ഷിംല: ഹിമാചൽപ്രദേശിലുണ്ടായ മേഘവിസ്‌ഫോടനത്തിൽ 32 പേരെ കാണാതായി. ഷിംല ജില്ലയിലെ സാമേജ് ഖാദിൽ ജലവൈദ്യുതി പദ്ധതിക്ക് സമീപമാണ് മേഘവിസ്‌ഫോടനമുണ്ടായത്. കുളുവുമായി അതിർത്തി പങ്കിടുന്ന പ്രദേശത്താണ് സംഭവം. സർക്കാർ സ്‌കൂൾ ഉൾപ്പടെ നിരവധി കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്.
മേഘവിസ്‌ഫോടനത്തെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നുവെനന് ജില്ലാ ദുരന്തനിവാരണ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. ആദ്യം പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം 19 പേരെയാണ് കാണാതായിരിക്കുന്നത്. എന്നാൽ, കുളുവിലും ആളുകളെ കാണാതായിട്ടുണ്ട്. ഏകദേശം 32 പേരെയെങ്കിലും കാണാതായിട്ടുണ്ടെന്നാണ് നിഗനമനം. മേഘവിസ്‌ഫോടനത്തെ തുടർന്ന് റോഡുകൾ ഉൾപ്പടെ തകർന്നതിനാൽ വിവരം പുറത്തറിയാൻ വൈകിയിരുന്നു.
ദേശീയ ദുരന്തനിവാരണസേന, പൊലീസ്, പ്രാദേശിക രക്ഷാപ്രവർത്തകർ എന്നിവരെ അപകടസ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമീഷണർ അനുപം കശ്യപ് പറഞ്ഞു. അനുപം കശ്യപ്, എസ്.പി സഞ്ജീവ് ഗാന്ധി, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് നിഷാന്ത് തോമർ എന്നിവർ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്.
ഇന്തോടിബറ്റൻ ബോർഡർ ഫോഴ്‌സും അവരുടെ സ്‌പെഷ്യൽ ഹോം ഗാർഡുകളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കാനായി എത്തിയിട്ടുണ്ട്. അഡീഷൽ കമീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്.
ഹിമാചൽപ്രദേശിലുണ്ടായ മേഘവിസ്‌ഫോടനത്തിൽ 32 പേരെ കാണാതായി
