പറ്റ്‌നയില്‍ അഭിഭാഷകനെ വെടിവച്ചു കൊന്നു; 24 മണിക്കൂറിനുള്ളില്‍ മൂന്നാമത്തെ വെടിവെയ്പ്

പറ്റ്‌നയില്‍ അഭിഭാഷകനെ വെടിവച്ചു കൊന്നു; 24 മണിക്കൂറിനുള്ളില്‍ മൂന്നാമത്തെ വെടിവെയ്പ്


പാറ്റ്‌ന: ബീഹാറിലെ ക്രമസമാധാന നില വഷളാകുന്നത് എടുത്തുകാണിക്കുന്ന സംഭവത്തില്‍ ഞായറാഴ്ച പറ്റ്‌നയിലെ സുല്‍ത്താന്‍ഗഞ്ച് പ്രദേശത്ത് അജ്ഞാത അക്രമികള്‍ ഒരു അഭിഭാഷകനെ വെടിവച്ചു കൊന്നു. ജിതേന്ദ്ര മഹാതോ ആണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 

24 മണിക്കൂറിനുള്ളില്‍ ബിഹാറില്‍ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണിത്. ബി ജെ പി നേതാവ് സുരേന്ദ്ര കെവാട്ടിനെ ബൈക്കിലെത്തിയ അക്രമികള്‍ വെടിവച്ചു കൊന്നതാണ് ഞായറാഴ്ചയിലെ ആദ്യ സംഭവം. ദര്‍ഭംഗയിലെ പലചരക്ക് കട ഉടമയായ വിക്രം ഝയെ പറ്റ്‌നയിലെ രാം കൃഷ്ണ നഗര്‍ പ്രദേശത്തെ കടയ്ക്ക് പുറത്ത് വെടിവച്ചു കൊലപ്പെടുത്തിയതും ഇതേ ദിവസം തന്നെയാണ്. മാത്രമല്ല ഈ ആഴ്ച ആദ്യം പ്രമുഖ വ്യവസായി ഗോപാല്‍ ഖേംകയും കൊല്ലപ്പെട്ടിരുന്നു.

മഹാതോയ്ക്ക് നേരെ വെടിയുതിര്‍ത്ത സ്ഥലത്തു നിന്നും പൊലീസ് മൂന്ന് ബുള്ളറ്റ് ഷെല്ലുകള്‍ കണ്ടെടുത്തതായും അക്രമികളെ കുറിച്ച് അന്വേഷണം തുടരുകയാണെന്നും പറ്റ്‌ന ഈസ്റ്റ് എസ്പി പരിചയ് കുമാര്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. 

ജിതേന്ദ്ര മഹാതോ എല്ലാ ദിവസവും ചായ കുടിക്കാന്‍ ഇവിടെ വരാറുണ്ടെന്നും ഞായറാഴ്ചയും ചായ കുടിക്കാന്‍ എത്തിയിരുന്നതായും കുടുംബം പറഞ്ഞു. കൊല്ലപ്പെട്ട അഭിഭാഷകന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രാക്ടീസ് ചെയ്യുന്നില്ലെന്നാണ് പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

സംസ്ഥാനത്ത് സംഘടിത കുറ്റകൃത്യങ്ങളല്ല നടന്നതെന്നും വ്യക്തിപരമായ തര്‍ക്കങ്ങളില്‍ നിന്ന് ഉടലെടുത്ത കൊലപാതകങ്ങള്‍ 'തടയാന്‍ സര്‍ക്കാരിന് അല്‍പ്പം ബുദ്ധിമുട്ടാണെന്നും' ക്രമസമാധാന നില വഷളാകുന്നുവെന്ന ആരോപണങ്ങളില്‍ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി പറഞ്ഞു. തുടര്‍ച്ചയായ കൊലപാതകങ്ങളെക്കുറിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്‍ ഡി എയുടെ കൂട്ടായ്മയിലുള്ള ലോക് ജനശക്തി പാര്‍ട്ടിയുടെ തലവന്‍ ചിരാഗ് പാസ്വാന്‍ കൊലപാതകങ്ങളെക്കുറിച്ച് സര്‍ക്കാരിനെ ചോദ്യം ചെയ്തു.

പാറ്റ്‌നയിലെ ബി ജെ പി നേതാവിന്റെ കൊലപാതകം ചൂണ്ടിക്കാട്ടി ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവ് ബീഹാറിലെ എന്‍ ഡി എ സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനം നടത്തി. എന്‍ ഡി എ സര്‍ക്കാരിലെ ആരെങ്കിലും സത്യം കേള്‍ക്കാനോ അവരുടെ തെറ്റുകള്‍ സമ്മതിക്കാനോ തയ്യാറാണോ എന്ന് അദ്ദേഹം ചോദിച്ചു. 'ഇപ്പോള്‍, പറ്റ്‌നയില്‍ ഒരു ബിജെപി നേതാവിനെ വെടിവച്ചു കൊന്നു! എന്ത് പറയണം, ആരോട്? സത്യം കേള്‍ക്കാനോ അവരുടെ തെറ്റുകള്‍ സമ്മതിക്കാനോ എന്‍ഡിഎ സര്‍ക്കാരില്‍ ആരെങ്കിലും തയ്യാറാണോ?' തേജസ്വി യാദവ് എക്സില്‍ പോസ്റ്റ് ചെയ്തു. 'മുഖ്യമന്ത്രിയുടെ ആരോഗ്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം, പക്ഷേ ഉപയോഗശൂന്യരായ രണ്ട് ബി ജെ പി ഉപമുഖ്യമന്ത്രിമാര്‍ എന്താണ് ചെയ്യുന്നതെന്നും  അഴിമതിക്കാരായ ഭുഞ്ച- ഡികെ പാര്‍ട്ടിയില്‍ നിന്ന് ഒരു പ്രസ്താവനയും ഇല്ലേ? എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.