ചെന്നൈ: തമിഴ്‌നാട് തിരുവള്ളൂരില്‍ ചരക്ക് ട്രെയിനിന് തീപിടിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ചെന്നൈ തുറമുഖത്ത് നിന്ന് ഡീസല്‍ കയറ്റി വന്ന ചരക്ക് ട്രെയിന്‍ തിരുവള്ളൂരിന് സമീപം പാളം തെറ്റിയാണ് തീപിടിച്ചത്. തീവണ്ടിയുടെ ഒരു ഭാഗം മുഴുവന്‍ വന്‍തോതില്‍ പുകപടലങ്ങളും തീജ്വാലകളും നിറഞ്ഞു.
ഇതുവരെ അഞ്ച് വാഗണുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. അപകടത്തില്‍ ഇതുവരെ ആര്‍ക്കും പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ധനത്തിന്റെ അളവ് വളരെ കൂടുതലായതിനാല്‍ തീ കൂടുതല്‍ പടരുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
പത്തിലധികം ഫയര്‍ എഞ്ചിനുകള്‍ തീ അണയ്ക്കുന്നതിനായി ശ്രമം നടത്തുന്നുണ്ട്. മുന്‍ കരുതലിന്റെ ഭാഗമായി സമീപത്തെ ജനവാസ മേഖലകളില്‍ താമസിക്കുന്ന ആളുകളെ പൊലീസ് ഒഴിപ്പിക്കുന്നുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ വൈദ്യുതി ബന്ധവും വിച്ഛേദിച്ചിട്ടുണ്ട്. അപകട സ്ഥലത്തിന് സമീപമുള്ള വീടുകളിലെ എല്‍പിജി സിലിണ്ടറുകള്‍ സുരക്ഷാ കാരണങ്ങളാല്‍ നീക്കം ചെയ്യുന്നുണ്ട്.
തിരുവള്ളൂര്‍ ജില്ലാ കലക്ടര്‍ എം പ്രതാപ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. അഗ്‌നിശമന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. തീ നിയന്ത്രണവിധേയമാക്കാന്‍ കുറച്ച് മണിക്കൂറുകള്‍ എടുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. തമിഴ്‌നാട് മന്ത്രി എസ്എം നാസര്‍ സംഭവസ്ഥലം സന്ദര്‍ശിക്കുകയും പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിനായി അരക്കോണത്ത് നിന്ന് ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.
സംഭവത്തെത്തുടര്‍ന്ന് തിരുവള്ളൂര്‍ റെയില്‍വേ ലൈനിലെ വൈദ്യുതി വിതരണം ദക്ഷിണ റെയില്‍വേ വിച്ഛേദിച്ചിട്ടുണ്ട്. എട്ട് ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും നിരവധി ട്രെയിനുകള്‍ താല്‍ക്കാലികമായി റദ്ദാക്കുകയും ചെയ്തു. തീ എത്രയും വേഗം അണച്ച് സാധാരണ രീതിയില്‍ ഉടന്‍ തന്നെ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ദക്ഷിണ റെയില്‍വേ അറിയിച്ചു.
തമിഴ്‌നാട് തിരുവള്ളൂരില്‍ ഡീസല്‍ കയറ്റിവന്ന ചരക്ക് ട്രെയിന്‍ പാളം തെറ്റി തീപിടിച്ചു; നിരവധി ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു
