ബിരുദാനന്തര വര്‍ക്ക് പെര്‍മിറ്റ് യോഗ്യതാ പട്ടികയില്‍ മാറ്റം വരുത്തി കാനഡ

ബിരുദാനന്തര വര്‍ക്ക് പെര്‍മിറ്റ് യോഗ്യതാ പട്ടികയില്‍ മാറ്റം വരുത്തി കാനഡ


ഒട്ടാവ : കാനഡയിലെ രാജ്യാന്തര വിദ്യാര്‍ത്ഥി പ്രോഗ്രാമുമായി ബന്ധപ്പെട്ട വര്‍ക്ക് പെര്‍മിറ്റുകള്‍ക്കുള്ള യോഗ്യതാ പട്ടികയില്‍ മാറ്റം വരുത്തി ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി). 178 പഠന മേഖലകളിലെ നോണ്‍ഡിഗ്രി പ്രോഗ്രാമുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി പോസ്റ്റ്ഗ്രാജുവേഷന്‍ വര്‍ക്ക് പെര്‍മിറ്റിന് (പിജിഡബ്ല്യുപി) അര്‍ഹത ഉണ്ടായിരിക്കില്ലെന്ന് ഐആര്‍സിസി അറിയിച്ചു. അതേസമയം വെട്ടിക്കുറച്ച പ്രോഗ്രാമുകളില്‍, കാനഡയില്‍ തൊഴില്‍ ക്ഷാമം നേരിടുന്ന തൊഴിലുകളുമായി ബന്ധമില്ലാത്തവയാണെന്ന് ഐആര്‍സിസി പറയുന്നു. എന്നാല്‍, ആരോഗ്യ സംരക്ഷണം, സാമൂഹിക സേവനം, വിദ്യാഭ്യാസം, വ്യാപാര മേഖലകള്‍ എന്നിവയുള്‍പ്പെടെ 119 മേഖലകളെ പിജിഡബ്ല്യുപിക്ക് അര്‍ഹതയുള്ളവയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ പിജിഡബ്ല്യുപി യോഗ്യതാ പട്ടികയിലുള്ള ആകെ പഠന മേഖലകള്‍ 920 ആയി.

2024 നവംബര്‍ 1നോ അതിനുശേഷമോ പഠനാനുമതിക്കായി അപേക്ഷിച്ച, നോണ്‍ ഡിഗ്രി പ്രോഗ്രാമുകളിലെ രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ പുതിയ മാറ്റങ്ങള്‍ ബാധകമാകൂ. അതായത് ബാച്ചിലേഴ്‌സ്, മാസ്റ്റേഴ്‌സ് അല്ലെങ്കില്‍ ഡോക്ടറല്‍ പ്രോഗ്രാമുകളില്‍ നിന്ന് ബിരുദം നേടിയവര്‍ക്ക് ഈ മാറ്റങ്ങള്‍ ബാധകമാകില്ല. 2025 ജൂണ്‍ 25നോ അതിനുശേഷമോ പഠനാനുമതിക്കായി അപേക്ഷിച്ചവര്‍ക്കും യോഗ്യതാ പട്ടികയിലെ മാറ്റങ്ങള്‍ ബാധകമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഐആര്‍സിസി യുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

2025ല്‍, ഫെഡറല്‍ ഇക്കണോമിക് ക്ലാസ് നറുക്കെടുപ്പുകള്‍ കാനഡയില്‍ ജോലി പരിചയമുള്ള (കനേഡിയന്‍ എക്‌സ്പീരിയന്‍സ് ക്ലാസ്) ഉദ്യോഗാര്‍ത്ഥികളെ സ്ഥിര താമസത്തിനായി അപേക്ഷിക്കാന്‍ ക്ഷണിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഒട്ടാവ കൂട്ടിച്ചേര്‍ത്തു.

ബിരുദാനന്തര വര്‍ക്ക് പെര്‍മിറ്റ് യോഗ്യതാ പട്ടികയില്‍ മാറ്റം വരുത്തി കാനഡ