സോൾ: പഹൽഗാം ഭീകരാക്രമണം, ഓപറേഷൻ സിന്ദൂർ എന്നിവയുടെ പശ്ചാത്തലത്തിൽ ഭീകരതക്കെതിരായ ഇന്ത്യയുടെ നിലപാട് വിദേശ രാജ്യങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി ഇന്ത്യൻ പ്രതിനിധി സംഘങ്ങൾ വിവിധ രാജ്യങ്ങളിൽ സന്ദർശനം തുടരുന്നു. ദക്ഷിണ കൊറിയ, ഖത്തർ, ഗയാന എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി വിവിധ പ്രതിനിധി സംഘങ്ങൾ കൂടിക്കാഴ്ച നടത്തുകയും ഭീകരതക്ക് പാകിസ്താൻ നൽകുന്ന പിന്തുണ വിശദീകരിക്കുകയും ചെയ്തു.
ദക്ഷിണ കൊറിയൻ നേതൃത്വവുമായുള്ള കൂടിക്കാഴ്ചയിൽ, പാകിസ്താൻ ഭീകരതക്ക് താവളമൊരുക്കുന്നതിനെക്കുറിച്ച് ലോകം ജാഗ്രത പുലർത്തണമെന്ന് തൃണമൂൽ കോൺഗ്രസ് എം.പി അഭിഷേക് ബാനർജി പറഞ്ഞു. വീടിന്റെ പിന്മുറ്റത്ത് ഒരു പാമ്പിനെ വളർത്തിയാൽ അയൽവാസിയുടെ കാര്യം മാത്രം ചിന്തിച്ചാൽ മതി. എന്നാൽ, പാമ്പിനെ തുറന്നുവിട്ടാൽ, അത് സാധിക്കുന്നവരെയെല്ലാം കടിക്കും. ഇതുപോലെയാണ് പാകിസ്താൻ ഭീകരതയെ ഊട്ടിവളർത്തുന്നത് അദ്ദേഹം കൂട്ടിച്ചേർത്തു.
ജെ.ഡി.യു രാജ്യസഭാ എം.പി സഞ്ജയ് കുമാർ ഝായുടെ നേതൃത്വത്തിലുള്ള സംഘത്തിൽ അംഗമാണ് അഭിഷേക് ബാനർജി. കൊറിയൻ ദേശീയ അസംബ്ലിയുടെ കൊറിയഇന്ത്യ പാർലമെന്ററി ഫ്രണ്ട്ഷിപ് ഗ്രൂപ് ചെയർപേഴ്സൻ യുൻ ഹോജംഗിനെ കണ്ട പ്രതിനിധി സംഘം, ഓപറേഷൻ സിന്ദൂരിനെക്കുറിച്ച് വിശദീകരിച്ചു.
എൻ.സി.പിഎസ്.പി നേതാവ് സുപ്രിയ സുലെയുടെ നേതൃത്വത്തിൽ ഖത്തറിലെത്തിയ സംഘം വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽഅസീസ് ബിൻ സലേ അൽ ഖുലൈഫിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയോടുള്ള ഐക്യദാർഢ്യം അറിയിച്ച സഹമന്ത്രി, ഭീകരതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണുള്ളതെന്നും വ്യക്തമാക്കി. ഞായറാഴ്ച, ഖത്തർ ശൂറ കൗൺസിൽ ഉപാധ്യക്ഷൻ ഡോ. ഹംദ അൽ സുലൈതിയുമായും സംഘം കൂടിക്കാഴ്ച നടത്തി.
കോൺഗ്രസ് എം.പി ഡോ. ശശി തരൂരിന്റെ നേതൃത്വത്തിൽ ഗയാനയിൽ എത്തിയ പ്രതിനിധി സംഘം വൈസ് പ്രസിഡന്റ് ഭരത് ജഗ്ദിയോ, പ്രധാനമന്ത്രി മാർക്ക് ഫിലിപ്‌സ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
ഭീകരതക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ഇരുവരും പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. പഹൽഗാം ഭീകരാക്രമണം, ഓപറേഷൻ സിന്ദൂർ, സിന്ധു നദീജല കരാർ എന്നിവ സംബന്ധിച്ച് ഇന്ത്യൻ സംഘം നിലപാട് വ്യക്തമാക്കി. ചൊവ്വാഴ്ച ശശി തരൂരിന്റെ നേതൃത്വത്തിലുള്ള സംഘം പാനമയും സന്ദർശിക്കും.
ഭീകരതക്കെതിരായ ഇന്ത്യയുടെ നിലപാട് വിദേശ രാജ്യങ്ങളെ ബോധ്യപ്പെടുത്തി പ്രതിനിധി സംഘങ്ങൾ
