ഇസ്ലാമാബാദ്: ഇന്ത്യയുടെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ പാക് ജനതയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഷെരീഫ്. പാകിസ്താന്റെ പരമാധികാരത്തിന് നേരെ ഇന്ത്യ നേരിട്ട് ആക്രമണം നടത്തുന്നു. നിരപരാധികളായ രക്തസാക്ഷികളുടെ രക്തത്തിന് പ്രതികാരം ചെയ്യുമെന്ന് ഷഹബാസ് ഷെരീഫ് പറഞ്ഞു.
ഇന്ത്യയുടെ അഞ്ച് യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടതായും ഷെരീഫ് അവകാശപ്പെട്ടു. അന്താരാഷ്ട്ര നിയമമനുസരിച്ച്, ജമ്മു കശ്മീര്‍ ഒരു തര്‍ക്ക പ്രദേശമാണ്. ജനഹിത പരിശോധന നടത്തുന്നതുവരെ അത് അങ്ങനെ തുടരും. ഇന്ത്യ എത്ര ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുത്താലും യാഥാര്‍ത്ഥ്യത്തെ മാറ്റാന്‍ കഴിയില്ല എന്നും ഷെരീഫ് പറഞ്ഞു.
നേരത്തേ പാകിസ്താന്‍ ദേശീയ അസംബ്ലിയിലും ഇന്ത്യക്കെതിരെ തിരിച്ചടി നല്‍കുമെന്ന് ഷഹബാസ് ഷെരീഫ് പ്രസ്താവിച്ചിരുന്നു. ഇന്ത്യന്‍ വ്യോമസേന രാജ്യത്ത് പ്രവേശിച്ചാല്‍ അവയെ തകര്‍ത്ത് കടലിലെറിയാന്‍ പാക് വ്യോമസേന സജ്ജമായി കാത്തിരിക്കുകയാണ്. പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ പാകിസ്താനെയാണ് കുറ്റപ്പെടുത്തുന്നത്. എന്നാല്‍ ബലൂചിസ്ഥാനില്‍ നടന്ന ട്രെയിന്‍ തട്ടിക്കൊണ്ടുപോകല്‍ ശ്രമത്തിന് പിന്നില്‍ ഇന്ത്യയാണെന്നും ഷഹബാസ് ഷെരീഫ് ആരോപിച്ചു.
നിരപരാധികളായ രക്തസാക്ഷികളുടെ രക്തത്തിന് പ്രതികാരം ചെയ്യുമെന്ന് പാക് പ്രധാനമന്ത്രി
