വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷപ്പെട്ടവരുടെ ആയിരക്കണക്കിന് സഹായ അഭ്യര്‍ത്ഥനകളോട് ഫീമ പ്രതികരിച്ചില്ലെന്ന് രേഖകള്‍

വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷപ്പെട്ടവരുടെ ആയിരക്കണക്കിന് സഹായ അഭ്യര്‍ത്ഥനകളോട് ഫീമ പ്രതികരിച്ചില്ലെന്ന് രേഖകള്‍


വാഷിംഗ്ടണ്‍: സെന്‍ട്രല്‍ ടെക്‌സസില്‍ മാരകമായ വെള്ളപ്പൊക്കം ഉണ്ടായി രണ്ടുദിവസം കഴിഞ്ഞപ്പോള്‍ സഹായം അഭ്യര്‍ത്ഥിച്ച് ആയിരക്കണക്കിന് പേര്‍ വിളിച്ചിട്ടും, ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി (ഫീമ) അതിന്റെ ദുരന്ത സഹായ ലൈനിലേക്കുള്ള മൂന്നില്‍ രണ്ട് കോളുകള്‍ക്കും മറുപടി നല്‍കിയില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് അവലോകനം ചെയ്ത രേഖകള്‍ പറയുന്നു.

ഏജന്‍സി കോള്‍ സെന്ററുകളിലെ നൂറുകണക്കിന് കരാറുകാരെ പിരിച്ചുവിട്ടതിനാലാണ് പ്രതികരണശേഷിക്കുറവ് സംഭവിച്ചതെന്ന് ആഭ്യന്തര കാര്യങ്ങളെക്കുറിച്ചറിയാവുന്ന ഒരാള്‍ പേരു വെളിപ്പെടുത്താതെ പറഞ്ഞു.

ജൂലൈ 5 ന് കരാറുകാരുടെ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് ഏജന്‍സി അവരെ പിരിച്ചുവിട്ടതായി രേഖകളും ഈ വിഷയത്തില്‍ വിശദീകരിച്ച വ്യക്തിയും പറയുന്നു. 100,000 ഡോളറില്‍ കൂടുതലുള്ള ചെലവുകള്‍ വ്യക്തിപരമായി അംഗീകരിക്കണമെന്ന് പുതിയ നിബന്ധന ഏര്‍പ്പെടുത്തിയ ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം, കരാറുകള്‍ അവസാനിച്ചതിന് അഞ്ച് ദിവസത്തിന് ശേഷം വ്യാഴാഴ്ച വരെ കരാറുകള്‍ പുതുക്കിയില്ല. ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ ഭാഗമാണ് ഫീമ.

ജൂലൈ 6ന് മറുപടി ലഭിക്കാത്ത കോളുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ആദ്യമായാണ് പുറത്തുവരുന്നത്. ടെക്‌സസിലെ വെള്ളപ്പൊക്കത്തില്‍ 120ലധികം പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഫീമ നടത്തിയ ഇടപെടലുകളെക്കുറിച്ച് വിമര്‍ശനങ്ങളും തീവ്രമായ പരിശോധനയും നേരിടുന്നതിനിടെയാണ് പ്രതികരണമില്ലായ്മയെക്കുഎറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവരുന്നത്. പ്രസിഡന്റ് ട്രംപ് പിരിച്ചുവിടാന്‍ ആവശ്യപ്പെട്ട ഏജന്‍സി, പ്രതികരണവും തിരച്ചില്‍രക്ഷാപ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്ന ചില ടീമുകളെ സജീവമാക്കുന്നതില്‍ വേണ്ടത്ര വേഗത ഇപ്പോഴും കൈവരിച്ചിട്ടില്ല.

'ഒരു പ്രകൃതി ദുരന്തം ഉണ്ടാകുമ്പോള്‍, ഫോണ്‍ കോളുകള്‍ വര്‍ദ്ധിക്കുകയും കാത്തിരിപ്പ് സമയം പിന്നീട് വര്‍ദ്ധിക്കുകയും ചെയ്യും. പ്രതീക്ഷിക്കുന്ന ഈ വരവ് ഉണ്ടായിരുന്നിട്ടും, ഫീമയുടെ ദുരന്ത കോള്‍ സെന്റര്‍ എല്ലാ കോളറുകളോടും വേഗത്തിലും കാര്യക്ഷമമായും പ്രതികരിച്ചു, ആരും സഹായമില്ലാതെ അവശേഷിച്ചിട്ടില്ലെന്ന് ഉറപ്പാക്കിയെന്ന് പേര് വെളിപ്പെടുത്താന്‍ വിസമ്മതിച്ച ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പിന്റെ വക്താവ് ഒരു ഇമെയിലില്‍ അറിയിച്ചു.

വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, മറ്റ് ദുരന്തങ്ങള്‍ എന്നിവയ്ക്ക് ശേഷം, അതിജീവിച്ചവര്‍ക്ക് വിവിധ തരത്തിലുള്ള സാമ്പത്തിക സഹായത്തിനായി അപേക്ഷിക്കാന്‍ ഫെമയെ വിളിക്കാം. ഉദാഹരണത്തിന്, വീട് നഷ്ടപ്പെട്ട ആളുകള്‍ക്ക്, ഭക്ഷണമോ മറ്റ് സാധനങ്ങളോ പോലുള്ള അവരുടെ അടിയന്തര ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്ന 750 ഡോളര്‍ വരുന്ന ഒറ്റത്തവണ പേയ്‌മെന്റിന് അപേക്ഷിക്കാം.

ജൂലൈ 5 ന്, വെള്ളപ്പൊക്കം കുറയാന്‍ തുടങ്ങിയപ്പോള്‍, ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവരില്‍ നിന്ന് ഫീമയ്ക്ക് 3,027 കോളുകള്‍ ലഭിച്ചു, 3,018 എണ്ണം, അതായത് ഏകദേശം 99.7 ശതമാനം, മറുപടി നല്‍കിയതായി രേഖകള്‍ കാണിക്കുന്നു. നാല് കോള്‍ സെന്റര്‍ കമ്പനികളുള്ള കരാറുകാരാണ് ബഹുഭൂരിപക്ഷം കോളുകള്‍ക്കും മറുപടി നല്‍കിയത്.

എന്നിരുന്നാലും, ആ വൈകുന്നേരം, മിസ് നോയിം നാല് കമ്പനികളുമായുള്ള കരാര്‍ പുതുക്കിയില്ലെന്നും നൂറുകണക്കിന് കരാറുകാരെ പിരിച്ചുവിട്ടതായും രേഖകളും വിഷയത്തില്‍ വിശദീകരിച്ച വ്യക്തിയും പറയുന്നു. അടുത്ത ദിവസം, ജൂലൈ 6 ന്, ഫീമയ്ക്ക് 2,363 കോളുകള്‍ ലഭിച്ചു, 846 കോളുകള്‍ക്ക് മാത്രമേ മറുപടി നല്‍കിയുള്ളൂ. അതായത് രേഖകള്‍ പ്രകാരം ഏകദേശം 35.8 ശതമാനം പേര്‍ക്ക്.  ജൂലൈ 7 തിങ്കളാഴ്ച, ഏജന്‍സിക്ക് 16,419 കോളുകള്‍ ലഭിച്ചപ്പോള്‍, 2,613 എണ്ണം, അതായത് ഏകദേശം 15.9 ശതമാനം മാത്രമേ മറുപടി നല്‍കിയുള്ളൂ എന്നും രേഖകള്‍ കാണിക്കുന്നു.

കരാറുകളിലെ വീഴ്ചയില്‍ ചില ഫീമ ഉദ്യോഗസ്ഥര്‍ നിരാശരാണ്. കൂടാതെ നടപടിയെടുക്കാന്‍ മിസ് നോയിം ദിവസങ്ങളെടുക്കുന്നുണ്ടെന്നും ഈ വിഷയത്തെക്കുറിച്ചും രേഖകളെക്കുറിച്ചും വിശദീകരിച്ച വ്യക്തി പറയുന്നു. 'ഞങ്ങള്‍ക്ക് ഇപ്പോഴും ദേശീയസുരക്ഷാ വകുപ്പ് സെക്രട്ടറിയില്‍ നിന്ന് ഒരു തീരുമാനമോ ഇളവോ ഒപ്പോ ലഭിച്ചിട്ടില്ലെന്ന് ജൂലൈ 8 ന് സഹപ്രവര്‍ത്തകര്‍ക്ക് അയച്ച ഇമെയിലില്‍ ഒരു ഫീമ ഉദ്യോഗസ്ഥന്‍ എഴുതി.

