വിമാനദുരന്തം: പൈലറ്റിനെ പഴിചാരുന്ന യുഎസ് റിപ്പോര്‍ട്ട് അകാലത്തിലുള്ളതും തെളിവില്ലാത്തുമാണെന്ന് എഎഐബി

വിമാനദുരന്തം: പൈലറ്റിനെ പഴിചാരുന്ന യുഎസ് റിപ്പോര്‍ട്ട് അകാലത്തിലുള്ളതും തെളിവില്ലാത്തുമാണെന്ന് എഎഐബി


ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനദുരന്തത്തില്‍ പൈലറ്റിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി അമേരിക്കന്‍ മാധ്യമമായ വാള്‍ സ്ട്രീറ്റ് ജേണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് തള്ളി എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ(എഎഐബി). റിപ്പോര്‍ട്ട് അകാലത്തി്‌ലുള്ളതും യാതൊരു സ്ഥിരീകരണവുമില്ലാത്തതാണെന്നും എഎഐബി അഭിപ്രായപ്പെട്ടു. 

അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന്റെ ഫ്യുവല്‍ സ്വിച്ച് ഓഫ് ചെയ്യപ്പെട്ടതാണെന്നും, അത് ചെയ്തത് ക്യാപ്റ്റനാണെന്നുമാണ് യു എസ് മാധ്യമമായ 'വാള്‍സ്ട്രീറ്റ് ജേണല്‍' റിപ്പോര്‍ട്ട് ചെയ്തത്. വിമാനാപകടവുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തില്‍ ലഭ്യമായ തെളിവുകള്‍ പരിശോധിച്ച യുഎസ് അധികൃതരെ ഉദ്ധരിച്ചാണ് യുഎസ് മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. 

ബ്‌ളാക്ക് ബോക്‌സ് റെക്കോഡിങ് സൂചനകള്‍ പ്രകാരം, ക്യാപ്റ്റന്‍ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ഓഫാക്കിയതായാണ് യുഎസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തലെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ സൂചിപ്പിക്കുന്നു. വിമാനത്തിലെ ഫസ്റ്റ് ഓഫീസറായ ക്ലൈവ് കുന്ദര്‍ ക്യാപ്റ്റനായ സുമീത് സബര്‍വാളിനോടാണ് എന്തിനാണ് ഫ്യുവല്‍സ്വിച്ചുകള്‍ കട്ട് ഓഫ് ചെയ്തതെന്ന ചോദ്യം ചോദിച്ചതെന്നാണ് വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടിലുള്ളത്.

അപകടത്തില്‍പ്പെട്ട വിമാനത്തില്‍ രണ്ടു പൈലറ്റുമാരാണ് ഉണ്ടായിരുന്നത്. 56 കാരനായ ക്യാപ്റ്റന്‍ സുമീത് സബര്‍വാള്‍ 15,638 മണിക്കൂര്‍ വിമാനം പറത്തി പരിചയസമ്പന്നനായ പൈലറ്റാണ്. വിമാനത്തിലെ ഫസ്റ്റ് ഓഫീസറായ 32കാരന്‍ ക്ലൈവ് കുന്ദര്‍ 3403 മണിക്കൂര്‍ വിമാനം പറത്തി പരിചയമുള്ളയാളുമാണ്. എയര്‍ഇന്ത്യ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനം തകര്‍ന്നുവീഴുന്നതിന് തൊട്ടുമുന്‍പ് കോക്പിറ്റില്‍ നടന്ന സംഭാഷണത്തിന്റെ ശബ്ദരേഖ ബ്ലാക്‌ബോക്‌സ് പരിശോധനയിലൂടെ നേരത്തേ ലഭ്യമായിരുന്നു. എന്തിനാണ് ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് മറ്റേ പൈലറ്റിനോട് ചോദിക്കുന്നതും, താന്‍ ചെയ്തിട്ടില്ലെന്ന് മറ്റേയാള്‍ മറുപടി നല്‍കുന്നതുമാണ് ശബ്ദരേഖയിലുണ്ടായിരുന്നത്.

ഇത് ആര് ആരോടാണ് ചോദിച്ചതെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ ക്യാപ്റ്റന്‍ സുമീത് സബര്‍വാളിനോട് വിമാനം പറത്തിയിരുന്ന ഫസ്റ്റ് ഓഫീസര്‍ ക്ലൈവ് കുന്ദര്‍ ചോദിച്ചതാണെന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ പറയുന്നത്. അപകടത്തില്‍പ്പെട്ട ബോയിങ് 787 വിമാനത്തിന്റെ എഞ്ചിനുകളിലേക്കുള്ള ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ഓഫ് ചെയ്ത നിലയിലായിരുന്നുവെന്ന് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

എന്നാല്‍ അമേരിക്കന്‍ മാധ്യമ റിപ്പോര്‍ട്ടുകളോട് ഇന്ത്യയിലെ വ്യോമയാന മന്ത്രാലയം, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ(എഎഐബി) തുടങ്ങിയവ പ്രതികരിച്ചിട്ടില്ല. വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് സംബന്ധിച്ച് പ്രതികരിക്കാന്‍ ബോയിങ്ങും വിസമ്മതിച്ചെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം അമേരിക്കന്‍ മാധ്യമ റിപ്പോര്‍ട്ടുകളെ പൈലറ്റുമാരുടെ സംഘടന തള്ളിക്കളഞ്ഞു. പൈലറ്റുമാരുടെ മേല്‍ കുറ്റം ചുമത്തുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച സംഘടന, അപകടത്തില്‍ പൈലറ്റുമാരെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപിച്ചു.

അതിനിടെ, ബോയിങ് 787 വിമാനങ്ങളുടെ ഇന്ധനസ്വിച്ചുകളുടെ ലോക്കിങ് സംവിധാനത്തിന് സാങ്കേതിക തകരാറുകള്‍ ഇല്ലെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. രാജ്യത്തെ ബോയിങ് 787 വിമാനങ്ങളില്‍ നടത്തിയ പരിശോധന ഫലമാണ് എയര്‍ ഇന്ത്യ പുറത്തുവിട്ടത്. അഹമ്മദാബാദ് വിമാനാപകടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിനു പിന്നാലെ, ബോയിങ് വിമാനങ്ങളിലെ 'ഫ്യുവല്‍ കണ്‍ട്രോള്‍ സ്വിച്ചു'കള്‍ പരിശോധിക്കാന്‍ രാജ്യത്തെ വിമാനക്കമ്പനികളോട് വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ (ഡിജിസിഎ) ഉത്തരവിട്ടിരുന്നു.