ഹാഷിറും ടീമും എത്തുന്നു; 'വാഴ 2' പ്രഖ്യാപിച്ചു

ഹാഷിറും ടീമും എത്തുന്നു; 'വാഴ 2' പ്രഖ്യാപിച്ചു


കൊച്ചി: തിയേറ്ററുകളില്‍ മികച്ച വിജയം നേടി മുന്നേറുന്ന 'വാഴ-ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്‌സ്' സിനിമയ്ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍. സോഷ്യല്‍ മീഡിയ താരങ്ങളായ ഹാഷിര്‍, അലന്‍, അജിന്‍ ജോയ്, വിനായക് കൂടാതെ മറ്റ് സോഷ്യല്‍ മീഡിയ താരങ്ങളും വാഴ 2വില്‍ അണിനിരക്കുന്നുണ്ട്.

'വാഴ 2, ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്' എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. ബയോപിക് ഓഫ് ബില്യണ്‍ ബോയ്സ് എന്നായിരുന്നു ആദ്യ ഭാഗത്തിന്റെ പേര്. വാഴ സിനിമയുടെ അവസാനത്തില്‍ തന്നെ ഹാഷിറും ടീമും നായകരാകുന്ന രണ്ടാം ഭാഗത്തിന്റെ സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴാണ് തിരക്കഥാകൃത്ത് വിപിന്‍ദാസ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്.

കണ്ടന്റ് ക്രിയേറ്റര്‍മാരായ ഹാഷിര്‍, അജിന്‍, വിനായകന്‍, അലന്‍ എന്നിവരടങ്ങുന്ന ടൈറ്റില്‍ പോസ്റ്ററും വിപിന്‍ദാസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. മറ്റ് നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ടാകുമെന്നും വിപിന്‍ദാസ് പറയുന്നു. 

നവാഗതനായ സവിന്‍ എ എസാണ് 'വാഴ 2' സംവിധാനം ചെയ്യുന്നത്. അഖില്‍ ലൈലാസുരനാണ് ക്യാമറ. സംഗീത സംവിധായകനെ നിശ്ചയിച്ചിട്ടില്ല. ഡബ്ല്യു ബി ടി എസ് പ്രൊഡക്ഷന്‍സ്, ഇമാജിന്‍ സിനിമാസ്, ഐക്കണ്‍ സ്റ്റുഡിയോസ്, സിഗ്‌നചര്‍ സ്റ്റുഡിയോസ് എന്നീ ബാനറില്‍ വിപിന്‍ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദര്‍ശ് നാരായണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഓഗസ്റ്റ് 15ന് തിയേറ്ററുകളിലെത്തിയ 'വാഴ' ഗംഭീര കളക്ഷനോടെ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. സോഷ്യല്‍ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോന്‍ ജ്യോതിര്‍, ഹാഷിര്‍, അലന്‍, വിനായക്, അജിന്‍ ജോയ്, അമിത് മോഹന്‍, അനുരാജ്, അന്‍ഷിദ് അനു, അശ്വിന്‍ വിജയന്‍ എന്നിവരുടെ കൂടെ ജഗദീഷ്, നോബി മാര്‍ക്കോസ്, കോട്ടയം നസീര്‍, അസീസ് നെടുമങ്ങാട്, അരുണ്‍ സോള്‍, രാജേശ്വരി, ശ്രുതി മണികണ്ഠന്‍, മീനാക്ഷി ഉണ്ണികൃഷ്ണന്‍, സിയാ വിന്‍സെന്റ്, സ്മിനു സിജോ, പ്രിയ ശ്രീജിത്ത്,  എന്നിവരും വാഴയില്‍ അഭിനയിച്ചിട്ടുണ്ട്.

ഒരു കൂട്ടം സുഹൃത്തുക്കളുടെ സ്‌കൂള്‍- കോളേജ് കാലഘട്ടങ്ങളും പിന്നീട് ജോലി തേടി അലയുന്ന സമയവുമടക്കം അവര്‍ നേരിടുന്ന വിവിധ പ്രതിസന്ധികളാണ് വാഴയുടെ ആദ്യ ഭാഗത്തിന്റെ പ്രമേയം. രണ്ടാം ഭാഗത്തില്‍ മുതിര്‍ന്ന യുവാക്കളുടെ ജീവിതമായേക്കാം പ്രമേയമാവുക എന്നാണ് സൂചനകള്‍. 'വാഴ' ഫ്രാന്‍ചൈസില്‍ തുടര്‍ സിനിമകള്‍ വരുമെന്ന ചര്‍ച്ചയും സോഷ്യല്‍ മാധ്യങ്ങളില്‍ നിറയുന്നുണ്ട്.