വാഷിംഗ്ടണ്‍: ഇന്ത്യയും പാകിസ്താനും പരസ്പരം ആക്രമിക്കുന്നത് ഉടന്‍ നിര്‍ത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേരില്‍ പാക് അധീന കശ്മീരിലെ ഭീകര ക്യാമ്പുകളിലും അയല്‍ രാജ്യത്തിനുള്ളിലും ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണങ്ങള്‍ക്കിടയിലാണ് ട്രംപിന്റെ അഭ്യര്‍ത്ഥന.
കഴിഞ്ഞ മാസം കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഭിന്നതകള്‍ പരിഹരിക്കാന്‍ സഹായിക്കാമെന്നും ട്രംപ് വാഗ്ദാനം ചെയ്തു.
ഇത് വളരെ ഭയാനകമാണ്. രണ്ട് രാജ്യങ്ങളോടും യോജിക്കുന്നു എന്നതാണ് എന്റെ നിലപാട്. രണ്ടുരാജയ്ങ്ങളോടും നല്ലബന്ധവുമാണ്. ഇരുകൂട്ടരുടെയും പ്രശ്‌നങ്ങള്‍ എനിക്കറിയാം, അവര്‍ അത് പരിഹരിക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ നിര്‍ത്തുന്നത് കാണാനും ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ക്ക് ഇപ്പോള്‍ നിര്‍ത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. എനിക്ക് എന്തെങ്കിലും സഹായം ചെയ്യാന്‍ കഴിയുമെങ്കില്‍, ഞാന്‍ അവിടെ ഉണ്ടാകും, 'അദ്ദേഹം ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പ്രതികാരമായി ഇന്ത്യ ബുധനാഴ്ച പുലര്‍ച്ചെയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ പാക് അധീന കശ്മീരിലെയും പഞ്ചാബിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചത്.
അതേസമയം, പഞ്ചാബ് പ്രവിശ്യയിലെയും പാക് അധിനിവേശ കശ്മീരിലെയും നഗരങ്ങളില്‍ ഇന്ത്യ അര്‍ദ്ധരാത്രിക്ക് ശേഷം നടത്തിയ മിസൈല്‍ ആക്രമണങ്ങളിലും നിയന്ത്രണ രേഖയിലെ വെടിവയ്പ്പിലും 31 പേര്‍ കൊല്ലപ്പെടുകയും 57 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പാകിസ്താന്‍ ആര്‍മി വക്താവ് ലെഫ്റ്റനന്റ് ജനറല്‍ അഹമ്മദ് ഷെരീഫ് ചൗധരി പറഞ്ഞു.
ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂരിനോട് ചൊവ്വാഴ്ച പ്രതികരിച്ച ട്രംപ് , ശത്രുത 'വളരെ വേഗത്തില്‍' അവസാനിക്കുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു..
'ഇത് ഒരു നാണക്കേടാണ്, അദ്ദേഹം പറഞ്ഞു, 'ഞങ്ങള്‍ ഓവല്‍ ഓഫീസിലേക്ക് നടക്കുമ്പോള്‍ തന്നെ അതിനെക്കുറിച്ച് കേട്ടു. ഇത് പ്രതീക്ഷിച്ചിരുന്നതാണ്'- അദ്ദേഹം പറഞ്ഞു.
'കശ്മീര്‍ വിഷയത്തില്‍ അവര്‍ വളരെക്കാലമായി പോരാടുകയാണ്. നിരവധി, നിരവധി പതിറ്റാണ്ടുകളായി, നൂറ്റാണ്ടുകളായി പോരാടുകയാണ്,' ട്രംപ് പറഞ്ഞു.
ഇന്ത്യയ്ക്കും പാക്കിസ്താനും നല്‍കാന്‍ എന്തെങ്കിലും സന്ദേശമുണ്ടോ എന്ന് ചോദിച്ചപ്പോള്‍, 'ഇല്ല, ഇത് വളരെ വേഗത്തില്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ സഹായിക്കാമെന്ന് ട്രംപ്; പരസ്പര ആക്രമണം ഉടന്‍ നിര്‍ത്തണം
