മുംബൈ: സ്റ്റാർട്ടപ്പ് ഫണ്ടിംഗ് സെക്ടറിൽ കുതിച്ചുയർന്ന് ഇന്ത്യ. നടപ്പ് സാമ്പത്തികവർഷത്തെ ആദ്യ ഒൻപത് മാസങ്ങളിൽ ഏറ്റവും കൂടുതൽ ഫണ്ട് നേടിയ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമായി ഇന്ത്യ മാറിയിരിക്കുകയാണ്. ജർമ്മനിയേയും ഫ്രാൻസിനേയുമാണ് ഈ കാര്യത്തിൽ രാജ്യം മറികടന്നത്. അമേരിക്കയ്ക്കും യുണൈറ്റഡ് കിംഗ്ഡത്തിനും പിറകിൽ മൂന്നാം സ്ഥാനത്താണ് നിലവിൽ ഇന്ത്യ.
മാർക്കറ്റ് ഇന്റലിജൻസ് സ്ഥാപനമായ ട്രാക്കസന്റെ 'ഇന്ത്യ ടെക്ക് ഫണ്ടിംഗ് 9എം 2025' റിപ്പോർട്ടനുസരിച്ച് 2025 ന്റെ ആദ്യ ഒൻപത് മാസങ്ങളിൽ ഇന്ത്യൻ ടെക് സ്റ്റാർട്ടപ്പുകൾ സമാഹരിച്ചത് 7.7 ബില്യൺ ഡോളറാണ്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് കുറവാണ്.
2024 ലെ സമാന കാലയളവിൽ സ്റ്റാർട്ടപ്പുകൾ 10.1 ബില്യൺ ഡോളർ നിക്ഷേപം നേടിയിരുന്നു. 2023 ൽ ഇത് 8.3 ബില്യൺ ഡോളറാണ്. അതായത് നടപ്പ് വർഷത്തേത് 2024 നെ അപേക്ഷിച്ച് 23 ശതമാനവും 2023 നെ അപേക്ഷിച്ച് 6 ശതമാനവും കുറഞ്ഞു.
സ്റ്റാർട്ടപ്പ് വികസനത്തിന്റെ ഘട്ടങ്ങളിലുടനീളം ഫണ്ടിംഗിൽ ഇടിവുണ്ടായിട്ടുണ്ട്. പ്രാരംഭ മൂലധനം നേടുന്ന സീഡ് സ്റ്റേജ് സ്റ്റാർട്ടപ്പുകൾ 2025 ൽ സമാഹരിച്ചത് 727 ദശലക്ഷം ഡോളറാണെങ്കിൽ 2024 ൽ ഇത് 1.2 ബില്യൺ ഡോളറാണ്. 39 ശതമാനം ഇടിവ്.
അടുത്തഘട്ട സ്റ്റാർട്ടപ്പുകൾ അഥവാ ഉത്പമോ സേവനമോ വാഗ്ദാനം ചെയ്യുന്നവ സമാഹരിച്ചത് 2.7 ബില്യൺ ഡോളറായി. മുൻവർഷത്തെ അപേക്ഷിച്ച് 10 ശതമാനം കുറവ്. വലിയ നിക്ഷേപം തേടുന്ന അവസാനഘട്ട സ്റ്റാർട്ടപ്പുകളുടെ ഫണ്ടിംഗ് 5.9 ബില്യൺ ഡോളറിൽ നിന്നും ഇടിഞ്ഞ് 4.3 ബില്യൺ ഡോളർ.
നടപ്പ് വർഷത്തിൽ 10 ഫണ്ടിംഗ് റൗണ്ടുകൾക്ക് മാത്രമാണ് 100 മില്യൺ ഡോളറോ അതിൽ കൂടുതലോ നേടാൻ സാധിച്ചത്. 2024 ൽ ഇത് 16 റൗണ്ടുകളും 2023 ൽ 15 റൗണ്ടുകളുമായിരുന്നു. ഇതിൽ തന്നെ 2025 ലെ ഏറ്റവും വലിയ ഫണ്ടിംഗ് റൗണ്ട് എറിഷ ഇ മൊബിലിറ്റിയുടേത്. സീരീസ് ഡി ഫണ്ടിംഗിൽ സ്റ്റാർട്ടപ്പ് 1 ബില്യൺ ഡോളർ സമാഹരിച്ചു.
സീരീസ് എയിൽ 275 മില്യൺ ഡോളർ നിക്ഷേപം നേടിയ ഗ്രീൻലൈൻ, സീരീസ് എഫിൽ 222 മില്യൺ ഡോളർ നിക്ഷേപം നേടിയ ഇൻഫ്രാ മാർക്കറ്റ് എന്നിവയാണ് മറ്റ് പ്രധാന റൗണ്ടുകൾ. ആക്‌സസ് ഹെൽത്ത് കെയർ, ഗ്രോവ് എന്നിവയ്ക്കും ഗണ്യമായ നിക്ഷേപം ലഭിച്ചു.
