തിരുവനന്തപുരം: റിസര്‍വ് ബാങ്ക് പണനയം പ്രഖ്യാപിച്ചു. ഇത്തവണ റിപ്പോ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. റിപ്പോ നിരക്ക് 5.50 ശതമാനത്തില്‍ തുടരും. അതിനാല്‍തന്നെ, പലിശ നിരക്കുകള്‍ കുറയില്ല. വായ്പ, നിക്ഷേപ നിരക്കുകള്‍ മാറ്റമില്ലാതെ തുടരും
ആറ് അംഗ മോണിറ്ററി പോളിസി കമ്മിറ്റിയിലെ (എംപിസി) മുഴുവന്‍ അംഗങ്ങളും നിരക്കില്‍ മാറ്റം വരുത്തേണ്ടെന്ന് ഏകകണ്ഠമായി വോട്ട് ചെയ്തു. അതേസമയം ജി.ഡി.പി അനുമാനം 6.8 ശതമാനമായി പരിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട്. പണ നയ നിലപാട് 'നിക്ഷ്പക്ഷത'യില്‍ നിലനിര്‍ത്തി.
ഈ വര്‍ഷം ആദ്യം, 2025 ഫെബ്രുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ആര്‍ബിഐ റിപ്പോ നിരക്ക് മൊത്തം 100 ബേസിസ് പോയിന്റ് (ബിപിഎസ്) കുറച്ചിരുന്നു. '2025 ഓഗസ്റ്റിലെ നയത്തിനുശേഷം പണപ്പെരുപ്പം അനുകൂലമായി മാറിയിരിക്കുന്നു, പണപ്പെരുപ്പത്തില്‍ ഗണ്യമായ മിതത്വം ഉണ്ടായിട്ടുണ്ട്,'' ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. ചരക്ക് സേവന നികുതിയിലെ പരിഷ്‌കാരം പണപ്പെരുപ്പത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.
2026 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 7.8 ശതമാനമായി ഉയര്‍ന്നു, അഞ്ച് പാദങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 6.5 ശതമാനവും മുന്‍ പാദത്തില്‍ 7.4 ശതമാനവുമായിരുന്നു. 2026 സാമ്പത്തിക വര്‍ഷത്തില്‍ ശരാശരി പണപ്പെരുപ്പം 2.6 ശതമാനമാകുമെന്ന് ആര്‍ബിഐ പ്രതീക്ഷിക്കുന്നു.
പണനയം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക് ; റിപ്പോ നിരക്കില്‍ മാറ്റമില്ല