കോള്‍ സെന്റര്‍ കരാറുകളുള്ള രണ്ട് കമ്പനികളായ ജനറല്‍ ഡൈനാമിക്‌സ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മാക്‌സിമസ് എന്നിവയുടെ പ്രതിനിധികള്‍ അഭിപ്രായത്തിനായുള്ള അഭ്യര്‍ത്ഥനകള്‍ ഫെമയിലേക്ക് തിരിച്ചുവിട്ടു. മറ്റ് രണ്ട് കമ്പനികളായ ITCON, TTEC എന്നിവയുടെ പ്രതിനിധികള്‍ അഭിപ്രായത്തിനായുള്ള അഭ്യര്‍ത്ഥനകള്‍ക്ക് മറുപടി നല്‍കിയില്ല. 'അന്വേഷണങ്ങളില്‍ പകുതിയില്‍ താഴെ മാത്രം പ്രതികരിക്കുന്നത് വളരെ ഭയാനകമാണെന്ന് കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസാസ്റ്റര്‍ പ്രിപ്പേര്‍ഡ്‌നസിന്റെ ഡയറക്ടറായ ജെഫ്രി ഷ്‌ലെഗല്‍മില്‍ച്ച് പറഞ്ഞു.

'ദുരന്തത്തെ അതിജീവിച്ചെങ്കിലും എല്ലാം നഷ്ടപ്പെട്ട ഒരാളുടെ സ്ഥാനത്ത് നിങ്ങളെത്തന്നെ സങ്കല്‍പ്പിക്കുക: എന്താണ് ഇന്‍ഷ്വര്‍ ചെയ്തിരിക്കുന്നതെന്നും എന്താണ് അല്ലാത്തതെന്നും കണ്ടെത്താന്‍ നിങ്ങള്‍ ശ്രമിക്കുകയാണ്, കൂടാതെ നിങ്ങള്‍ ഒന്നിലധികം സഹായ പദ്ധതികള്‍ തേടുകയും ചെയ്യും. 'ദുരന്ത നിവാരണത്തിലെ ഏറ്റവും പ്രധാനപ്പെട്ട സേവനങ്ങളിലൊന്ന് ആരെയെങ്കിലും വിളിച്ച് ഈ പ്രക്രിയകളിലൂടെയും പേപ്പര്‍ വര്‍ക്കുകളിലൂടെയും കടന്നുപോകാന്‍ കഴിയുക എന്നതാണ്.' ഷ്‌ലെഗല്‍മില്‍ച്ച് പറഞ്ഞു. 

ദുരന്ത സഹായ ലൈനിലേക്ക് വിളിച്ചോ ഏജന്‍സിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ ആണ് മിക്ക ആളുകളും ഫെമ സഹായത്തിനായി അപേക്ഷിക്കുന്നതെന്ന് ബൈഡന്‍ ഭരണകൂടത്തിന് കീഴിലുള്ള മുന്‍ ഫീമ വക്താവും ഇപ്പോള്‍ ഒരു ലിബറല്‍ ഗവേഷണ സംഘടനയായ സെഞ്ച്വറി ഫൗണ്ടേഷനില്‍ അംഗവുമായ ജെറമി എഡ്വേര്‍ഡ്‌സ് പറഞ്ഞു. ദുരന്തബാധിത പ്രദേശങ്ങളില്‍ വീടുതോറും പോയി സഹായത്തിനായി അപേക്ഷിക്കാന്‍ അതിജീവിച്ചവരെ സഹായിക്കുന്ന ഫീമയുടെ ദീര്‍ഘകാല രീതി ട്രംപ് ഭരണകൂടം കഴിഞ്ഞ മാസം അവസാനിപ്പിച്ചിരുന്നു.

ടെക്‌സസ് വെള്ളപ്പൊക്കത്തിന് ശേഷമുള്ള കോളുകളോട് ഫീമയുടെ പ്രതികരണം മുന്‍കാല ദുരന്തങ്ങള്‍ക്ക് ശേഷമുള്ള പ്രകടനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ എങ്ങനെയാണെന്ന് പെട്ടെന്ന് വ്യക്തമല്ല. ഫീമ ആ ഡേറ്റ പതിവായി പരസ്യമായി പുറത്തുവിട്ടിട്ടില്ല.

