യുഎസ് ആണവ വിമാനവാഹിനിക്കപ്പലുകള്‍ക്ക് ബില്‍ ക്ലിന്റണിന്റെയും ജോര്‍ജ് ബുഷിന്റെയും പേരുകള്‍ നല്‍കി ബൈഡന്‍

യുഎസ് ആണവ വിമാനവാഹിനിക്കപ്പലുകള്‍ക്ക് ബില്‍ ക്ലിന്റണിന്റെയും ജോര്‍ജ് ബുഷിന്റെയും പേരുകള്‍ നല്‍കി ബൈഡന്‍


വാഷിംഗ്ടണ്‍: യുഎസ് നാവികസേനയുടെ ഭാഗമാകുന്ന രണ്ട് ആണവ വിമാന വാഹിനിക്കപ്പലുകള്‍ക്ക് മുന്‍ പ്രസിഡന്റുമാരായ ബില്‍ ക്ലിന്റണിന്റെയും ജോര്‍ജ് ഡബ്ല്യു ബുഷിന്റെയും പേരുകള്‍ നല്‍കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. പുതിയ ജെറാള്‍ഡ് ആര്‍ ഫോര്‍ഡ്-ക്ലാസ് ആണവോര്‍ജ വിമാന വാഹിനിക്കപ്പലുകള്‍ക്കാണ് മുന്‍ പ്രസിഡന്റുമാരുടെ പേരുകള്‍ നല്‍കുന്നത്. ഇക്കാര്യം പ്രഖ്യാപിക്കുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് ജോ ബൈഡന്‍ പ്രസ്താവനയില്‍ പറഞ്ഞു.

താന്‍ നേരിട്ട് ബില്‍ ക്ലിന്റണിനെയും ജോര്‍ജ് ബുഷിനെയും ഇക്കാര്യം അറിച്ചതായി ജോ ബൈഡന്‍ അറിയിച്ചു. കമാന്‍ഡര്‍ ഇന്‍ ചീഫ് ആകുന്നതിലൂടെ അവരുടെ ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കുകയാണ്. രാജ്യത്തിന്റെ സുരക്ഷയ്ക്കായി സൈന്യത്തെ പിന്തുണയ്ക്കുന്നതിലുള്ള കടമ അവര്‍ നന്നായി നിര്‍വഹിക്കുമെന്ന് തനിക്കുറപ്പുണ്ടെന്ന് ജോ ബൈഡന്‍ പറഞ്ഞു.

യുഎസ്എസ് വില്യം ജെ ക്ലിന്റണിന്റെയും (സിവിഎന്‍ 82) യുഎസ്എസ് ജോര്‍ജ് ഡബ്ല്യു ബുഷിന്റെയും (സിവിഎന്‍ 83) പേരിലുള്ള വിമാനവാഹിനി കപ്പലുകളുടെ നിര്‍മാണം വരും വര്‍ഷങ്ങളില്‍ ആരംഭിക്കും. നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഇതുവരെ കടലില്‍ ഇറക്കിയിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ചതും പ്രൊഫഷണലുമായ വിമാനവാഹിനി കപ്പലുകളാകും ഇതെന്നും അതുപോലെ തന്നെ ഏറ്റവും മികച്ച നാവികസേനയില്‍ ഇവ ചേരുമെന്നും ജോ ബൈഡന്‍ പറഞ്ഞു.

അമേരിക്കയുടെ എല്ലാ കോണുകളില്‍ നിന്നുമുള്ള നാവികര്‍ ഈ കപ്പലുകളില്‍ ഉണ്ടാകും. അവര്‍ ഈ കപ്പലുകളെ നയിക്കും. വിദേശത്ത് യുഎസ് താത്പര്യങ്ങളും സ്വദേശത്ത് സുരക്ഷയും സംരക്ഷിക്കുന്നതില്‍ ഈ കപ്പലുകള്‍ പ്രധാന പങ്ക് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎസ് നാവിക സേനയുടെ കേന്ദ്രബിന്ദുവാണ് വിമാനവാഹിനിക്കപ്പലുകളെന്നും അവ രാജ്യത്തിന്റെ ശക്തി ഉറപ്പാക്കുമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു. നമ്മുടെ രാജ്യത്തെ ദൃഢനിശ്ചയത്തോടെയും സമര്‍പ്പണത്തോടെയും സേവിച്ച ചരിത്രപരമായി പ്രാധാന്യമുള്ള കമാന്‍ഡര്‍മാരുടെ പേരിലാണ് ഈ രണ്ട് ഭാവി വിമാനവാഹിനിക്കപ്പലുകളും അറിയപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

1993നും 2001നുമിടയില്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന വ്യക്തിയാണ് ബില്‍ ക്ലിന്റണ്‍. അമേരിക്കയുടെ 42ാമത് പ്രസിഡന്റായിരുന്നു അദ്ദേഹം. ബില്‍ ക്ലിന്റന് ശേഷം 2001നും 2009നുമിടയില്‍ പ്രസിഡന്റായിരുന്നയാളാണ് ജോര്‍ജ ഡബ്യൂ ബുഷ്.