഷിപ്പിച്ചത്. പിന്നീട് 'യുദ്ധവും അക്രമവും അടിച്ചമര്‍ത്തലും അധിനിവേശവും തടയാന്‍ ഞങ്ങളെ സഹായിക്കൂ' എന്ന് സര്‍വശക്തനായ ദൈവത്തോട് അഭ്യര്‍ഥിച്ചപ്പോള്‍ താന്‍ യു എസ് സേനയെ പരാമര്‍ശിച്ചില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഒരു ടെലിവിഷന്‍ ഷോയ്ക്കിടെ ഹിസ്ബുള്ള ഒരു തീവ്രവാദ സംഘടനയാണെന്ന് സമ്മതിക്കാന്‍ അല്‍-ഹുസൈനി വിസമ്മതിച്ചു. 'ഹിസ്ബുള്ള ഒരു ലെബനീസ് സംഘടനയാണ്, അതില്‍ എനിക്ക് ഒരു പങ്കുമില്ല' എന്നാണ് പുരോഹിതന്‍ പറഞ്ഞത്. എന്നാല്‍ 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപ് പ്രചാരണത്തിന് പിന്നില്‍ പുരോഹിതന്‍ പിന്തുണ നല്‍കി.

'ഡൊണാള്‍ഡ് ട്രംപ് സ്വവര്‍ഗ്ഗ വിവാഹത്തെ എതിര്‍ക്കുന്നതിനാലും തിരഞ്ഞെടുപ്പിലെ ഏറ്റവും ക്രിസ്ത്യാനിയായ വ്യക്തിയായതിനാലുമാണ് ഞാന്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നത്,' ഇമാം പറഞ്ഞു. 'അദ്ദേഹം നമ്മെ യാഥാസ്ഥിതിക മൂല്യങ്ങളിലേക്ക് തിരികെ കൊണ്ടുവരും, ഞാന്‍ ഒരു മുസ്ലീമാണ്, സ്വവര്‍ഗ്ഗ വിവാഹത്തെ എതിര്‍ക്കുന്ന ആരോടൊപ്പവും ഞാന്‍ നിലകൊള്ളും,' ട്രംപ് തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ അത്തരമൊരു വാഗ്ദാനം നല്‍കിയിട്ടില്ലെങ്കിലും അദ്ദേഹം വാദിച്ചു.

ഇമാമിനുള്ള ക്ഷണം എത്രയും വേഗം പിന്‍വലിക്കാന്‍ യു എസ് യാഥാസ്ഥിതികര്‍ ട്രംപ് ടീമിനോട് ആവശ്യപ്പെടുന്നു.

'ട്രംപ് പ്രചാരണത്തില്‍ എന്താണ് നടക്കുന്നത്? ഇങ്ങനെയാണോ അവര്‍ വോട്ടര്‍മാര്‍ക്ക് നന്ദി പറയുക? ഒരു സാധാരണ ഹിസ്ബുള്ള അനുകൂല ഇമാമിനെ വേദിയില്‍ ഇരുത്തി?' ഒരു ഉപയോക്താവ് ചോദിച്ചു. 

'ഇമാം ഹുഷാം അല്‍-ഹുസൈനി മുമ്പ് ഡിഎന്‍സിയില്‍ ആയിരിക്കവെ അമേരിക്കയെ വിമര്‍ശിച്ചിരുന്നു. ട്രംപിന്റെ ആന്തരിക വലയത്തിലേക്ക് വീണ്ടും മോശം ആളുകള്‍ പ്രവേശിക്കുന്നുണ്ട്,' മറ്റൊരാള്‍ പറഞ്ഞു. 

'ഇമാം ഹുഷാം അല്‍-ഹുസൈനി അപകടകാരിയാണ്, അയാളെ ട്രംപില്‍ നിന്ന് അകറ്റി നിര്‍ത്തൂ,' മൂന്നാമത്തെ ഉപയോക്താവ് എക്‌സില്‍ എഴുതി.