ഇറാന്‍ വധഭീഷണി മുഴക്കുന്നുവെന്ന് നൊബേല്‍ സമ്മാന ജേതാവ് നര്‍ഗിസ് മുഹമ്മദി

ഇറാന്‍ വധഭീഷണി മുഴക്കുന്നുവെന്ന് നൊബേല്‍ സമ്മാന ജേതാവ് നര്‍ഗിസ് മുഹമ്മദി


ടെഹ്‌റാന്‍: ഇറാനിലെ സ്ത്രീകള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടത്തിന് 2023ലെ സമാധാന നൊബേല്‍ സമ്മാനം നേടിയ ഇറാനിയന്‍ ആക്ടിവിസ്റ്റ് നര്‍ഗിസ് മുഹമ്മദിക്ക് ടെഹ്റാനില്‍ നിന്ന് വധഭീഷണി ലഭിച്ചതായി നോബല്‍ കമ്മിറ്റി അറിയിച്ചു.

കഴിഞ്ഞ ദശകത്തിന്റെ ഭൂരിഭാഗവും ജയിലില്‍ കഴിഞ്ഞ മുഹമ്മദിയെ ഡിസംബറില്‍ പരിമിതമായ കാലയളവിലേക്ക് ടെഹ്റാനിലെ എവിന്‍ ജയിലില്‍ നിന്ന് മെഡിക്കല്‍ അവധിയില്‍ വിട്ടയച്ചിരുന്നു.  എപ്പോള്‍ വേണമെങ്കിലും അവരെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് നര്‍ഗിസിന്റെ നിയമസംഘം പറയുന്നു. 

നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ഗന്‍ വാട്നെ ഫ്രൈഡ്നെസാണ് 53കാരിയായ മുഹമ്മദിയില്‍ നിന്ന് ടെലിഫോണ്‍ വഴി സന്ദേശം ലഭിച്ചതെന്ന് അറിയിച്ചത്. ഇപ്പോള്‍ അവരുടെ ജീവന്‍ അപകടത്തിലാണെന്നും പറഞ്ഞു.

ഭരണകൂടത്തിന്റെ ഏജന്റുമാര്‍ തന്നെ ശാരീരികമായി ഇല്ലാതാക്കുമെന്ന് നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്തിയിട്ടുണ്ട് എന്നതാണ് സന്ദേശത്തിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

മുഹമ്മദിക്ക് ലഭിച്ച ഭീഷണികള്‍ വ്യക്തമാക്കുന്നത് ഇറാനിലെ എല്ലാ പൊതു ഇടപെടലുകളും ജനാധിപത്യം, മനുഷ്യാവകാശങ്ങള്‍, ആവിഷ്‌കാര സ്വാതന്ത്ര്യം എന്നിവയെ പിന്തുണയ്ക്കുന്ന അന്താരാഷ്ട്ര വാദങ്ങളോ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടലോ അവസാനിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ അവരുടെ സുരക്ഷ അപകടത്തിലാണെന്ന് പ്രസ്താവന കൂട്ടിച്ചേര്‍ത്തു.

മുഹമ്മദിക്കും 'വിമര്‍ശനാത്മക ശബ്ദമുള്ള എല്ലാ ഇറാനിയന്‍ പൗരന്മാര്‍ക്കും എതിരായ ഭീഷണികളില്‍' 'അഗാധമായ ആശങ്ക' ഉണ്ടെന്നും അവരുടെ ജീവന്‍ മാത്രമല്ല, അവരുടെ ആവിഷ്‌കാര സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ അധികാരികളോട് ആവശ്യപ്പെടുന്നുവെന്നും കമ്മിറ്റി പറഞ്ഞു.

ഇറാനില്‍ വധശിക്ഷ വ്യാപകമായി ഉപയോഗിക്കുന്നതിനെതിരെയും സ്ത്രീകള്‍ക്ക് നിര്‍ബന്ധിത വസ്ത്രധാരണ രീതിക്കെതിരെയും ശബ്ദമുയര്‍ത്തിയതിന് മുഹമ്മദിയെ ആവര്‍ത്തിച്ച് വിചാരണ ചെയ്യുകയും ജയിലിലടയ്ക്കുകയും ചെയ്തിട്ടുണ്ട്.

ഇറാനിലെ സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിനെതിരായ പോരാട്ടത്തിനാണ് അവര്‍ പ്രധാനമായും നൊബേല്‍ നേടിയത്. ആ സമയത്ത് നര്‍ഗിസ് മുഹമ്മദി ജയിലിലായിരുന്നതിനാല്‍ അവരുടെ കുട്ടികളാണ് പുരസ്‌ക്കാരം ഏറ്റുവാങ്ങിയത്.