ന്യൂഡൽഹി: രാജ്യം നടുങ്ങിയ എയർ ഇന്ത്യ 171 വിമാനാപകടം പൈലറ്റ് ബോധപൂർവമുണ്ടാക്കിയതാണോ എന്ന സംശയവുമായി വ്യോമ മേഖലയിലെ സുരക്ഷാ വിദഗ്ധൻ ക്യാപ്റ്റൻ മോഹൻ രംഗനാഥൻ. കോക്പിറ്റിൽ നിന്നുണ്ടായ ബോധപൂർവമുള്ള പ്രവൃത്തി ചിലപ്പോൾ ആത്മഹത്യവരെയാകാമെന്നാണ് ഫ്യൂവൽ സ്വിച്ചിന്റെ ഓഫ്, ഓൺ രീതികൾ വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പ്രമുഖ ചാനലിനോട് പറഞ്ഞു.
ഫ്യൂവൽ സ്വിച്ച് ഓഫാക്കൽ കൈകൊണ്ട്, മാന്വൽ ആയി ചെയ്യണം. ഒരു സ്ലോട്ടിൽ കൃത്യമായി നിൽക്കുന്ന തരത്തിലാണ് സ്വിച്ചുകളുടെ രൂപകൽപന. ഉന്തുകയോ വലിക്കുകയോ ചെയ്താൽ മാത്രമേ നിലയിൽ മാറ്റമുണ്ടാകൂ. അതിനാൽ വെറുതെ ഓഫ് നിലയിലേക്ക് സ്വിച്ച് മാറുന്ന കാര്യം ഉദിക്കുന്നില്ല. ക്യാപ്റ്റൻ ചില ആരോഗ്യ പ്രശ്‌നങ്ങൾക്ക് ചികിത്സ തേടിയതായി കേട്ടിരുന്നുരംഗനാഥൻ തുടർന്നു.
കോക്പിറ്റ് വോയ്‌സ് റെക്കോഡറിൽനിന്നുള്ള സന്ദേശ പ്രകാരം പൈലറ്റുമാരുടെ സംഭാഷണത്തിൽ ചില പ്രശ്‌നങ്ങളുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. ചില കാര്യങ്ങൾ റിപ്പോർട്ടിൽ ഒളിച്ചുവെക്കുകയാണെന്നും രംഗനാഥൻ കൂട്ടിച്ചേർത്തു.
എയർ ഇന്ത്യ വിമാന അപകടം: പൈലറ്റ് ആത്മഹത്യ ചെയ്തതാകാമെന്ന് സുരക്ഷാ വിദഗ്ദ്ധൻ
