കാലിഫോര്‍ണിയ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് മുന്നേറ്റത്തിന് കളമൊരുങ്ങുന്ന സുപ്രധാന നീക്കവുമായി തമിഴ്‌നാട് സര്‍ക്കാര്‍. അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കാലിഫോര്‍ണിയയില്‍ ഗൂഗിള്‍ ആസ്ഥാനം സന്ദര്‍ശിച്ച് പദ്ധതി സംബന്ധിച്ച കരാര്‍ ഒപ്പിട്ടു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇരുകൂട്ടരും ചേര്‍ന്ന് 'തമിഴ്നാട് എഐ ലാബ്സ്' സ്ഥാപിക്കാന്‍ ധാരണയായി
യുഎസിലെ കമ്പനി ആസ്ഥാനത്ത് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നേരിട്ട് സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് കരാര്‍ ഒപ്പിട്ടത്. സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇടത്തരം ചെറുകിട വ്യവസായസ്ഥാപങ്ങള്‍ക്കും നേരിട്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി സര്‍ക്കാരും ഗൂഗിളും ഒരുമിച്ചുപ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. 20 ലക്ഷം തൊഴിലവസരങ്ങളാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്.
ഇവയ്ക്ക് പുറമെ തമിഴ്നാട്ടില്‍ നിലവിലുള്ള ഗൂഗിള്‍ ഉത്പന്നങ്ങളുടെ നിര്‍മാണം വിപുലീകരിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെയെങ്കില്‍ വ്യവസായ സാഹചര്യം മെച്ചപ്പെടാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടാനും സഹായകരമായേക്കും,
ഗൂഗിളിന് പുറമെ ആപ്പിള്‍, മൈക്രോസോഫ്റ്റ് എന്നീ കമ്പനികളുടെ പ്രസ്ഥാനങ്ങളും സ്റ്റാലിന്‍ സന്ദര്‍ശിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യവസായസ്ഥാപനങ്ങള്‍ തുടങ്ങാന്‍ നോക്കിയ, പേപാല്‍, ഇന്‍ഫിനിക്സ് എന്നിവരുമായും കരാറുണ്ട്
'തമിഴ്നാട് എഐ ലാബ്സ്' സ്ഥാപിക്കാന്‍ ഗൂഗിളുമായി ധാരണാപത്രം ഒപ്പുവെച്ചു