ന്യൂഡല്‍ഹി: ലോകത്തിലെ എല്ലാ രാജ്യങ്ങളുടേയും കപ്പലുകളിലേക്ക് നാവികരെ സംഭാവന ചെയ്യുന്നതില്‍ ഇന്ത്യയ്ക്ക് വലിയ പങ്കുണ്ടെന്ന് കണക്കുകള്‍. പല കപ്പലുകളിലും പൂര്‍ണ്ണമായോ ഭാഗികമായോ ഇന്ത്യന്‍ ജീവനക്കാരുണ്ടാകുന്നത് യാദൃശ്ചികമല്ല.
എന്നാല്‍ ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഉയര്‍ന്ന വൈദഗ്ധ്യവും കുറഞ്ഞ ചെലവും കാരണം വിപണിയില്‍ ആധിപത്യം പുലര്‍ത്തുന്നുണ്ട്.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗിന്റെ ഏറ്റവും പുതിയ ലഭ്യമായ കണക്കുകള്‍ പ്രകാരം ആഗോള നാവികരുടെ 9.35 ശതമാനവും ലോക സമുദ്ര വ്യവസായത്തിന് നല്‍കുന്നത് ഇന്ത്യയാണ്. സര്‍ക്കാരിന്റെ 'മാരിടൈം ഇന്ത്യ വിഷന്‍ 2030' പ്രകാരം 2021-ല്‍ ഇത് 10-12 ശതമാനമായിരുന്നു.
2013 മുതല്‍ 2017 വരെയുള്ള വര്‍ഷങ്ങളില്‍ ഇന്ത്യന്‍ നാവികര്‍ക്ക് 42.3 ശതമാനം കപ്പല്‍ ജോലികളില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയുണ്ടായി. ലോകമെമ്പാടുമുള്ള കപ്പലുകളില്‍ ജോലി ചെയ്യുന്ന നാവികര്‍ 2013-ല്‍ 1,08,446 ആയിരുന്നത് 2017-ല്‍ 1,54,349 ആയി വര്‍ധിച്ചതായി ലഭ്യമായ കണക്കുകള്‍ പറയുന്നു. ഈ സംഖ്യ ഇപ്പോള്‍ വര്‍ധിച്ചിട്ടുണ്ടാകും.
ബാള്‍ട്ടിമോര്‍ പാലം തകര്‍ച്ച: നാവികരെ നല്‍കുന്ന മുന്‍നിര രാജ്യങ്ങളിലൊന്ന് ഇന്ത്യ; ഏകദേശം 12% നാവികരെ നല്‍കുന്നു
ബാള്‍ട്ടിമോര്‍ പാലം തകരാന്‍ കാരണമായ ഡാലി കപ്പലിലെ ജീവനക്കാരില്‍ ഒരാളൊഴികെ മുഴുവന്‍ പേരും ഇന്ത്യക്കാരായിരുന്നു. സൊമാലിയന്‍ തീരത്ത് നിന്ന് റാഞ്ചിയ എംവി ലീല നോര്‍ഫോക്ക് എന്ന ചരക്ക് കപ്പലില്‍ 15 ഇന്ത്യന്‍ ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതേ തുടര്‍ന്ന് ക്രൂവിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യന്‍ നാവികസേന ഐഎന്‍എസ് ചെന്നൈയെ വിന്യസിച്ചിരുന്നു.
ഒമാന്‍ ഉള്‍ക്കടലില്‍ പിടികൂടിയ 'അഡ്വാന്റേജ് സ്വീറ്റ്' എന്ന കപ്പലിലെ 23 ഇന്ത്യന്‍ നാവികരെയാണ് ഇറാനില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചയച്ചത്.
