രണ്ട് റഷ്യന്‍ ഏജന്റുമാരെ കൊലപ്പെടുത്തിയെന്ന് യുക്രെയ്ന്‍

രണ്ട് റഷ്യന്‍ ഏജന്റുമാരെ കൊലപ്പെടുത്തിയെന്ന് യുക്രെയ്ന്‍


കീവ്: യുക്രെയ്നിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ കേണല്‍ ഇവാന്‍ വൊറോണിച്ചിന്റെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് കരുതപ്പെടുന്ന രണ്ട് റഷ്യന്‍ ഏജന്റുമാരെ കൊലപ്പെടുത്തിയതായി യുക്രെയ്നിന്റെ രഹസ്യാന്വേഷണ ഏജന്‍സി എസ്ബിയു വ്യക്തമാക്കി. വ്യാഴാഴ്ച കീവിലെ ഒരു പാര്‍ക്കിംഗ് സ്ഥലത്ത് പട്ടാപ്പകല്‍ നിരവധി തവണയാണ് അദ്ദേഹത്തിന് വെടിയേറ്റത്. 2022ല്‍ റഷ്യ പൂര്‍ണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ചതിനുശേഷം ഒരു ഉന്നത യുക്രെനിയന്‍ ഉദ്യോഗസ്ഥന് നേരെ നടന്ന ഏറ്റവും ഭീകരമായ ആക്രമണങ്ങളിലൊന്നാണ് കൊലപാതകമെന്ന് എസ്ബിയു വിശേഷിപ്പിച്ചു.

പ്രതികളായ രണ്ട് പുരുഷനും സ്ത്രീയും റഷ്യയുടെ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസില്‍ (എഫ് എസ് ബി) ജോലി ചെയ്യുന്നുണ്ടെന്ന് എസ്ബിയു പറഞ്ഞു. കേണല്‍ വൊറോണിച്ചിന്റെ ദിനചര്യ അവര്‍ ട്രാക്ക് ചെയ്യുകയും യാത്രാ വഴികള്‍ പഠിക്കുകയും ചെയ്താണ് കൊലപാതകം നടത്തിയത്.

ഘാതകര്‍ ഒളിവില്‍ പോയെങ്കിലും യുക്രെയ്നിന്റെ ദേശീയ പൊലീസുമായുള്ള സംയുക്ത അന്വേഷണത്തില്‍ കണ്ടെത്തി അറസ്റ്റിന് ശ്രമിച്ചപ്പോള്‍ തടഞ്ഞതാണ് ഏജന്റുമാരെ കൊലപ്പെടുത്താന്‍ ഇടയാക്കിയത്. 

ഞായറാഴ്ച രാവിലെയാണ് ഓപ്പറേഷനില്‍ ഏജന്റുമാരെ കൊലപ്പെടുത്തിയത്. എസ്ബിയുവിന്റെ തലവന്‍ ലെഫ്റ്റനന്റ് ജനറല്‍ വാസില്‍ മാലിയുക് ആണ് ഓപ്പറേഷന് നേരിട്ട് നേതൃത്വം നല്‍കിയത്. 

യുക്രെയ്ന്‍ പ്രദേശത്ത് ശത്രുവിന്റെ ഏക സാധ്യത മരണം മാത്രമാണെന്ന് ഓര്‍മ്മിപ്പിക്കുന്നതായി കൊലപാതക സ്ഥനത്ത് ചിത്രീകരിച്ച വീഡിയോയില്‍ വാസില്‍ മാലിയുക് പറഞ്ഞു. വീഡിയോ ദൃശ്യങ്ങളില്‍ രണ്ട് ഏജന്റുമാരുടെയും മൃതദേഹങ്ങള്‍ നിലത്ത് കിടക്കുന്നതായി കാണിനാവുമെങ്കിലും അവ ഭാഗികമായി മരക്കൊമ്പുകളും പുല്ലും കൊണ്ട് മറച്ചിരുന്നു. ഇരുവരും 'ഒരു വിദേശ രാജ്യത്തിന്റെ പൗരന്മാരാണ്' എന്ന് യുക്രെനിയന്‍ പൊലീസ് സ്ഥിരീകരിച്ചു. രാജ്യത്തിന്റെ പേര് പറഞ്ഞിട്ടില്ലെങ്കിലും റഷ്യ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. 

