വാഷിംഗ്ടണ്‍: യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യക്ക് സഹായം നല്‍കിയെന്നാരോപിച്ച് 15 ഇന്ത്യന്‍ കമ്പനികള്‍ക്കും രണ്ട് പൗരന്മാര്‍ക്കും അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. യുക്രെയ്‌നെതിരെ യുദ്ധം ചെയ്യാന്‍ സാങ്കേതിക വിദ്യയും സാധനങ്ങളും ഈ സ്ഥാപനങ്ങള്‍ റഷ്യക്ക് നല്‍കിയെന്നാണ് യു.എസ് ആരോപിക്കുന്നത്. സിഖ് നേതാവ് ഗുര്‍പത്‌വന്ത് സിങ് പന്നൂവിന്റെ വധത്തില്‍ ഇന്ത്യന്‍ പൗരന് പങ്കുണ്ടെന്ന ആരോപണത്തിന് പിന്നാലെ യു.എസും ഇന്ത്യയും തമ്മിലുള്ള ബന്ധം ഉലഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടി.
റഷ്യക്ക് സഹായം നല്‍കിയെന്നാരോപിച്ച് ആഗോളതലത്തില്‍ 400 സ്ഥാപനങ്ങളെയും വ്യക്തികളെയും യു.എസ് ഉപരോധപ്പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയുണ്ടായത്.
ഇന്ത്യക്കൊപ്പം ചൈന, മലേഷ്യ, തായ്‌ലന്‍ഡ്, തുര്‍ക്കിയ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരെയും സ്ഥാപനങ്ങളെയും യു.എസ് ഉപരോധിച്ചിട്ടുണ്ട്. റഷ്യക്ക് ആയുധങ്ങളില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ കൈമാറിയതിനാണ് പ്രധാനമായും കമ്പനികള്‍ക്കെതിരെ നടപടി. റഷ്യക്ക് സൈനിക സഹായം ലഭിക്കുന്ന എല്ലാവഴികളും തടയുമെന്നാണ് യു.എസ് നയം.
അസന്റ് ഏവിയേഷന്‍ ഇന്ത്യ, മാസ്‌ക് ട്രാന്‍സ്, ടി.എസ്.എം.ഡി ഗ്ലോബല്‍ ആന്‍ഡ് ഫുട്രേവോ,എസ്.ഐ2 മൈക്രോസിസ്റ്റംസ് എന്നിവയാണ് ഉപരോധപ്പട്ടികയിലുള്ള പ്രധാന ഇന്ത്യന്‍ കമ്പനികള്‍. ഏതാണ്ട് 200,000 ഡോളര്‍ മൂല്യമുള്ള യു.എസ് നിര്‍മിത എയര്‍ക്രാഫ്റ്റ് ഭാഗങ്ങള്‍ 2023 മാര്‍ച്ചിനും 2024 മാര്‍ച്ചിനും ഇടയിലായി അസന്റ് ഏവിയേഷന്‍ ഇന്ത്യ റഷ്യന്‍ കമ്പനികള്‍ക്ക് കൈമാറിയെന്നാണ് ആരോപണം. 2023 ജൂണിനും 2024 ഏപ്രിലിനുമിടയില്‍ മൂന്ന് ലക്ഷം ഡോളറിന്റെ വ്യോമയാന ഘടകങ്ങള്‍ റഷ്യയുടെ എസ്7 എന്‍ജിനീയറിങ് എല്‍.എല്‍.സിക്ക് നല്‍കിയെന്നാണ് മാസ്‌ക് ട്രാന്‍സിനെതിരായ കണ്ടെത്തല്‍. മൈക്രോ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും പ്രോസസറുകളും റഷ്യന്‍ കമ്പനികള്‍ക്ക് നല്‍കിയെന്നാണ് ടി.എസ്.എം.ഡിക്കെതിരായ ആരോപണം.
യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യക്ക് സഹായം നല്‍കിയ 15 ഇന്ത്യന്‍ കമ്പനികള്‍ക്കും രണ്ട് പൗരന്മാര്‍ക്കും യു.എസ് ഉപരോധം