മേഖലാടിസ്ഥാനത്തിൽ നോക്കുമ്പോൾ എന്റർപ്രൈസ് ആപ്ലിക്കേഷനുകളാണ് മുന്നിൽ. ആകർഷിച്ചത് 2.3 ബില്യൺ ഡോളർ. റീട്ടെയ്ൽ ടെക്‌നോളജി സ്റ്റാർട്ടപ്പുകൾ 2.0 ബില്യൺ ഡോളറും ഗതാഗത, ലോജിസ്റ്റിക്‌സ് സാങ്കേതികവിദ്യ 1.79 ബില്യൺ ഡോളറും സമാഹരിച്ചു.
സ്റ്റാർട്ടപ്പ് എക്‌സിറ്റുകളിലും വർദ്ധനവുണ്ടായി. 2025 ൽ 110 ഏറ്റെടുക്കലുകളും 26 പ്രാരംഭ പബ്ലിക് ഓഫറിംഗുകളുമാണ് നടന്നത്. അർബൻ, ഡെവ്എക്‌സ്, ബ്ലൂസ്റ്റോൺ, ഐകോഡെക്‌സ് എന്നിവയുടെ ഐപിഒകളാണ് ശ്രദ്ധേയം.റിയൽ എസ്റ്റേറ്റ്, നിർമ്മാണ സാങ്കേതികവിദ്യ, എന്റർപ്രൈസ് ആപ്ലിക്കേഷനുകൾ എന്നീ മേഖലകളിൽ ഓരോന്നും എനർജി ടെക്കിൽ അഞ്ചും ഐപിഒകൾ നടന്നു.
ഏറ്റെടുക്കലുകൾ 2024 ലെ 96 ൽ നിന്ന് 15 ശതമാനം വർദ്ധിച്ചു. റിസൽറ്റിക്‌സിനെ ഡിജിനെക്‌സ് 2 ബില്യൺ ഡോളറിന് വാങ്ങിയതാണ് ഏറ്റവും വലുത്. മറ്റ് പ്രധാന ഡീലുകളിൽ മാഗമ ജനറൽ ഇൻഷൂറൻസിനെ ഡിഎസ് ഗ്രൂപ്പും പതഞ്ജലിയും ചേർന്ന് 516 മില്യൺ ഡോളറിനേറ്റെടുത്തു.
ക്ലൗഡ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൊല്യൂഷനുകൾക്കായുള്ള ഡിമാൻഡ് കാരണം എന്റർപ്രൈസ് ആപ്ലിക്കേഷൻ മേഖലയിലാണ് മിക്ക ഏറ്റെടുക്കലുകളും നടന്നത്.
2025 ൽ നാല് ഇന്ത്യൻ യൂണികോണുകളാണ് പിറവികൊണ്ടത്. ഇതോടെ ഇന്ത്യൻ യൂണികോണുകളുടെ എണ്ണം 12 ആയി. ഇതിൽ 22 എണ്ണം ഐപിഒകളിലൂടെയും ഏറ്റെടുക്കലുകളിലൂടെയും എക്‌സിറ്റായി.
യൂണിക്കോണുകൾ സൃഷ്ടിക്കുന്നതിൽ ബെഗംളൂരു മുൻനിരയിൽ തുടരുന്നു. 53 എണ്ണമാണ് നഗരത്തിൽ കേന്ദ്രീകരിക്കുന്നത്. 20 എണ്ണം ഗുരുഗ്രാമിലും 18 എണ്ണം മുംബൈയിലും.
ലാഭകരമായ യൂണികോണുകളിൽ 1.2 മില്യൺ ഡോളർ വരുമാനവും 663 മില്യൺ ഡോളറുമായി സെറോദ വേറിട്ടുനിന്നു. ഫണ്ടിംഗ് നേടിയ പ്രദേശങ്ങളിലും ബെംഗളൂരുവാണ് മുന്നിൽ. മൊത്തം ഫണ്ടിംഗിന്റെ 31 ശതമാനം ഇവർ നേടി. 18 ശതമാനവുമായി ഡൽഹിയാണ് രണ്ടാം സ്ഥാനത്ത്.
മുൻനിര നിക്ഷേപകരിൽ പീക്ക് എക്‌സ് വി പാർട്ണർമാരും എലവേഷൻ ക്യാപിറ്റലും ഉൾപ്പെടുന്നു, ഇത് യഥാക്രമം 14 ഉം 8 ഉം എക്‌സിറ്റ് റൗണ്ടുകൾക്ക് നേതൃത്വം നൽകി. ലെറ്റ്‌സ് വെഞ്ചർ, ഏഞ്ചൽലിസ്റ്റ്, ആക്‌സൽ എന്നിവ ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലെ എക്കാലത്തെയും മികച്ച നിക്ഷേപകരിൽ ഉൾപ്പെടുന്നു.
മൊത്തം ഫണ്ടിംഗിൽ കുറവുണ്ടായിട്ടും, ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം പക്വത പ്രാപിക്കുകയാണ്. സ്ഥിരമായ മുന്നേറ്റങ്ങൾ, മേഖലാ ശക്തി, ഡിജിറ്റൽ പരിവർത്തനം എന്നിവയുടെ സംയോജനം ഇന്ത്യയെ ആഗോളതലത്തിൽ മത്സരക്ഷമത നിലനിർത്താൻ സഹായിക്കുന്നു.
ഏറ്റവും കൂടുതൽ ഫണ്ട് നേടിയ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമായി ഇന്ത്യ
