ടെൽ അവീവ്: ഇസ്രായേൽ ആക്രമണത്തോടെ ഇറാൻ ഭരണകൂടം കടുത്ത പ്രതിസന്ധിയിലായെന്ന് ബഞ്ചമിൻ നെതന്യാഹു. ഇസ്രായേൽ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം. വ്യവസ്ഥകൾ അംഗീകരിച്ചാൽ ഇറാനുമായി കരാറിലെത്തുന്നതിനെ താൻ എതിരല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതുപ്രകാരം ഇറാൻ യുറേനിയം സമ്പുഷ്ടീകരണം നടത്തരുത്. ഞങ്ങളുടെ തീരങ്ങളിൽ എത്തുന്ന ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിക്കരുത്. അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ച് മാത്രമേ ആയുധങ്ങൾ സ്വന്തമാക്കാനാവുവെന്നും ബിന്യമിൻ നെതന്യാഹു പറഞ്ഞു. ഇത് മൂന്നും യാഥാർഥ്യമായാൽ പുതിയൊരു ഭരണകൂടം ഇറാനിലുണ്ടാവുമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
ട്രംപ് അമേരിക്കയെ വ്യത്യസ്തമായൊരു രാജ്യമാക്കി മാറ്റി. ആരെങ്കിലും സമാധാന നൊബേൽ അർഹിക്കുന്നുണ്ടെങ്കിൽ അത് ഡോണൾഡ് ട്രംപിന് മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇറാനെ ഇസ്രായേൽ ആക്രമിച്ചതിന് പിന്നാലെ അവർ നടത്തിയ തിരിച്ചടിയിൽ ഇസ്രായേലിന് കനത്ത നാശനഷ്ടമുണ്ടായിരുന്നു. തുടർന്ന് യുദ്ധത്തിൽ അമേരിക്ക ഇടപെടുകയും യു.എസ് എയർബേസുകൾ ഇറാൻ ആക്രമിക്കുകയും ചെയ്തിരുന്നു. തുടർന്ന് യുദ്ധം അവസാനിച്ചതിന് പിന്നാലെ യു.എസ് എയർബേസുകളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണം അമേരിക്കയുടെ മുഖത്തേറ്റ അടിയാണെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖാംനഈ പറഞ്ഞിരുന്നു. യു.എസ് ഇടപ്പെട്ടില്ലെങ്കിൽ ഇസ്രായേൽ സമ്പൂർണമായി തകർന്നേനെയെന്നും ഖാംനഈ അദ്ദേഹം പറഞ്ഞു. വലിയ തകർച്ചയാണ് ഇസ്രായേലിന് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനെതിരെ ഭാവിയിൽ എന്തെങ്കിലും നീക്കമുണ്ടായാൽ അതിന് കനത്ത വിലനൽകേണ്ടി വരും. യു.എസ് വ്യോമതാവളങ്ങൾ ഇനിയും ലക്ഷ്യംവെക്കാൻ മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആണവകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെങ്കിലും യു.എസിന് ലക്ഷ്യം പൂർത്തീകരിക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രായേൽ ആക്രമണത്തോടെ ഇറാൻ ഭരണകൂടം കടുത്ത പ്രതിസന്ധിയിലായെന്ന് നെതന്യാഹു
