വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടപ്പാക്കിയ പുതിയ 10 ശതമാനം ആഗോള ഇറക്കുമതി തീരുവകൾ നിയമവിരുദ്ധമാണെന്ന് ഫെഡറൽ കോടതി വിധിച്ചു. ന്യൂയോർക്കിലെ കോർട്ട് ഓഫ് ഇന്റർനാഷണൽ ട്രേഡിലെ മൂന്ന് ജഡ്ജിമാർ അടങ്ങിയ ബെഞ്ച് 2-1 ഭൂരിപക്ഷത്തിലാണ് വിധി പ്രസ്താവിച്ചത്. ചെറുകിട വ്യാപാര സ്ഥാപനങ്ങൾ നൽകിയ ഹർജിയിലാണ് ട്രംപ് ഭരണകൂടത്തിന് തിരിച്ചടിയായ തീരുമാനം ഉണ്ടായത്.
പ്രസിഡന്റിന് കോൺഗ്രസ് അനുവദിച്ച അധികാരപരിധി ട്രംപ് ലംഘിച്ചുവെന്നാണ് കോടതി വിലയിരുത്തിയത്. 10 ശതമാനം തീരുവകൾ 'അസാധുവും അനുമതിയില്ലാത്തതുമാണ്' എന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞ വർഷം ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങൾക്കെതിരെയും ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ ഉയർന്ന തീരുവകൾ സുപ്രീം കോടതി നേരത്തെ റദ്ദാക്കിയിരുന്നു. തുടർന്ന് ഫെബ്രുവരിയിൽ ട്രേഡ് ആക്ട് 1974ലെ സെക്ഷൻ 122 പ്രകാരമാണ് താൽക്കാലികമായി പുതിയ 10 ശതമാനം തീരുവകൾ നടപ്പാക്കിയത്. ജൂലൈ 24ന് ഈ തീരുവകൾ കാലഹരണപ്പെടാനിരിക്കെയാണ് കോടതിയുടെ ഇടപെടൽ.
വാഷിംഗ്ടൺ സംസ്ഥാനം, മസാല കമ്പനി ബർലാപ്പ് ആൻഡ് ബാരൽ, കളിപ്പാട്ട നിർമാതാക്കളായ ബേസിക് ഫൺ എന്നീ മൂന്ന് ഹർജിക്കാർക്ക് മേൽ ഏർപ്പെടുത്തിയ തീരുവ പിരിവ് കോടതി നേരിട്ട് തടഞ്ഞു. മറ്റ് സ്ഥാപനങ്ങൾക്കും ഈ വിധി ബാധകമാണോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ലെന്നാണ് ഹർജിക്കാരുടെ അഭിഭാഷകർ വ്യക്തമാക്കുന്നത്.
'ഞങ്ങൾ പോരാടി വിജയിച്ചു. ഇത് വലിയ ആശ്വാസമാണ്,' എന്ന് ബേസിക് ഫൺ കമ്പനിയുടെ സിഇഒ ജേ ഫോർമാൻ പ്രതികരിച്ചു. തീരുവ പ്രാബല്യത്തിൽ വന്നതിനു ശേഷം ദിവസേന തീരുവ അടച്ചുവരികയായിരുന്നുെന്നും ഇതിനകം ഒരു ലക്ഷം ഡോളറിലധികം ചെലവായെന്നും അദ്ദേഹം പറഞ്ഞു.
വിധിക്കെതിരെ അമേരിക്കൻ ഭരണകൂടം അപ്പീൽ പോകുമെന്നാണു സൂചന. അങ്ങനെ സംഭവിച്ചാൽ കേസ് ആദ്യം വാഷിംഗ്ടണിലെ യു.എസ്. കോടതി ഓഫ് അപ്പീൽസിലേക്കും പിന്നീട് സുപ്രീം കോടതിയിലേക്കും പോകാനാണ് സാധ്യത.
അതേസമയം,പുതിയ വ്യാപാര നിയന്ത്രണങ്ങൾക്കുള്ള മറ്റു മാർഗങ്ങളും ട്രംപ് ഭരണകൂടം അന്വേഷിക്കുന്നുണ്ട്. ചൈന, യൂറോപ്യൻ യൂണിയൻ, ജപ്പാൻ ഉൾപ്പെടെ 16 വ്യാപാര പങ്കാളികളുടെ അമിത ഉൽപാദനം അമേരിക്കൻ വ്യവസായങ്ങളെ ബാധിക്കുന്നുണ്ടോയെന്ന് യു.എസ്. ട്രേഡ് റെപ്രസന്റേറ്റീവ് ഓഫീസ് പരിശോധിക്കുകയാണ്. കൂടാതെ, നിർബന്ധിത തൊഴിൽ അദ്ധ്വാനം ഉപയോഗിച്ച് നിർമ്മിച്ച ഉൽപ്പന്നങ്ങൾ തടയുന്നതിൽ 60 രാജ്യങ്ങൾ മതിയായ നടപടി സ്വീകരിക്കുന്നുണ്ടോ എന്നും അമേരിക്ക പരിശോധിക്കുന്നുണ്ട്.
ചെറുകിട വ്യാപാര സ്ഥാപനങ്ങൾക്കു വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കിയ തീരുവകൾക്കെതിരായ ഈ കോടതി വിധി ട്രംപ് ഭരണകൂടത്തിന്റെ വ്യാപാര നയങ്ങൾക്ക് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.
ട്രംപിന്റെ 10% ഇറക്കുമതി തീരുവ നിയമവിരുദ്ധമെന്ന് കോടതിയുടെ നിർണായക വിധി, ഇനി എന്ത്?
