പാക്കിസ്താനെ നടുക്കി ലാഹോറിലും കറാച്ചിയിലും വന്‍ സ്‌ഫോടനങ്ങള്‍

പാക്കിസ്താനെ നടുക്കി ലാഹോറിലും കറാച്ചിയിലും വന്‍ സ്‌ഫോടനങ്ങള്‍


ലാഹോര്‍: പാകിസ്താനിലെ ലാഹോറിലും കറാച്ചിയിലും വന്‍ സ്‌ഫോടനങ്ങള്‍. ലാഹോറിലെ വാള്‍ട്ടണ്‍ വിമാനത്താവളത്തിന് സമീപം മൂന്ന് സ്‌ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട് ചെയ്തതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് കറാച്ചിയില്‍ ഉഗ്ര സ്‌ഫോടനം ഉണ്ടായത്. തുടര്‍ച്ചയായ സ്‌ഫോടനങ്ങള്‍ പാകിസ്താനെ നടുക്കിയിരിക്കുകയാണ്. കറാച്ചിയിലെ ഷറഫി ഗോത്ത് എന്ന മേഖലയിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടന പരമ്പരകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍നിര്‍ത്തി രാജ്യത്തെ മൂന്ന് വിമാനത്താവളങ്ങള്‍ അടച്ചിട്ടതായി പാകിസ്താന്‍ എയര്‍പോര്‍ട്ട് അതോറിറ്റി (പിഎഎ) വ്യക്തമാക്കി. കറാച്ചി, ലാഹോര്‍, സിയാല്‍കോട്ട് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലെ പ്രവര്‍ത്തനങ്ങളാണ് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നത്.

ഗുജ്രന്‍വാല പ്രദേശത്തും സ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡ്രോണുകള്‍ ഉപയോഗിച്ചാണ് സ്‌ഫോടനങ്ങള്‍ നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സുരക്ഷാ സേന പ്രദേശം വളഞ്ഞിരിക്കുന്നതിനാല്‍ പ്രദേശവാസികളോട് വീടിനുള്ളില്‍ തന്നെ തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് ലോഹ ശകലങ്ങള്‍ പൊലീസ് കണ്ടെടുത്തു, സ്‌ഫോടനത്തിന്റെ കൃത്യമായ സ്വഭാവം നിലവില്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. 12 ഹെറോണ്‍ ഡ്രോണുകള്‍ ഒമ്പത് സ്ഥലങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, പാകിസ്താന്‍ സൈന്യം പൂഞ്ചില്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ 13 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. 59 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രിയും നാലിടങ്ങളില്‍ പാകിസ്താന്‍ ഷെല്ലാക്രമണം നടത്തി.

ഓപ്പറേഷന്‍ സിന്ദൂറിലൂടെ കനത്ത പ്രഹരം ഏറ്റതിന് പിന്നാലെ ഇന്ത്യന്‍ അതിര്‍ത്തികളിലേക്ക് ആരംഭിച്ച ഷെല്ലാക്രമണം തുടരുകയാണ് പാകിസ്താന്‍. കുപ്വാര, ബാരമുള്ള, ഉറി, അഖ്‌നൂര്‍ എന്നിവിടങ്ങളില്‍ ഇന്നലെ രാത്രിയും ഗ്രാമീണരുടെ വീടിനും നേരെ പാക് ഷെല്ലാക്രമണം നടത്തി. അര്‍ദ്ധരാത്രിക്ക് ശേഷം ഉണ്ടായ മാരക ഷെല്ലാക്രമണത്തില്‍, നിരവധി വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു.

ആക്രമണം തുടരുന്നതിനാല്‍ അതിര്‍ത്തി ഗ്രാമങ്ങള്‍ ഭൂരിഭാഗവും ജനങ്ങള്‍ വീടുകള്‍ ഉപേക്ഷിച്ചു പോയി കഴിഞ്ഞു.ആക്രമണ സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് സൈന്യം മാറ്റിപാര്‍പ്പിച്ചിരിക്കുകയാണ്.