മാക്ട ലെജന്‍ഡ് ഓണര്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക് സമ്മാനിച്ചു

മാക്ട ലെജന്‍ഡ് ഓണര്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക് സമ്മാനിച്ചു


കൊച്ചി: മലയാളം സിനി ടെക്‌നീഷ്യന്‍ അസോസിയേഷന്‍ മാക്ടയുടെ ലെജന്‍ഡ് ഓണര്‍ പുരസ്‌കാരം ഗാനരചയിതാവും ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിക്ക് സംവിധായകന്‍ ജോഷി സമ്മാനിച്ചു. ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.

മാക്ടയുടെ മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ വച്ചായിരുന്നു പുരസ്‌കാരം സമ്മാനിച്ചത്. മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തി മൂന്ന് വര്‍ഷത്തിലൊരിക്കല്‍ മാക്ട നല്‍കിവരുന്ന ലെജന്‍ഡ് ഓണര്‍ പുരസ്‌കാരം എം ടി വാസുദേവന്‍ നായര്‍, നടന്‍ മധു, സംവിധായകന്‍ കെ എസ്

സേതുമാധവന്‍ എന്നിവര്‍ക്കാണ് മുന്‍ വര്‍ഷങ്ങളില്‍ നല്‍കിയത്.

രാവിലെ സംവിധായകന്‍ ജോഷി പതാക ഉയര്‍ത്തിയതോടെ മാക്ടയുടെ മുപ്പതാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ ചടങ്ങിന് ഭദ്രദീപം തെളിച്ചു. സംവിധായകന്‍ ജോഷി, നടന്‍ ലാല്‍, 

മാക്ട ചെയര്‍മാന്‍ മെക്കാര്‍ട്ടിന്‍, മാക്ട ജനറല്‍ സെക്രട്ടറി എം പത്മകുമാര്‍, ട്രഷറര്‍ കോളിന്‍സ് ലിയോ ഫില്‍, സംവിധായകന്‍ ജോസ് തോമസ്, ഭാഗ്യലക്ഷ്മി, അപര്‍ണ ബാലമുരളി എന്നിവര്‍ പങ്കെടുത്തു. 

ബി ഉണ്ണികൃഷ്ണന്റെ ആമുഖപ്രസംഗത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. സത്യന്‍ അന്തിക്കാട്, ലാല്‍  എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികളും ചലച്ചിത്ര ആസ്വാദകരുമായി ചേര്‍ന്ന് 'മാറുന്ന ചലച്ചിത്ര ആസ്വാദനം'എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സിമ്പോസിയത്തില്‍ തിരക്കഥാകൃത്തുക്കളായ സഞ്ജയ് ബോബി, വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിപിന്‍ ജോര്‍ജ്, സോഹന്‍ സീനുലാല്‍, ഫാദര്‍ അനില്‍ ഫിലിപ്പ്, സന്തോഷ് വര്‍മ്മ, ഭാഗ്യലക്ഷ്മി, അപര്‍ണ ബാലമുരളി, നടന്‍മാരായ കൈലാഷ്, രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. പ്രൊഫ. അജു കെ നാരായണന്‍ മോഡറേറ്റര്‍ ആയിരുന്നു. 

ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ മാക്ട കുടുംബ സംഗമം, അംഗങ്ങളുടെ കലാപരിപാടികള്‍, മത്സരങ്ങള്‍ എന്നിവ അരങ്ങേറി.  

വൈകിട്ട് ടൗണ്‍ഹാളിലെ പ്രധാന വേദിയില്‍ മാക്ട ലെജന്‍ഡ് ഓണര്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക് സമ്മാനിച്ചു. തുടര്‍ന്ന് മാക്ടയുടെ സ്ഥാപക അംഗങ്ങളായ ജോഷി, കലൂര്‍ ഡെന്നിസ്, എസ് എന്‍ സ്വാമി, ഷിബു ചക്രവര്‍ത്തി, ഗായത്രി അശോക്, രാജീവ് നാഥ്, പോള്‍ ബാബു, റാഫി, മെക്കാര്‍ട്ടിന്‍ എന്നിവരെ ആദരിച്ചു.

ഗായകന്‍ ഉണ്ണിമേനോന്‍, സുദീപ് കുമാര്‍, പ്രദീപ് സോമസുന്ദരം, ദേവാനന്ദ്, നിഖില്‍ കെ മേനോന്‍, അപര്‍ണ രാജീവ് തുടങ്ങി 20 ചലച്ചിത്ര പിന്നണി ഗായകര്‍ പങ്കെടുത്ത സംഗീതസന്ധ്യയില്‍ മലയാള സിനിമയിലെ ആദ്യകാലം മുതലുള്ള അമ്പതോളം ചലച്ചിത്ര ഗാനങ്ങള്‍ ആലപിച്ചു.

ചലച്ചിത്രതാരം സ്വാസിക, നടന്‍ മണിക്കുട്ടന്‍ എന്നിവരുടെ നൃത്തനൃത്യങ്ങള്‍, സ്റ്റാന്‍ഡ് അപ്പ് കോമഡി, മാക്ട അംഗങ്ങളുടെ കോമഡി സ്‌കിറ്റ് തുടങ്ങിയ കലാപരിപാടികള്‍ അവതരിപ്പിച്ചു. 

'മാക്ട ചരിത്രവഴികളിലൂടെ' എന്ന ഡോക്യുമെന്ററിയും ശ്രീകുമാരന്‍ തമ്പിയെക്കുറിച്ചുള്ള ലഘുചിത്രവും പ്രദര്‍ശിപ്പിച്ചു.

പ്രധാന വേദിയോട് ചേര്‍ന്ന് ചിത്രകാരനും ചലച്ചിത്ര സംവിധായകനുമായ എം എ വേണു, ചിത്രകാരനും പോസ്റ്റര്‍ ഡിസൈനറുമായ റഹ്മാന്‍, കലാസംവിധായകന്‍ അനീഷ് ബാബു എന്നിവരുടെ ലൈവ് പെയിന്റിംഗ് ഉണ്ടായിരുന്നു.