ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യയ്‌ക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്ത് അൽഖ്വയ്ദ

ഓപ്പറേഷൻ സിന്ദൂർ:   ഇന്ത്യയ്‌ക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്ത് അൽഖ്വയ്ദ


ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്താന് പിന്തുണ പ്രഖ്യാപിച്ച് രാജ്യാന്തര ഭീകര സംഘടനയായ അൽഖ്വയ്ദ. ഓപ്പറേഷൻ സിന്ദൂറിനെ അപലപിച്ചും ഇന്ത്യയ്‌ക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്തുമുള്ള അൽഖ്വയ്ദയുടെ പ്രസ്താവന പുറത്തുവന്നു.

പാകിസ്താന് മേൽ ഇന്ത്യ വലിയ കടന്നാക്രമണം നടത്തി. അതിന് തിരിച്ചടി നൽകണം. ജിഹാദ് നടത്തണം എന്നാണ് പ്രസ്താവനയിൽ പറയുന്നത്. 'അൽഖ്വയ്ദ ഒഫ് ഇന്ത്യൻ സബ്‌കോണ്ടിനന്റ്' എന്ന പേരിലാണ് പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.

ഇന്ത്യയ്‌ക്കെതിരായ യുദ്ധത്തിൽ ഒന്നിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു. 'ഭഗ്‌വ' ഭരണകൂടം എന്നാണ് ഇന്ത്യയിലെ സർക്കാരിനെ പ്രസ്താവനയിൽ വിശേഷിപ്പിക്കുന്നത്. പാകിസ്താൻ മണ്ണിൽ ഇന്ത്യൻ ആക്രമണം എന്ന തലക്കെട്ടോടെയാണ് പ്രസ്താവന പ്രചരിക്കുന്നത്.

വിഷയത്തിന് പിന്നിൽ സംഘടിതമായ നീക്കമാണെന്നാണ് ഇന്റലിജൻസ് അനുമാനിക്കുന്നത്. ചിതറിക്കിടക്കുന്ന തീവ്രവാദ സംഘങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിൽ അൽഖ്വയ്ദയ്ക്കുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം സംശയിക്കുന്നത്.