ടെഹ്‌റാന്‍: ഇറാനില്‍ ജൂണ്‍ 16ന് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന് പരുക്കേറ്റിരുന്നതായി റിപ്പോര്‍ട്ട്. ഇറാന്‍ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്.
ഇസ്രായേല്‍ ടെഹ്‌റാന്റെ പടിഞ്ഞാറന്‍ മേഖലയില്‍ നടത്തിയ മിസൈല്‍ ആക്രമണത്തിലാണ് പെസെഷ്‌കിയാന്റെ കാലിനു പരുക്കേറ്റതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇറാന്റെ ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗം നടക്കുന്നതിനിടെയായിരുന്നു ആക്രമണം നടന്നത്.
പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫ്, ജുഡീഷ്യറി മേധാവി മൊഹ്‌സെനി എജെയ് തുടങ്ങിയവരും പെസെഷ്‌കിയാനോടൊപ്പം യോഗത്തിലുണ്ടായിരുന്നു. ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ലയെ വധിച്ചതിനു സമാനമായ രീതിയിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
പെസെഷ്‌കിയാനൊപ്പമുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥര്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്. പെസെഷ്‌കിയാനുണ്ടായിരുന്ന കെട്ടിടം ലക്ഷ്യം വച്ച് ആറ് മിസൈലുകളായിരുന്നു ഇസ്രയേല്‍ സൈന്യം തൊടുത്തത്. കെട്ടിടത്തില്‍ നിന്നും രക്ഷപ്പെടുന്നതിന് നേരത്തെ രഹസ്യ പാത തയ്യാറാക്കിയിരുന്നതായും അതിലൂടെയാണ് പ്രസിഡന്റും മറ്റുള്ളവരും രക്ഷപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തന്നെ കൊല്ലാന്‍ ഇസ്രയേല്‍ ശ്രമിച്ചെന്ന് പെസെഷ്‌കിയാന്‍ നേരത്തെ തന്നെ ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു.