ന്യൂഡല്‍ഹി: ആക്‌സിയം-4 ദൗത്യം ആരംഭിച്ചതിനു പിന്നാലെ ബഹിരാകാശത്ത് നിന്ന് ശുഭാംശു ശുക്ല ആദ്യ സന്ദേശം അയച്ചു. പേടകം ബഹിരാകാശത്ത് എത്തിയതിനു പിന്നാലെയാണ് ഹിന്ദിയില്‍ ശുഭാംശു സന്ദേശം നല്‍കിയത്.
നമസ്‌കാരം, എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, 41 വര്‍ഷത്തിനു ശേഷം നാം വീണ്ടും ബഹിരാകാശത്തെത്തി. ഇതു വളരെ മഹത്തായ യാത്രയാണ്. സെക്കന്‍ഡില്‍ ഏഴര കിലോമീറ്റര്‍ വേഗത്തില്‍ ഭൂമിയെ ചുറ്റുകയാണ് ഞങ്ങള്‍.
ചുമലിലെ ത്രിവര്‍ണ പതാക ഞാന്‍ ഒറ്റയ്ക്കല്ല നിങ്ങള്‍ക്കെല്ലാവര്‍ക്കുമൊപ്പമാണെന്ന് എന്നോട് പറയുന്നുണ്ട്. ഈ യാത്രയില്‍ എന്നോടൊപ്പം നിങ്ങളോരോരുത്തരും പങ്കാളികളാവണമെന്നാണ് എന്റെ ആഗ്രഹം. നമുക്കൊരുമിച്ച് മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കാനുള്ള പദ്ധതിയുടെ ഭാഗമാകാം. ജയ് ഹിന്ദ്, ജയ് ഭാരത്- എന്ന സന്ദേശമാണ് ശുഭാംശു ശുക്ല അയച്ചത്.
ദൗത്യത്തിന്റെ ഭാഗമായി നാല് യാത്രികര്‍ ചേര്‍ന്ന് 14 ദിവസം കൊണ്ട് 60 പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കും.