സമീപകാലത്തെ ഏറ്റവും വലിയ ഷിപ്പിംഗ് പ്രതിസന്ധികളിലൊന്നായ എവര്‍ ഗിവണിലും 25 ഇന്ത്യന്‍ പൗരന്മാരാണ് ക്രൂവായി ഉണ്ടായിരുന്നത്. സൂയസ് കനാലിന്റെ ഒറ്റവരി പാതയുടെ തീരത്ത് ഇടിച്ച് ആറ് ദിവസത്തേക്ക് പാത തടസ്സപ്പെടുകയും മറ്റു കപ്പലുകള്‍ക്ക് ബദല്‍ മാര്‍ഗ്ഗം സ്വീകരിക്കാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്ത പ്രതിസന്ധിയായിരുന്നു എവര്‍ ഗിവണ്‍.
നാവികരെ പ്രോത്സാഹിപ്പിക്കുന്ന ക്ഷേമ നടപടികളാണ് ഇന്ത്യന്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്. കേന്ദ്ര ഷിപ്പിംഗ് മന്ത്രിയുടെ നേതൃത്വത്തിലുള്ള ഒരു സമിതി സര്‍ക്കാര്‍ കപ്പല്‍ ഉടമകളും നാവികരും ഉള്‍പ്പെടെ വിവിധ പങ്കാളികളുടെ പ്രതിനിധികള്‍ക്കൊപ്പം നാവികരുടെ ക്ഷേമ പ്രശ്‌നങ്ങള്‍ തീരുമാനിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളും ട്രസ്റ്റുകളും സ്വകാര്യ ട്രസ്റ്റുകളും ചേര്‍ന്നാണ് ക്ഷേമ നടപടികള്‍ നടത്തുന്നത്.
അതത് ഷിപ്പിംഗ് കമ്പനികളില്‍ നിന്ന് നാവികരുടെ പ്രൊവിഡന്റ് ഫണ്ട് ശേഖരിക്കുന്നതിനും ഫണ്ട് കൈകാര്യം ചെയ്യുന്നതിനും എസ് പി എഫ് നിയമങ്ങള്‍ക്കുള്ളില്‍ അതത് നാവികര്‍ക്ക് വിതരണം ചെയ്യുന്നതിനുമുള്ള ഉത്തരവാദിത്തം സീമെന്‍സ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനാണ്.
നാവികര്‍ക്ക് ക്ഷേമ സൗകര്യങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നാവികരുടെ ക്ഷേമനിധി സൊസൈറ്റി രൂപീകരിച്ചത്.
2021-ല്‍ രൂപീകരിച്ച ഇന്ത്യയുടെ 'മാരിടൈം വിഷന്‍ 2030' അനുസരിച്ച് നാവികരെ പരിശീലിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി സ്ഥാപനങ്ങള്‍ രൂപീകരിക്കാനും കാലികമായ പരിപാടികള്‍ വികസിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്.
പദ്ധതി പ്രകാരം, മാരിടൈം നോളജ് ക്ലസ്റ്ററുകളും ഇന്നൊവേഷന്‍ ലാബുകളും സ്ഥാപിക്കുന്നതിലൂടെ ഗവേഷണവും നവീകരണവും പ്രോത്സാഹിപ്പിക്കുക, സമുദ്ര വിദ്യാഭ്യാസവും പരിശീലനവും ശക്തിപ്പെടുത്തുക, ക്ഷേമം, പരാതികള്‍ പരിഹരിക്കല്‍, തുറമുഖ നേതൃത്വത്തിലുള്ള കഴിവ് വികസനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നാവികര്‍ക്ക് ശക്തമായ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുക എന്നിവയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
പൊതു പ്രവേശന പരീക്ഷയിലൂടെ പ്രവേശന പ്രക്രിയ നവീകരിക്കുകയും കാര്യക്ഷമമാക്കുകയും ചെയ്യുക, ഉയര്‍ന്ന തലത്തിലുള്ള സ്‌കൂളുകളുമായി അക്കാദമിക് പങ്കാളിത്തം വര്‍ധിപ്പിക്കുക, ഓണ്‍ബോര്‍ഡ് പരിശീലന സ്ലോട്ടുകള്‍ വര്‍ധിപ്പിച്ച് ഇന്ത്യന്‍ നാവികര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ മെച്ചപ്പെടുത്തുക എന്നിവയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.