ഇരയാക്കപ്പെട്ട വ്യക്തിയുടെ നീതിയ്ക്ക് കോട്ട കെട്ടി കരുത്തുപകരേണ്ട കോടതിയില്‍ നിന്നുമുള്ള ദുരനുഭവം പേടിപ്പെടുത്തുന്നത്: നടി ആക്രമണ കേസിലെ അതിജീവിത

ഇരയാക്കപ്പെട്ട വ്യക്തിയുടെ നീതിയ്ക്ക് കോട്ട കെട്ടി കരുത്തുപകരേണ്ട കോടതിയില്‍ നിന്നുമുള്ള ദുരനുഭവം പേടിപ്പെടുത്തുന്നത്: നടി ആക്രമണ കേസിലെ അതിജീവിത


കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയത് താനെന്ന വ്യക്തിയ്ക്ക് ഭരണഘടന അനുവദിച്ച അവകാശത്തിന്റെ പേടിപ്പെടുത്തുന്ന ലംഘനമാണെന്ന് അതിജീവിത.

കോടതിയില്‍ പോലും തന്റെ  സ്വകാര്യത സംരക്ഷിക്കപ്പെട്ടില്ലെന്നാണ് ഇത് സംബന്ധിച്ച് നടന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നതെന്നും ഒരു ഫേസ്ബുക്ക് കുറിപ്പില്‍  അതിജീവിത വ്യക്തമാക്കി.

ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തില്‍ അന്വേഷണം നടത്തിയത്. അസമയത്തടക്കം മെമ്മറി കാര്‍ഡ് പരിശോധിച്ചിട്ടുണ്ടെന്ന് ഹൈക്കോടതിക്ക് ബോധ്യപ്പെട്ടതിനാലാണ് ഇതില്‍ അന്വേഷണം ആവശ്യപ്പെട്ടത്.

അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതി നേരത്തേ അതിജീവിതയ്ക്ക് കൈമാറിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നടി
 പ്രതികരണവുമായി രംഗത്ത് വന്നിട്ടുള്ളത്. സ്വകാര്യത എന്നത് ഒരു വ്യക്തിയുടെ മൗലിക അവകാശമാണെന്നിരിക്കേ കോടതിയില്‍ ഇരുന്ന ദൃശ്യങ്ങള്‍ അടങ്ങി മെമ്മറികാര്‍ഡിന്റെ ഹാഷ്യ വാല്യൂ പലവട്ടം മാറിയതിലൂടെ നിഷേധിക്കപ്പെട്ടത് തന്റെ സ്വകാര്യതയാണെന്ന് നടി പറയുന്നു. സത്യസന്ധരായ ന്യായാധിപന്‍മാരുടെ കാലം അവസാനിച്ചിട്ടില്ലെന്ന വിശ്വാസ്യതയോടെ നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും നടി കൂട്ടിച്ചേര്‍ത്തു.

നടിയുടെ കുറിപ്പ്

'ഇത് നീതി യുക്തമല്ലാത്തതും ഞെട്ടിക്കുന്നതുമാണ്

എന്റെ കേസുമായി ബന്ധപ്പെട്ട മെമ്മറികാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ വിചാരണ കോടതി നടത്തിയ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം എനിക്ക് ലഭിക്കുകയുണ്ടായി,

സ്വകാര്യത എന്നത് ഒരു വ്യക്തിയുടെ മൗലിക അവകാശമാണെന്നിരിക്കേ കോടതിയില്‍ ഇരുന്ന ദൃശ്യങ്ങള്‍ അടങ്ങി മെമ്മറികാര്‍ഡിന്റെ ഹാഷ് വാല്യൂ പലവട്ടം മാറിയതിലൂടെ നിഷേധിക്കപ്പെട്ടത് ഞാനെന്ന വ്യക്തിയ്ക്ക് ഈ രാജ്യത്തെ ഭരണഘടന അനുവദിച്ച അവകാശമാണ്.

എന്റെ സ്വകാര്യതയ്ക്ക് ഈ കോടതിയില്‍ സുരക്ഷയില്ലെന്നത് ഭയമുളവാക്കുന്നു. ഇരയാക്കപ്പെട്ട വ്യക്തിയുടെ നീതിയ്ക്ക് കോട്ട കെട്ടി കരുത്തുപകരേണ്ട കോടതിയില്‍ നിന്നും ഇത്തരം ദുരാനുഭവം ഉണ്ടാകുമ്പോള്‍ തകരുന്നത് മുറിവേറ്റ മനുഷ്യരും അഹങ്കരിക്കുന്നത് മുറിവേല്‍പ്പിച്ച നീചരുമാണെന്നത് സങ്കടകരമാണ്.

എന്നിരുന്നാലും സത്യസന്ധരായ ന്യായാധിപന്‍മാരുടെ കാലം അവസാനിച്ചിട്ടില്ലെന്ന വിശ്വാസ്യതയോടെ നീതി ലഭിക്കുന്നതുവരെ എന്റെ പോരാട്ടം തുടരും. ഓരോ ഇന്ത്യന്‍ പൗരന്റെയും അവസാനത്തെ അത്താണിയായ നിതിന്യായ വ്യവസ്ഥിതിയുടെ വിശുദ്ധി തകരില്ലെന്ന പ്രത്യാശയോടെ എന്റെ യാത്ര തുടരുക തന്നെ ചെയ്യും. സത്യമേവ ജയതേ.