ബെംഗളുരു: ഗായകനും റാപ്പറുമായ ഹനുമാന്‍കൈന്‍ഡ് തന്റെ ഏറ്റവും പുതിയ ട്രാക്കായ 'ബിഗ് ഡോഗ്സി'ലൂടെ ആഗോള ഹിപ്-ഹോപില്‍ വിപ്ലവം സൃഷ്ടിക്കുകയാണ്. ദിനംപ്രതി ജീവിതം പണയപ്പെടുത്തുന്ന നായകന്മാര്‍ക്കായി സമര്‍പ്പിച്ച ഈ ഗാനം ജൂലൈ 10-നാണ് പോസ്റ്റ് ചെയ്തത്. മൂന്നാഴ്ച മുമ്പ് പ്രീമിയര്‍ ചെയ്ത മ്യൂസിക് വീഡിയോ ലോകമെമ്പാടും വൈറലായി മാറി. ഇന്റര്‍നെറ്റില്‍ കൊടുങ്കാറ്റായി മാറിയ വീഡിയോയ്ക്ക് ഇതിനോടകം 18 മില്യണ്‍ കാഴ്ചക്കാരുണ്ടായി.
സൂരജിന്റെ ട്രാക്ക് 'ബിഗ് ഡോഗ്‌സ് ' ആഗോള ചാര്‍ട്ടുകളില്‍ ഒന്നാമതെത്തുക മാത്രമല്ല, കെന്‍ഡ്രിക് ലാമറിന്റെ ഡിസ് ട്രാക്ക് നോട്ട് ലൈക്ക് അസ്സിനെ മറികടക്കുകയും ചെയ്തു.
'വെല്‍ ഓഫ് ഡെത്ത്' എന്നറിയപ്പെടുന്ന മരണക്കിണറിലെ കാറില്‍ സഞ്ചരിക്കുന്ന ഹനുമാന്‍കൈന്‍ഡിന്റെ ചിത്രവും വീഡിയോയും ഏറെ സ്വീകാര്യത നേടി. ഇതിനായി മരണക്കിണറിന്റെ സെറ്റ് ഇടുകയും അതിസാഹസികമായി അതിനുള്ളില്‍ നിന്നും കൂട്ടത്തിലുള്ളവര്‍ക്കൊപ്പം കാറിനുള്ളില്‍ യാത്ര ചെയ്തും റാപ്പ് സോങ് പാടുന്ന ഹനുമാന്‍കൈന്‍ഡിനെ കാണാം. ഇപ്പോഴിതാ, ആഗോള മ്യൂസിക്ക് വീഡിയോ റാങ്കിങ്ങില്‍ 43-ാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് ഈ വീഡിയോ. ഹനുമാന്‍കൈന്‍ഡ് എന്ന പേരില്‍ അറിയപ്പെടുന്ന സൂരജ് ചെറുകാട്ട് എപ്പോഴും തന്റെ വ്യത്യസ്തമായ ശൈലിയും മനോഹരമായ വരികളും കൊണ്ട് പ്രേക്ഷക ശ്രദ്ധനേടാറുണ്ട്. മ്യൂസിക് വീഡിയോ സംവിധാനം ചെയ്തത് ബിജോയ് ഷെട്ടിയാണ്.
'ഞാന്‍ ഇതുവരെ ചെയ്തിട്ടുള്ളതില്‍ വച്ച് ഏറ്റവും കഠിനമായ കാര്യങ്ങളില്‍ ഒന്നായിരുന്നു ഇത്. എല്ലാ ദിവസവും ഇത് ചെയ്യുന്ന പ്രകടനക്കാരാണ് യഥാര്‍ഥ അപകടത്തില്‍ത്തില്‍കൂടി കടന്നുപോകുന്നവര്‍. എത്ര അവിശ്വസനീയമായ ആളുകളാണവര്‍, ശരിക്കും പ്രചോദനം നല്‍കുന്നു.-മരണക്കിണറിലെ ഈ പ്രകടനത്തെക്കുറിച്ച് ഹനുമാന്‍കൈന്‍ഡിന്റെ വാക്കുകളാണിവ
യൂട്യൂബില്‍ 18 മില്യണ്‍ കാഴ്ചക്കാരെ സമ്മാനിച്ച മ്യൂസിക്കല്‍ വീഡിയോയ്ക്ക് പിന്നിലെ റാപ്പര്‍ താരം സൂരജ് ചെറുകാട്ട് മലപ്പുറം ജില്ലയിലാണ് ജനിച്ചത്. സൂരജിന്റെ അച്ഛന് ഒരു ഓയില്‍ കമ്പനിയിലായിരുന്നു ജോലി. അടിക്കടിയുള്ള സ്ഥലംമാറ്റങ്ങളാല്‍ കുടുംബം ഒരു രാജ്യത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറി. ഒടുവില്‍ ടെക്സാസിലെ ഹൂസ്റ്റണില്‍ സ്ഥിരതാമസമാക്കി. അവിടെ ഹൂസ്റ്റണ്‍ കമ്മ്യൂണിറ്റി കോളേജില്‍ ചേര്‍ന്നു. 2012-ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി കോയമ്പത്തൂരിലെ പി.എസ്.ജി കോളേജില്‍ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദം നേടി. 2014-ല്‍ ഗോള്‍ഡ്മാന്‍ സാച്ചില്‍ ഇന്റേണ്‍ഷിപ്പ് ചെയ്തു. 