മാര്‍ച്ച് 13 ലോക കിഡ്‌നി ദിനം-'കിഡ്‌നികളെ കാത്തോളൂ!!

മാര്‍ച്ച് 13 ലോക കിഡ്‌നി ദിനം-'കിഡ്‌നികളെ കാത്തോളൂ!!


ഷിക്കാഗോ: ഭൂരിഭാഗം വൃക്ക രോഗബാധിതരും പറയുന്ന ഒരു കാര്യമാണ്  'ശത്രുക്കള്‍ക്ക് പോലും ഈ രോഗം ഉണ്ടാകരുതേ എന്ന്..'

ലോക കിഡ്‌നി ദിനമാണ് മാര്‍ച്ച് 13.  ഓരോ വര്‍ഷവും മാര്‍ച്ച് മാസത്തില്‍ ലോകമെമ്പാടും വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ച് കിഡ്‌നി സംരക്ഷണത്തിന്റെ ആവശ്യകത ഓര്‍മപ്പെടുത്തുന്നു. പക്ഷെ ഈ രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഇതിന് പ്രധാനകാരണം നമ്മുടെ തന്നെയുള്ള അവഗണനയും ശ്രദ്ധക്കുറവുമാണ്.

 രോഗലക്ഷണങ്ങളെ ആരംഭത്തിലെ തന്നെ തിരിച്ചറിഞ്ഞ് കണ്ടെത്തി പ്രാരംഭ ചികിത്സയിലൂടെയും ജീവിതശൈലിയില്‍ മാറ്റംവരുത്തിയും തുടക്കത്തിലേ പ്രതിരോധിക്കുകയും ചെയ്യുക എന്നതാണ്  സൈലന്റ് കില്ലര്‍ എന്ന് അറിയപ്പെടുന്ന സ്ഥായിയായ വൃക്ക രോഗത്തെ പൂര്‍ണമായും അതിജീവിക്കാനുള്ള ഏക പരിഹാരം മാര്‍ഗ്ഗം.

ഈ സന്ദേശം ജനങ്ങളില്‍ എത്തിക്കുവാന്‍ കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന കോര്‍ഡിനേറ്ററും ഷിക്കാഗോ നാഷണല്‍ കിഡ്‌നി ഫെഡറേഷന്‍ എക്‌സിക്യൂട്ടീവ് അംഗവുമായ ഷിബു പീറ്റര്‍ വെട്ടുകല്ലേലിന്റെ നേതൃത്വത്തില്‍ നാട്ടിലും ഷിക്കാഗോ മലയാളി സമൂഹത്തിലും വിവിധ പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നു. ഫൗണ്ടേഷന്റെ കിഡ്‌നി മൊബൈല്‍ സംവിധാനം പ്രയോജനപ്പെടുത്തിയാണ് പരിപാടികള്‍ നടത്തുന്നത്. ഷിക്കാഗോയില്‍ സ്ഥിരതാമസമാക്കിയ ഷിബു പീറ്റര്‍ പാലാ സ്വദേശിയാണ്

എന്തൊക്കെയാണ് പ്രധാന കാരണങ്ങള്‍?

1.നിയന്ത്രണാതീതമായ പ്രമേഹരോഗവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും

2. നിരന്തരമായ വൃക്കസംബന്ധമായ അണുബാധകളും മറ്റു മൂത്രാശയ രോഗങ്ങളും

4. അതിക്രമമായ വേദനസംഹാരികളുടെയും അനാവശ്യ മരുന്നുകളുടെയും നിരന്തര ഉപയോഗം

5. അമിതമായ ഉപ്പും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങള്‍, പ്രോസസ്സ്ഡ് ആഹാരങ്ങള്‍ തുടങ്ങിയവയുടെ നിരന്തര ഉപയോഗം.

  ലക്ഷണങ്ങള്‍ എന്തൊക്കെ?

1.മൂത്രത്തില്‍ എണ്ണമയവും കൊഴുപ്പും കലര്‍ന്ന രീതിയില്‍ പതഞ്ഞു പൊങ്ങുക, അളവില്‍ കുറയുക, മൂത്രത്തില്‍ രക്തമയം കാണുക, ആവര്‍ത്തിച്ചു കുറഞ്ഞ അളവില്‍ മൂത്രമൊഴിക്കുക, മൂത്ര മൊഴിക്കുമ്പോള്‍ തടസ്സവും വേദനയും പുകച്ചിലും അനുഭവപ്പെടുക.

2. കണ്ണിനു ചുറ്റും തടിപ്പ്, മുഖത്തും കൈകാലിലും, ദേഹത്തും നീര്, തുടര്‍ച്ചയായി ശരീര വേദന, തളര്‍ച്ച, ക്ഷീണം, ചര്‍ദ്ദി, വിശപ്പില്ലായ്മ, കിതപ്പ്, ശ്വാസംമുട്ടല്‍, നടുവ് വേദന, ബോധക്ഷയം, കാഴ്ച മങ്ങല്‍, എല്ലിന് ബലക്ഷയം.

ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ നിരന്തരമായി കാണപ്പെട്ടാല്‍ ഇവയെല്ലാം ശ്രദ്ധിക്കാതെ രോഗം മൂര്‍ച്ഛിച്ചു അഞ്ചാംഘട്ട കിഡ്‌നി രോഗത്തിന് അടിമപ്പെട്ടാല്‍ ചികില്‍സിച്ചു ഭേദമാക്കാന്‍ സാധിക്കുകയില്ല, പിന്നെയുള്ള ഏകാശ്രയം മുടങ്ങാതെയുള്ള ഡയലിസിസ് അല്ലെങ്കില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മാത്രമാണ് എന്ന സത്യം നാം മറന്നുപോകരുത്‌