ശുഭാംശു ശുക്ലയുള്‍പ്പെടെയുള്ള നാല് യാത്രികര്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് നാളെ ഭൂമിയിലേക്ക് മടങ്ങും

ശുഭാംശു ശുക്ലയുള്‍പ്പെടെയുള്ള നാല് യാത്രികര്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് നാളെ ഭൂമിയിലേക്ക് മടങ്ങും


ഹൈദരാബാദ്: ആക്‌സിയം 4 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ 18 ദിവസം ചെലവഴിച്ച് ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുള്‍പ്പെടെയുള്ള നാല് യാത്രികര്‍ നാളെ (ജൂലൈ 14) ഭൂമിയിലേക്ക് മടങ്ങും. ജൂലൈ 15ന് ഇന്ത്യന്‍ സമയം വൈകുന്നേരം മൂന്ന് മണിക്ക് ഭൂമിയിലെത്തും. ഫ്‌ലോറിഡയുടെ തീരത്തായിരിക്കും നാലംഗ സംഘത്തെ വഹിക്കുന്ന സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 പേടകം സ്പ്ലാഷ് ഡൗണ്‍ ചെയ്യുക.

ജൂലൈ 14 തിങ്കളാഴ്ച ഇന്ത്യന്‍ സമയം വൈകുന്നേരം 4.35നാണ് പേടകവും അന്താരാഷ്ട്ര ബഹിരാകാശ നിലയവും വേര്‍തിരിക്കുന്ന അണ്‍ഡോക്കിങ് പ്രക്രിയ നിശ്ചയിച്ചിരിക്കുന്നത്. കാലാവസ്ഥയ്ക്ക് അനുസരിച്ച് പേടകം കടലിലേക്ക് പതിക്കുന്ന സ്പ്ലാഷ്ഡൗണ്‍ സമയക്രമത്തില്‍ ഏകദേശം ഒരു മണിക്കൂര്‍ വരെ മാറ്റം വന്നേക്കാമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിങ് എക്‌സ് അക്കൗണ്ടില്‍ പറഞ്ഞു. സമയക്രമത്തിലോ മറ്റോ മാറ്റങ്ങളുണ്ടായാല്‍ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബഹിരാകാശ നിലയത്തിന്റെ ഹാര്‍മണി മൊഡ്യൂളില്‍ നിന്ന് ഡ്രാഗണ്‍ കാപ്‌സ്യൂള്‍ വേര്‍പ്പെടുന്നത് വരെയുള്ള ദൃശ്യങ്ങള്‍ നാസ തത്സമയം സംപ്രേഷണം ചെയ്യും. 

ശുഭാംശു ശുക്ലയുള്‍പ്പെടെയുള്ള നാലംഗ സംഘത്തിന്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവിന്റെ ഓരോ ഘട്ടങ്ങളും കാണാനാഗ്രഹിക്കുന്നവര്‍ക്ക് നാസയുടെ സൗജന്യ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നാസ പ്ലസ് ലൈവ് സ്ട്രീം വഴി കാണാനാകും. https://plus.nasa.gov/ എന്ന് സെര്‍ച്ച് ചെയ്താല്‍ നാസ പ്ലസ് ലൈവ് സ്ട്രീം പേജിലേക്ക് പ്രവേശിക്കാനാവും. ഇതിന് പുറമെ ആക്‌സിയം സ്‌പേസിന്റെയും സ്‌പേസ് എക്‌സിന്റെയും ഔദ്യോഗിക എക്‌സ്, യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയും ലൈവ് കവറേജ് ലഭ്യമാവും.

ആക്‌സിയോം 4 ദൗത്യം: ജൂൺ 25 നാണ് ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെൻ്ററിൽ നിന്ന് ആക്‌സിയം-4 ദൗത്യം മിഷൻ ആരംഭിച്ചത്. 28 മണിക്കൂർ യാത്രക്ക് ശേഷം ജൂൺ 26 നാണ് ഡ്രാഗൺ ബഹിരാകാശ പേടകം അന്തരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ഡോക് ചെയ്‌തത്. ബഹിരാകാശ നിലയത്തിൽ ശുക്ലയും സംഘവും 230 സൂര്യോദയങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.

കൂടാതെ ഓർബിറ്റിൽ ലബോറട്ടറിയിൽ ഏകദേശം 100 ലക്ഷം കിലോമീറ്റർ സഞ്ചരിക്കുകയും ചെയ്‌തു. ശുഭാംശു ബഹിരാകാശത്ത് ഉലുവയും ചെറുപയറും മുളപ്പിച്ചിരുന്നു. വിത്ത് മുളക്കലിനെയും ചെടികളുടെ പ്രാരംഭ വളർച്ചയെയും മൈക്രോഗ്രാവിറ്റി എങ്ങനെ സ്വാധീനിക്കും എന്നറിയാനുള്ള ഗവേഷണത്തിൻ്റെ ഭാഗമായിരുന്നു ഈ പരീക്ഷണം.

ആക്‌സിയോം 4ന്‍റെ ഭാഗമാകുന്നതിന് ഏകദേശം 550 കോടി രൂപയാണ് ഐ‌എസ്‌ആർ‌ഒ ചെലവഴിച്ചത്. 2027ൽ ഭ്രമണപഥത്തിലെത്താൻ പോകുന്ന ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയായ ഗഗൻയാന് നിർണായകമായിരിക്കും ശുഭാംശു ബഹിരാകാശ നിലയത്തിൽ നടത്തിയ പരീക്ഷണങ്ങളും അദ്ദേഹത്തിന്‍റെ അനുഭവ സമ്പത്തും.