​യുപിയിൽ രാഹുലോ പ്രിയങ്കയോ ഉറപ്പായും മത്സരിക്കുമെന്ന് എ.കെ.ആൻ്റണി

​യുപിയിൽ രാഹുലോ പ്രിയങ്കയോ ഉറപ്പായും മത്സരിക്കുമെന്ന് എ.കെ.ആൻ്റണി


തിരുവനന്തപുരം: ഉത്തർപ്രദേശിൽ ഗാന്ധി കുടുംബത്തിൽ നിന്ന് ഒരാൾ മത്സരിക്കുമെന്നും അത് രാഹുലോ പ്രിയങ്കയോ ആകാമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി . അമേഠിയിലെയും റായ്ബറേലിയിലെയും​ സ്ഥാനാർത്ഥികളെ സംബന്ധിച്ചുള്ള  കോൺഗ്രസിൻറെ തീരുമാനം ​വരുന്നതോടെ കാര്യങ്ങൾ വ്യക്തമാകും.

ഗാന്ധി കുടുംബത്തിലെ ഒരു അംഗം ​പരമ്പരാഗത സീറ്റിൽ നിന്ന് മത്സരിക്കുമോ എന്ന ചോദ്യത്തിന്, “അതെ, ഒരാൾ ഉണ്ടാകും” എന്നായിരുന്നു ആന്റണിയുടെ മറുപടി. അത് റോബർട്ട് വദ്ര ആയിരിക്കില്ലെന്നും രാഹുലോ പ്രിയങ്കയോ തന്നെയായിരിക്കുമെന്നും​ ആൻറണി പറഞ്ഞു.

​'ഭാരത് ജോഡോ യാത്ര​'ക്ക് ശേഷം ഇപ്പോൾ രാജ്യത്തുള്ളത് പുതിയ രാഹുലാണ്. എല്ലാ പ്രതിപക്ഷ കക്ഷികൾക്കും സ്വീകാര്യനായ വ്യക്തിയാണ് അദ്ദേഹമെന്നും ആന്റണി പറഞ്ഞു.

ദിവസം ചെല്ലുംതാറും ഇൻഡ്യ സഖ്യത്തിന്റെ ആത്മവിശ്വാസം കൂടി വരികയാണെന്നും ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയുടെ ആത്മവിശ്വാസം കുറഞ്ഞു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരോഗ്യസ്ഥിതി കണക്കിലെടുത്ത് കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സ്ഥാനാർഥികൾക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമോ എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. പത്തനംതിട്ടയിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്ന മകൻ അനിൽ ആന്റണി തോൽക്കണമെന്ന് തുറന്നു പറഞ്ഞ ആന്റണി ​'ഞാൻ കോൺഗ്രസാണ്. എന്‍റെ മതം കോൺഗ്രസാണ്. നരേന്ദ്ര മോദിയോടൊപ്പം പോകുന്നത് ആരായാലും തെറ്റാ​ണ്' എന്നും പറഞ്ഞിരുന്നു.