കൊച്ചി: ആര്‍ട്ടിഫിഷല്‍ ഇന്റലിജെന്‍സ് (എഐ) ഉപയോഗിച്ച് ഇന്ത്യയിലെ ആദ്യത്തെ ഫാഷന്‍ ബ്രാന്‍ഡ് അംബാസിഡറിനെ നിര്‍മിച്ച് ശീമാട്ടി. ഇഷ രവിയെന്ന എഐ ഫാഷന്‍ മോഡല്‍ ഇനി ഇന്ത്യന്‍ ഫാഷന്‍ ലോകത്ത് ശീമാട്ടിയുടെ ഔദ്യോഗിക മുഖമാവും. ചെറുപ്പം മുതലേ നിറങ്ങളോടും യാത്രകളോടും അതിയായ താല്പര്യമുള്ള, ഫാഷനെ എപ്പോഴും കൂടെ കൂട്ടിയിട്ടുള്ള, സ്വയം പര്യാപ്തതയുള്ള പെണ്‍കുട്ടിയായാണ് ഇഷയെ അവതരിപ്പിച്ചിരിക്കുന്നത്. ഇഷ ഇനി ശീമാട്ടിയുടെ മുഖമാവുമെന്നും ഈ പുത്തന്‍ ചുവടുവയ്പ്പ് ഫാഷന്‍ ഇന്‍ഡസ്ട്രിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പുരോഗതിയെയും പുത്തന്‍ സാധ്യതകളെയും അടയാളപ്പെടുത്തുമെന്നും ശീമാട്ടി സിഇഒയും ലീഡ് ഡിസൈനറുമായ ബീന കണ്ണന്‍ പറഞ്ഞു.
'സാങ്കേതികവിദ്യയുടെയും ഫാഷന്റെയും ഈ കൂടിച്ചേരല്‍ ഫാഷന്‍ ലോകത്തുതന്നെ പുതിയ വാതിലുകള്‍ തുറക്കും എന്ന ഉറപ്പ് എനിക്കുണ്ട്. ഇന്ത്യയില്‍ത്തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു ഫാഷന്‍ ബ്രാന്‍ഡിന് അംബാസഡര്‍ ആയി ഒരു എഐ മോഡല്‍ വരുന്നത്. ഇന്ത്യയെയും കേരളത്തെയും പ്രതിനിധീകരിച്ചുകൊണ്ട് ശീമാട്ടിക്ക് ഇത് സാധ്യമാക്കാന്‍ സാധിച്ചതില്‍ എനിക്ക് അഭിമാനമുണ്ട്. ഫാഷന്റെ പുതിയ യുഗത്തിലേക്കുള്ള ഒരു കാല്‍വയ്പ്പായും, ഭാവിയില്‍ വന്നേക്കാവുന്ന പുതിയ ഫാഷന്‍ വിപ്ലവങ്ങള്‍ക്കുള്ള ഒരു തുടക്കമായും വേണം ഈ ചരിത്ര നിമിഷത്തെ നമ്മള്‍ നോക്കിക്കാണാന്‍. ഇന്ത്യയിലെ ആദ്യത്തെ എഐ ഫാഷന്‍ ബ്രാന്‍ഡ് അംബാസഡറിനെ സ്വന്തമാക്കാന്‍ കഴിഞ്ഞതില്‍ അതിയായി സന്തോഷമുണ്ട്'' ബീന കണ്ണന്‍ പറഞ്ഞു. ഒരു ഫാഷന്‍ ബ്രാന്‍ഡിന് എഐ ബ്രാന്‍ഡ് അംബാസഡറിന്റെ സാധ്യതകള്‍ എത്രത്തോളമായിരിക്കും എന്നത് ലോകത്തെ കാണിക്കുക എന്ന ലക്ഷ്യം കൂടി ശീമാട്ടിക്കുണ്ട്.
എഐ ഉപയോഗിച്ച് ഇന്ത്യയിലെ ആദ്യത്തെ ഫാഷന്‍ ബ്രാന്‍ഡ് അംബാസിഡറിനെ നിര്‍മിച്ച് ശീമാട്ടി