കീവിലെ ഹോളോസിവ്‌സ്‌കി ജില്ലയില്‍ പ്രാദേശിക സമയം രാവിലെ ഒന്‍പത് മണിക്ക് ശേഷമാണ് ആക്രമണം നടന്നതെന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് പറയുന്നു. 

ഒരു കെട്ടിടത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ കേണല്‍ വോറോണിച്ചിനെ ഒരു തോക്കുധാരി സമീപിക്കുകയും അടുത്തുനിന്ന് വെടിവച്ചതിന് ശേഷം  സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയുമായിരുന്നു. എസ്ബിയു നേരത്തെ സംഭവത്തെ ഒറ്റയാള്‍ പ്രവര്‍ത്തനമാണെന്നാണ് വിശേഷിപ്പിച്ചതെങ്കിലും പിന്നീട് റഷ്യന്‍ ഉത്തരവനുസരിച്ച് രണ്ട് പേര്‍ കൊലപാതകത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നുവെന്ന് വ്യക്തമാക്കി.

റഷ്യയ്ക്കുള്ളിലെ അട്ടിമറി ദൗത്യങ്ങളില്‍ വോറോണിച്ച് പ്രധാന പങ്ക് വഹിച്ചതായി റിപ്പോര്‍ട്ടുണ്ട്. അതാണ് അദ്ദേഹത്തെ ലക്ഷ്യമാക്കാന്‍ കാരണമായിട്ടുണ്ടാവുക. റഷ്യന്‍ സൈനിക ബ്ലോഗര്‍മാരും കമന്റേറ്റര്‍മാരും കൊലപാതകത്തെ പ്രശംസിച്ചു. യുദ്ധ ലേഖകന്‍ അലക്‌സാണ്ടര്‍ കോട്സ് ടെലിഗ്രാമില്‍ പറഞ്ഞത് 'ശത്രു സ്വന്തം പ്രദേശത്ത് ഭയപ്പെടണം' എന്നാണ്. 

യുക്രെയ്ന്‍ തങ്ങളുടെ ആഭ്യന്തര കൗണ്ടര്‍ ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരസ്യ പ്രഖ്യാപനങ്ങള്‍ നടത്തുന്നത് അപൂര്‍വമാണ്. ഈ കേസ് വെളിപ്പെടുത്താനും രണ്ട് റഷ്യന്‍ ഏജന്റുമാരുടെ മരണം അവകാശപ്പെടാനുമുള്ള തീരുമാനം യുക്രെയ്നിനുള്ളില്‍ കൊലപാതകങ്ങള്‍ നടത്താനുള്ള റഷ്യയുടെ ശ്രമങ്ങളെ കീവ് എത്രത്തോളം ഗൗരവമായി കാണുന്നുവെന്ന് സൂചിപ്പിക്കുന്നു. യുക്രെയ്നിനുള്ളില്‍ നടത്തിയ റഷ്യന്‍ പ്രവര്‍ത്തനങ്ങളില്‍ ഏകദേശം 85 ശതമാനം പരാജയപ്പെട്ടുവെന്ന് ലെഫ്റ്റനന്റ് ജനറല്‍ മാലിയുക്ക് പറഞ്ഞു. 

ജനറലുകളും ഒരു മുതിര്‍ന്ന നാവിക കമാന്‍ഡറും ഉള്‍പ്പെടെ നിരവധി ഉന്നത റഷ്യന്‍ ഉദ്യോഗസ്ഥരെ യുക്രെയ്ന്‍ വിജയകരമായി ലക്ഷ്യം വച്ചിട്ടുണ്ടെങ്കിലും യുക്രെയ്നിനുള്ളില്‍ സമാനമായ ദൗത്യങ്ങളില്‍ റഷ്യയ്ക്ക് അധികം വിജയങ്ങള്‍ നേടാന്‍ സാധിച്ചിട്ടില്ല. 

കേണല്‍ വോറോണിച്ചിന്റെ കൊലപാതകം യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ ആഴ്ചകളിലൊന്നിലാണ് സംഭവിച്ചതെന്ന് പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി ഞായറാഴ്ച പറഞ്ഞു. ഏഴ് ദിവസത്തിനുള്ളില്‍ റഷ്യ 1,800-ലധികം ഡ്രോണുകളും 1,200 ഗ്ലൈഡ് ബോംബുകളും 83 മിസൈലുകളും യുക്രെയ്നിലേക്ക് വിക്ഷേപിച്ചതായി അദ്ദേഹം പറഞ്ഞു.