ഹെലന്‍ ചുഴലിക്കാറ്റ് തെക്കന്‍ മേഖലയില്‍ ആഞ്ഞടിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷവും മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ഫ്‌ലോറിഡയില്‍ ആഞ്ഞടിച്ചതിന് ഏകദേശം മൂന്ന് ആഴ്ചകള്‍ക്ക് ശേഷവും 2024 ഒക്ടോബര്‍ 29 ന് ഏജന്‍സി സമാനമായ ഡേറ്റ പ്രസിദ്ധീകരിച്ചിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ 507,766 ഇന്‍കമിംഗ് കോളുകളില്‍ പകുതിയോളം ഏജന്‍സി മറുപടി നല്‍കിയില്ലെന്ന് ആ വിവരങ്ങള്‍ കാണിക്കുന്നുവെന്ന് ഇ & ഇ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
100,000 ഡോളറില്‍ കൂടുതലുള്ള ചെലവുകള്‍ക്ക് അംഗീകാരം നല്‍കണമെന്ന നോയിമിന്റെ നിര്‍ബന്ധം ഫീമയുടെ തിരച്ചില്‍ രക്ഷാപ്രവര്‍ത്തന സംഘങ്ങളെ ടെക്‌സസിലേക്ക് വിന്യസിക്കുന്നത് വൈകിപ്പിച്ചതായി ഡെമോക്രാറ്റിക് നിയമനിര്‍മ്മാതാക്കള്‍ വെള്ളിയാഴ്ച ആശങ്ക പ്രകടിപ്പിച്ചു. ഫീമയുടെ ആക്ടിംഗ് അഡ്മിനിസ്‌ട്രേറ്ററായ ഡേവിഡ് റിച്ചാര്‍ഡ്‌സണിന് എംപിമാര്‍ അയച്ച കത്തില്‍, വെള്ളപ്പൊക്കം ആരംഭിച്ച് മൂന്ന് ദിവസത്തിന് ശേഷം ജൂലൈ 7 വരെ മിസ് നോയിം ആ ടീമുകളെ വിന്യസിക്കാന്‍ അംഗീകാരം നല്‍കിയിട്ടില്ലെന്ന് എഴുതിയിരുന്നു.

അടിയന്തര മാനേജ്‌മെന്റില്‍ മുന്‍ പരിചയമില്ലാത്ത റിച്ചാര്‍ഡ്‌സണ്‍, മെയ് 8 ന് നിയമിതനായതിനുശേഷം പൊതുജനങ്ങളുടെ മുന്നിലൊന്നും പ്രത്യക്ഷപ്പെട്ടിട്ടില്ല. ദുരന്തങ്ങളുണ്ടാകുമ്പോള്‍ ഫീമ നേതാക്കള്‍ പ്രാദേശിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്ന ദീര്‍ഘകാലമായുള്ള കീഴ് വഴക്കത്തിന്റെ ലംഘനമാണിത്. തിരച്ചിലിനും വീണ്ടെടുക്കല്‍ ശ്രമങ്ങള്‍ക്കുമുള്ള  കേന്ദ്രമായി മാറിയ ടെക്‌സസിലെ കെര്‍വില്ലിലേക്ക് പ്രസിഡന്റ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും വെള്ളിയാഴ്ച പോയിരുന്നു.

ട്രംപ് അധികാരമേറ്റതിനുശേഷം ഫീമ ഇല്ലാതാക്കുന്നതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ടെങ്കിലും, ഏജന്‍സിയെ പുനഃസ്ഥാപിക്കാനുള്ള ആഗ്രഹം വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ അടുത്തിടെ പ്രകടിപ്പിച്ചിട്ടുണ്ട്. 
കൂടുതല്‍ ഉത്തരവാദിത്തവും ചെലവും സംസ്ഥാനങ്ങള്‍ക്ക് കൈമാറണമെന്ന് ട്രംപും അദ്ദേഹത്തിന്റെ ഭരണകൂടത്തിലെ മറ്റുള്ളവരും സൂചിപ്പിച്ചിട്ടുണ്ട്.

'ഫീമ പരിഷ്‌കരിക്കണമെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു,' ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ബജറ്റ് ഡയറക്ടര്‍ റസ്സല്‍ ടി. വോട്ട് വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'ഫീമ നന്നായി പ്രവര്‍ത്തിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതേസമയം പ്രസിഡന്റ് തന്റെ എല്ലാ ഏജന്‍സികളുടെ സമഗ്രവും സുതാര്യവുമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന്  കഠിനമായ ചോദ്യങ്ങള്‍ ചോദിക്കുന്നത് തുടരുമെന്നും റസ്സല്‍ ടി. വോട്ട് ഓര്‍മ്മിപ്പിച്ചു.



വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷപ്പെട്ടവരുടെ ആയിരക്കണക്കിന് സഹായ അഭ്യര്‍ത്ഥനകളോട് ഫീമ പ്രതികരിച്ചില്ലെന്ന് രേഖകള്‍