2017 മുതല്‍ ഒരു വര്‍ഷത്തിലേറെയായി കമ്പനിയില്‍ ഓപ്പറേഷന്‍സ് അനലിസ്റ്റായി ജോലി ചെയ്തു. പിന്നീട് അദ്ദേഹം കമ്പനി വിട്ട് ബിഗ്സിറ്റി പ്രമോഷനില്‍ അലയന്‍സ് & പാര്‍ട്ണര്‍ഷിപ്പ് സ്പെഷ്യലിസ്റ്റായി. ഈ അന്തര്‍ദേശീയ പശ്ചാത്തലം അദ്ദേഹത്തെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക, സംഗീത രംഗത്തേക്ക് വഴിതെളിച്ചു. വിവിധ സംസ്‌കാരങ്ങള്‍ കലാപരമായ ശൈലി രൂപപ്പെടുത്താന്‍ സഹായിച്ചു
സംഗീതം പോലെ വ്യത്യസ്തമായ ഒരു സംഗീത യാത്രയുണ്ട് സൂരജിന്. കേരളത്തില്‍ നിന്ന് കുട്ടിക്കാലത്ത് ടെക്സസിലേക്ക് താമസം മാറിയ അദ്ദേഹം പിന്നീട് ബെംഗളൂരുവിലേക്ക് മടങ്ങി. 2019-ല്‍ N-H7 വീക്കെന്‍ഡറില്‍ തന്റെ ആദ്യ കളരി റിലീസ് ചെയ്തുകൊണ്ടാണ് സൂരജ് ചെറുകാട്ട് തന്റെ സംഗീത ജീവിതം ആരംഭിക്കുന്നത്. കെന്‍ഡ്രിക്ക് ലാമര്‍, ജെ കോള്‍ തുടങ്ങിയ കലാകാരന്മാരായിരുന്നു സൂരജിന്റെ പ്രചോദനം. 2017-ലെ മൈക്ക് ഡ്രോപ്പ് ടൂര്‍ണമെന്റില്‍ വിജയിച്ചതിനുശേഷമാണ് ഹനുമാന്‍കൈന്‍ഡിന് കൂടുതല്‍ അംഗീകാരം കിട്ടിത്തുടങ്ങിയത്. ഗോ ടു സ്ലീപ്പ്,' 'റഷ് അവര്‍', 'സ്‌കൈലൈന്‍' എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഗാനങ്ങള്‍. 'പോപ്‌കോണ്‍ മങ്കി ടൈഗര്‍' എന്ന കന്നഡ സിനിമയുടെ ഇംഗ്ലീഷ് റാപ്പ് പതിപ്പിലെ 'മഹാദേവ' എന്ന ടൈറ്റില്‍ ട്രാക്ക് പാടിയതോടെ വീണ്ടും ശ്രദ്ധിക്കപ്പെട്ടു. 2016 മുതല്‍ ഇന്ത്യയിലുടനീളമുള്ള വിവിധ ഷോകളില്‍ സൂരജ് പ്രകടനം നടത്തുന്നുണ്ട്. 'ബിഗ് ഡോഗ്സ്' എന്ന മ്യൂസിക് വീഡിയോ പുറത്തിറക്കിയതോടെ ഇന്ത്യയിലും അന്തര്‍ദേശീയ തലത്തിലും അദ്ദേഹത്തിന് വ്യാപകമായ അംഗീകാരം കിട്ടി. കൂടാതെ, അന്താരാഷ്ട്ര കലാകാരനായ കെന്നി ബീറ്റ്സുമായും സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. സുഷിന്‍ ശ്യാമുമായി ചേര്‍ന്ന് ആവേശത്തിലെ അവസാനത്തെ ഡാന്‍സ് ട്രാക്ക് പാടി ഹനുമാന്‍കൈന്‍ഡ് മലയാളത്തിലും അരങ്ങേറ്റം കുറിച്ചു.
ട്രാക്ക് വിജയിച്ചിട്ടും, അമേരിക്കന്‍ റാപ്പര്‍ പ്രൊജക്റ്റ് പാറ്റിന്റെ 'നൈഫ് ടോക്കി'ന്റെ ഒഴുക്ക് പകര്‍ത്തിയെന്ന ആരോപണത്താല്‍ 'ബിഗ്ഡോഗ്സി'നെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഒരുപാട് പേരില്‍ നിന്നും വംശീയമായ നെഗറ്റീവ് കമന്റുകള്‍ വന്നു. ചിലര്‍ ഇന്ത്യക്കാര്‍ ഇംഗ്ലീഷ് സംസാരിക്കുന്നതില്‍ ആശ്ചര്യം പ്രകടിപ്പിച്ചും, മറ്റുചിലര്‍ കോള്‍ സെന്റര്‍ ജോലികളെക്കുറിച്ചും ജാതി വ്യവസ്ഥയെക്കുറിച്ചും അവഹേളനപരമായ പരാമര്‍ശങ്ങള്‍ നടത്തി. ഈ വെല്ലുവിളികള്‍ക്കിടയിലും, ഹനുമാന്‍കൈന്‍ഡിന് ആരാധകരില്‍ നിന്നും ഹിപ്-ഹോപിലെ പ്രധാന വ്യക്തികളില്‍ നിന്നും കാര്യമായ പിന്തുണ ലഭിച്ചു.
കെന്‍ഡ്രിക് ലാമറിനെ മറികടന്ന മലയാളി സൂരജ് ചെറുകാട്ട് റാപ് സംഗീതലോകത്ത് തരംഗമാകുന്നു