യു എസിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ

യു എസിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ


ന്യൂഡല്‍ഹി: ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യ 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം യു എസിലേക്ക് പുതിയ ലക്ഷ്യസ്ഥാനങ്ങള്‍ ചേര്‍ക്കാന്‍ ഒരുങ്ങുന്നു. സ്രോതസ്സുകള്‍ അനുസരിച്ച് ഇന്ത്യയില്‍ നിന്ന് ലോസ് ഏഞ്ചല്‍സ്, കാലിഫോര്‍ണിയ, ടെക്‌സസിലെ ഡാളസ് എന്നിവിടങ്ങളിലേക്ക് 15 മണിക്കൂര്‍ അള്‍ട്രാ-ലോംഗ്-ഹോള്‍ ഫ്‌ളൈറ്റ് സര്‍വീസുകള്‍ ആരംഭിക്കാനാണ് എയര്‍ ഇന്ത്യയുടെ പദ്ധതി. 

നിലവില്‍ യു എസിലേക്ക് സര്‍വീസ് നടത്തുന്ന ഏക ഇന്ത്യന്‍ വിമാനക്കമ്പനിയാണ് എയര്‍ ഇന്ത്യ. യു എസ്-സാന്‍ ഫ്രാന്‍സിസ്‌കോ, ചിക്കാഗോ, ന്യൂയോര്‍ക്ക്-ജെഎഫ്‌കെ, നെവാര്‍ക്ക്, വാഷിംഗ്ടണ്‍ എന്നിവിടങ്ങളിലെ അഞ്ച് ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് എയര്‍ ഇന്ത്യ ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. 

2015-ല്‍ സാന്‍ഫ്രാന്‍സിസ്‌കോ ആയിരുന്നു എയര്‍ ഇന്ത്യ അവസാനമായി സര്‍വീസ് ആരംഭിച്ച യു എസ് ലക്ഷ്യസ്ഥാനം. ഇന്ത്യ- യു എസ് റൂട്ടില്‍ എയര്‍ ഇന്ത്യ ആഴ്ചയില്‍ 120-ലധികം വിമാനങ്ങളാണ് പറത്തുന്നത്. 

ലോസ് ആഞ്ചലസ്‌, ഡാളസ് എന്നിവിടങ്ങളില്‍ ഇന്ത്യന്‍ പ്രവാസികള്‍ കൂടുതലുള്ളതിനാല്‍ ഇവിടുത്തേക്കുള്ള സേവനങ്ങള്‍ വിപുലീകരിക്കുന്നതിനുള്ള പദ്ധതികളും എയര്‍ ഇന്ത്യയ്ക്കുണ്ട്. ഇവിടങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് നേരിട്ട് വിമാന സര്‍വീസുകളുമില്ല. എന്നാല്‍ ഇക്കാര്യങ്ങളൊന്നും എയര്‍ ഇന്ത്യ സ്ഥിരീകരിച്ചിട്ടില്ല. 

പ്രവാസി സമൂഹത്തില്‍ നിന്നും ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് വലിയ ആവശ്യക്കാരുണ്ടെന്നാണ് വിമാനക്കമ്പനിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. 2024 അവസാനത്തോടെ ബോയിംഗ് 777 വിമാനങ്ങള്‍ ഈ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പറക്കുകയെന്നാണ്‌പ്രതീക്ഷിക്കുന്നത്. 

കൂടാതെ സെപ്തംബര്‍ 15ന് ഡല്‍ഹിക്കും മലേഷ്യയിലെ ക്വാലാലംപൂരിനുമിടയില്‍ എയര്‍ ഇന്ത്യ നോണ്‍-സ്റ്റോപ്പ് സര്‍വീസ് ആരംഭിക്കും.

പുതിയ റൂട്ടുകളില്‍ പ്രതിദിന ഫ്‌ളൈറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിന് രണ്ട് ക്ലാസ് കോണ്‍ഫിഗര്‍ ചെയ്ത എയര്‍ബസ് എ320നിയോ വിമാനങ്ങള്‍ ഉപയോഗിക്കാന്‍ എയര്‍ലൈന്‍ പദ്ധതിയിടുന്നു.

കൂടാതെ, എയര്‍ ഇന്ത്യ ബെംഗളൂരുവിനും ലണ്ടന്‍ ഗാറ്റ്വിക്കിനുമിടയില്‍ (എല്‍ജിഡബ്ല്യു) നോണ്‍-സ്റ്റോപ്പ് സര്‍വീസ് അടുത്ത മാസം ആരംഭിക്കും. 18 ബിസിനസ് ക്ലാസും 238 ഇക്കോണമി സീറ്റുകളുമുള്ള ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനമാണ് ഈ റൂട്ടില്‍ എയര്‍ലൈന്‍ ഉപയോഗിക്കുന്നത്.

നോര്‍ത്ത് അമേരിക്കയിലേക്കുള്ള വിമാനങ്ങള്‍ക്കായി തങ്ങളുടെ എ350 വിമാനങ്ങള്‍ സര്‍വ്വീസ് നടത്താനും എയര്‍ ഇന്ത്യയ്ക്ക് പദ്ധതിയുണ്ട്. നിലവില്‍ ഡല്‍ഹി- ദുബായ്- ഡല്‍ഹി, മുംബൈ- ദുബായ്- മുംബൈ റൂട്ടുകളിലാണ് വിമാനം സര്‍വീസ് നടത്തുന്നത്. എയര്‍ലൈന്‍സിന് ഇപ്പോള്‍ ആറ് എ350 വിമാനങ്ങളുണ്ട്.

എയര്‍ബസിനൊപ്പം 250 പുതിയ വിമാനങ്ങള്‍ക്ക് എയര്‍ ഇന്ത്യ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ആറ് എ350- 900 വിമാനങ്ങളുള്ളതിനാല്‍, അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ എയര്‍ലൈന്‍ 14 എ350-900 വിമാനങ്ങളും 20 എ350-1000 വിമാനങ്ങളും ഡെലിവറി നടത്തും.