ജിഎസ്ടി ഇളവുകള്‍: ഓണ്‍ലൈന്‍വ്യാപാരം കുതിച്ചുയര്‍ന്നു

ജിഎസ്ടി ഇളവുകള്‍:  ഓണ്‍ലൈന്‍വ്യാപാരം കുതിച്ചുയര്‍ന്നു


ബെംഗളൂരു: ജിഎസ്ടി ഇളവുകളുടെയും ഉത്സവ സീസണിന്റെയും ഇരട്ട കരുത്തില്‍ ഇ കൊമേഴ്‌സ് മേഖല. ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് തുടങ്ങിയ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുടെ വില്‍പ്പനയില്‍ 25 ശതമാനത്തോളം വര്‍ധനയാണ് രേഖപ്പെടുത്തിയത്.

ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍, എസി, ഫ്രിഡ്ജ് തുടങ്ങിയ ഗൃഹോപകരണങ്ങള്‍ എന്നിവയുടെ നികുതി സ്ലാബുകള്‍ കുറയ്ക്കുന്നതിലൂടെ കുടംബങ്ങള്‍ക്ക് ഉല്‍പ്പന്നങ്ങളുടെ വില കൂടുതല്‍ താങ്ങാവുന്നതായാണ് വില്‍പ്പന കൂടുന്നതിനുളള കാരണങ്ങളിലൊന്ന്.

പ്രീമിയം വിഭാഗങ്ങളിലെ ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ ഡിമാന്‍ഡാണ് അനുഭവപ്പെടുന്നത്. ആമസോണിലും ഫ്‌ലിപ്കാര്‍ട്ടിലും ഉത്സവകാല വില്‍പ്പന സെപ്റ്റംബര്‍ 22 നാണ് ആരംഭിച്ചത്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രണ്ട് ദിവസം കൊണ്ട് നാല് മുതല്‍ അഞ്ച് മടങ്ങ് വരെയാണ് വില്‍പ്പനയില്‍ വര്‍ധനയുളളത്. സ്മാര്‍ട്ട്‌ഫോണുകള്‍, ടിവികള്‍ , കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, ഗൃഹോപകരണങ്ങള്‍, ഫാഷന്‍, സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് നല്ല ഡിമാന്‍ഡ് ഉണ്ടെന്ന് ട്രെന്‍ഡുകള്‍ സൂചിപ്പിക്കുന്നു.

ഉത്സവകാല വില്‍പ്പനയിലെ ഏറ്റവും പ്രിയങ്കരമായ ഉല്‍പ്പന്നം സ്മാര്‍ട്ട്‌ഫോണുകളാണ്. അഞ്ചില്‍ ഒരാള്‍ എന്ന വീതം നിലയില്‍ ഫ്‌ലിപ്കാര്‍ട്ടിന്റെ ഡോര്‍സ്‌റ്റെപ്പ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം തിരഞ്ഞെടുക്കുന്നുണ്ട്. 30 മിനിറ്റിനുള്ളില്‍ സേവനം പൂര്‍ത്തിയാക്കുന്ന ഓഫറാണ് ഡോര്‍സ്‌റ്റെപ്പ് പ്രോഗ്രാം. ഐഫോണ്‍ 16 ആണ് ഫ്‌ലിപ്കാര്‍ട്ട് മിനിറ്റ്‌സിലെ ഏര്‍ലി ആക്‌സസ് സമയങ്ങളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഉല്‍പ്പന്നമായി ഇതിനകം ഉയര്‍ന്നു വന്നത്.


ജിഎസ്ടി ഇളവുകള്‍:  ഓണ്‍ലൈന്‍വ്യാപാരം കുതിച്ചുയര്‍ന്നു