15 ദിവസത്തിനകം ലഭിച്ചത് 410 വ്യാജ ബോംബ് ഭീഷണികള്‍

15 ദിവസത്തിനകം ലഭിച്ചത് 410 വ്യാജ ബോംബ് ഭീഷണികള്‍


ന്യൂഡല്‍ഹി: അര മാസത്തിനിടയില്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് ലഭിച്ച വ്യാജ ബോംബ് ഭീഷണികളുടെ എണ്ണം 410. ആഭ്യന്തര, അന്തര്‍ദേശീയ വിമാന സര്‍വീസുകള്‍ക്കെല്ലാം സാമൂഹ്യ മാധ്യമങ്ങള്‍ വഴി വ്യാജ ബോംബ് ഭീഷണികള്‍ ലഭിച്ചിട്ടുണ്ട്. 

ഒക്ടോബര്‍ 28ന് മാത്രം 60ലേറെ വ്യാജ ബോംബ് ഭീഷണികളാണ് വിമാനക്കമ്പനികള്‍ക്ക് ലഭിച്ചത്. 

എയര്‍ ഇന്ത്യയുടെയും ഇന്‍ഡിഗോയുടെയും 21 വിമാനങ്ങള്‍ക്കും വിസ്താരയുടെ 20 വിമാനങ്ങള്‍ക്കും ഒക്ടോബര്‍ 28ന് ഭീഷണി സന്ദേശം ലഭിച്ചതായി സ്രോതസ്സുകള്‍ വ്യക്തമാക്കുന്നു. 

ഭീഷണി സന്ദേശം ലഭിച്ചാല്‍ പ്രോട്ടോക്കോളുകള്‍ പിന്തുടര്‍ന്ന് ബന്ധപ്പെട്ട അധികാരികള്‍ക്ക് ഉടന്‍ മുന്നറിയിപ്പ് നല്‍കി റെഗുലേറ്ററി അധികാരികളുടെ മാര്‍ഗനിര്‍ദേശപ്രകാരം എല്ലാ സുരക്ഷാ നടപടിക്രമങ്ങളും കര്‍ശനമായി പാലിക്കണമെന്നാണ് നിയമം. 

വിമാനക്കമ്പനികള്‍ക്ക് വ്യാജ ബോംബ് ഭീഷണികള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ ഐടി മന്ത്രാലയം നിര്‍ദ്ദേശിച്ചിരിക്കുന്ന കര്‍ശനമായ സമയപരിധിക്കുള്ളില്‍ തെറ്റായ വിവരങ്ങള്‍ ഉടന്‍ നീക്കം ചെയ്യുകയോ പ്രവര്‍ത്തനരഹിതമാക്കുകയോ ചെയ്യാനും ജാഗ്രതാ ബാധ്യതകള്‍ പാലിക്കാനും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെട്ടു.

വിമാനക്കമ്പനികള്‍ക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണി നേരിടാന്‍ നിയമനിര്‍മ്മാണ നടപടികള്‍ സ്വീകരിക്കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ശ്രമം നടത്തുകയാണ്. 

വ്യാജ ബോംബ് ഭീഷണി മുഴക്കുന്നവരെ കണ്ടെത്തിയാല്‍ വിമാന യാത്ര നിരോധന നടപടികള്‍ കേന്ദ്രം ആലോചിക്കുകയാണെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി കെ രാംമോഹന്‍ നായിഡു പറഞ്ഞു.