ന്യൂഡല്‍ഹി: ബോയിംഗ് വിമാനങ്ങളിലെ സിച്ചുകളുടെ അശ്രദ്ധമായ ചലനം തടയുന്ന ഇന്ധന സ്വിച്ച് ലോക്കിംഗ് സംവിധാനത്തിലെ സാധ്യതയുള്ള പ്രശ്‌നങ്ങളെക്കുറിച്ച് 2018ല്‍ യുഎസ് എഫ്എഎ ബുള്ളറ്റിന്‍ പുറത്തിറക്കിരുന്നുവെന്ന് റിപ്പോര്‍ട്ട്.
ജൂണ്‍ 12ന് അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ദുരന്തത്തിനു കാരണമായെന്ന് കരുതുന്ന ഒരു പ്രധാന ഘടകമായ ഇന്ധന നിയന്ത്രണ സ്വിച്ചുകളെ, ഏഴ് വര്‍ഷം മുമ്പ് ബോയിംഗ് വിമാനങ്ങളില്‍ യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) ഒരു സാധ്യതയുള്ള പ്രശ്‌നമായി റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
എന്നാല്‍ യുഎസ് ഏജന്‍സി നിര്‍ദ്ദേശിച്ച പരിശോധനകള്‍ നിര്‍ബന്ധിതമല്ലാത്തതിനാല്‍ നടത്തിയിട്ടില്ലെന്നാണ് എയര്‍ ഇന്ത്യ അന്വേഷണ സംഘത്തോട് പറഞ്ഞത്.
ശനിയാഴ്ച പുറത്തുവന്ന പ്രാഥമിക റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പ്രകാരം, പ്രത്യേക വിമാനമായ വിടിഎഎന്‍ബിക്ക് 2023 മുതല്‍ ക്ലീന്‍ മെയിന്റനന്‍സ് റെക്കോര്‍ഡ് ഉണ്ടായിരുന്നു. സാധാരണ നിലയില്‍ ആവശ്യമായ എല്ലാ പരിശോധനകളും നിലവില്‍ നടത്തുകയും ചെയ്തിരുന്നു. കൂടാതെ വിമാനത്തിന് സാധുവായ വായുയോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ബോയിംഗ് വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ച് ലോക്കിംഗ് സംവിധാനങ്ങളിലെ സാധ്യമായ പ്രശ്‌നങ്ങളെക്കുറിച്ചുള്ള സ്‌പെഷ്യല്‍ എയര്‍വര്‍ത്തിനസ് ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ (SAIB), NM-1833, 2018ല്‍ ആണ് യുഎസ് എഫ്എഎ പുറത്തിറക്കിയത്.
ചില ബോയിംഗ് 737 വിമാനങ്ങളില്‍ ലോക്കിംഗ് സവിശേഷതകള്‍ വിച്ഛേദിച്ചുകൊണ്ട് ഈ സ്വിച്ചുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ശേഷമാണ് ബുള്ളറ്റിന്‍ വന്നത്.
സ്വിച്ചുകളുടെ അശ്രദ്ധമായോ തെറ്റായോ ഉള്ള ചലനം തടയുന്നതിനാണ് ഈ ലോക്കിംഗ് സവിശേഷതകള്‍ ഉള്ളത്. ലോക്ക് വിച്ഛേദിക്കുമ്പോള്‍, വൈബ്രേഷന്‍, അശ്രദ്ധമായ സ്പര്‍ശനം അല്ലെങ്കില്‍ മറ്റ് ഘടകങ്ങള്‍ എന്നിവയാല്‍ പോലും സ്വിച്ചുകള്‍ക്ക് സ്ഥാനചലനം സംഭവിക്കാന്‍ സാധ്യതയുണ്ട്.
എഫ്എഎയും നിര്‍ബന്ധിത നിര്‍ദ്ദേശം പുറപ്പെടുവിക്കാന്‍ തക്ക ഗൗരവം ബുള്ളറ്റിന് നല്‍കിയില്ല. പക്ഷേ ബുള്ളറ്റിന്‍ ഒരു ഉപദേശമായി പരിഗണിച്ച് ആവശ്യമായ പരിശോധനകള്‍ നടത്തണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു.
എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് AI171 അപകടത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണത്തില്‍, വിമാനം വിമാനത്താവളത്തിന് സമീപം തകരുന്നതിന് ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പ്, ഒരു പൈലറ്റ് മറ്റേയാളോട് എഞ്ചിനുകളിലേക്കുള്ള ഇന്ധനം വിച്ഛേദിച്ചത് എന്തുകൊണ്ടാണെന്ന് ചോദിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. പക്ഷേ മറ്റേ പൈലറ്റ് താന്‍ സ്വിച്ച് ഓഫ് ചെയ്തില്ല എന്നു പറഞ്ഞ് നിഷേധിക്കുകയും ചെയ്തു. ഇന്ധനം വിച്ഛേദിക്കപ്പെട്ടോ എന്നും അങ്ങനെ സംഭവിച്ചെങ്കില്‍ അത് മനുഷ്യ സമ്പര്‍ക്കം കൊണ്ടാണോ അതോ മെക്കാനിക്കല്‍ അല്ലെങ്കില്‍ സിസ്റ്റം തകരാറുകൊണ്ടാണോ എന്ന് അന്വേഷിക്കേണ്ടതുണ്ട്.
2019 ലും 2023 ലും എയര്‍ലൈന്‍ ഈ വിമാനത്തിന്റെ ത്രോട്ടില്‍ കണ്‍ട്രോള്‍ മൊഡ്യൂള്‍ രണ്ടുതവണ മാറ്റിസ്ഥാപിച്ചിരുന്നു. എന്നാല്‍ ഈ മാറ്റിസ്ഥാപനങ്ങള്‍ ഇന്ധന സ്വിച്ചുകളുമായി ബന്ധപ്പെട്ടതല്ല.
സിവില്‍ വ്യോമയാന മന്ത്രിയും വ്യക്തമാക്കിയതുപോലെ, ഇത് ഒരു പ്രാഥമിക റിപ്പോര്‍ട്ടാണെന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുമ്പോള്‍ അതിന്റെ കണ്ടെത്തലുകള്‍ മാറിയേക്കാമെന്നതും ശ്രദ്ധേയമാണ്.
ബോയിംഗ് വിമാനത്തിലെ ഇന്ധന സ്വിച്ച് പ്രശ്‌നങ്ങള്‍ 2018ല്‍ യുഎസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു
