ന്യൂഡല്‍ഹി: പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമാക്കാന്‍ തീരുമാനിച്ചാല്‍ 'ദൃഢനിശ്ചയത്തോടെ തിരിച്ചടിക്കാന്‍' ഇന്ത്യ തയ്യാറാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പറഞ്ഞു.
ഇന്ത്യയ്ക്ക് സംഘര്‍ഷം രൂക്ഷമാക്കാന്‍ ഉദ്ദേശ്യമില്ലെന്നും എന്നാല്‍ പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമാക്കിയാല്‍ തിരിച്ചടിക്കുമെന്നും കര്‍ശന മുന്നറിയിപ്പില്‍ അദ്ദേഹം പറഞ്ഞു.
പാകിസ്ഥാന്‍, പാക് അധീന ജമ്മു കാശ്മീര്‍ എന്നിവിടങ്ങളിലെ ഭീകര കേന്ദ്രങ്ങള്‍ക്കെതിരെ ഇന്ത്യ നടത്തിയ മിസൈല്‍ ആക്രമണങ്ങളെക്കുറിച്ച് അദ്ദേഹം യു എസ്, യു കെ, സൗദി അറേബ്യ, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ അധികൃതരോട് അദ്ദേഹം വിശദീകരിച്ചു.
ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ആക്രമണത്തോടുള്ള 'കേന്ദ്രീകൃതവും അളന്നതും തീവ്രത വര്‍ധിപ്പിക്കാത്തതുമായ' പ്രതികരണമായാണ് ഇതിനെ വിശേഷിപ്പിച്ചത്.
സംഘര്‍ഷങ്ങള്‍ രൂക്ഷമാകുമ്പോള്‍ നിരവധി ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ അതീവ ജാഗ്രതയിലാണ്. ഓപ്പറേഷന്‍ സിന്ദൂറിനുശേഷം സുരക്ഷ ഉറപ്പാക്കാന്‍ ഉത്തര്‍പ്രദേശ്, ജമ്മു കാശ്മീര്‍, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളിലെ അധികാരികള്‍ അതിര്‍ത്തി ജില്ലകളിലെ സ്‌കൂളുകള്‍ അടച്ചിടാന്‍ ഉത്തരവിട്ടിട്ടുണ്ട്.
അതേസമയം ഉത്തര്‍പ്രദേശില്‍ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം അധികൃതര്‍ റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ചു. യു പി പൊലീസിന്റെ എല്ലാ ഫീല്‍ഡ് ഫോര്‍മേഷനുകളും പ്രതിരോധ യൂണിറ്റുകളുമായി അടുത്ത് ഏകോപിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ഡിജിപി ഓഫീസ് പോസ്റ്റ് ചെയ്തു.