ന്യൂഡല്‍ഹി: യുക്രെയ്നിലും പശ്ചിമേഷ്യയിലും തുടരുന്ന സംഘര്‍ഷങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. എവിടെയുണ്ടാകുന്ന യുദ്ധവും എല്ലായിടത്തുമുള്ള സമാധാനത്തിന് ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധങ്ങള്‍ ലോകമെമ്പാടുമുള്ള ജനജീവിതത്തിലും സമ്പദ്വ്യവസ്ഥകളിലും സൃഷ്ടിക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളിലേക്കും അദ്ദേഹം ശ്രദ്ധ ക്ഷണിച്ചു.
ഐക്യരാഷ്ട്രസഭാ ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന ചിന്മയ അമൃത് മഹോത്സവ് ഗ്ലോബല്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘര്‍ഷങ്ങള്‍ പരിഹരിക്കാനുള്ള ഏക മാര്‍ഗം സംവാദവും നയതന്ത്രവുമാണെന്ന ഇന്ത്യയുടെ നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു.
''ഇന്ന് ലോകത്ത് രണ്ട് പ്രധാന സംഘര്‍ഷങ്ങളാണ് നടക്കുന്നത്- യുക്രെയ്നിലും പശ്ചിമേഷ്യയിലും. ഈ സംഘര്‍ഷങ്ങളില്‍ നേരിട്ട് ഇടപെടാന്‍ അധികാരമോ സ്വാധീനമോ ഇല്ലാത്ത, യുദ്ധമേഖലകളില്‍നിന്ന് ഏറെ അകലെയുള്ള സമൂഹങ്ങളും ജനങ്ങളും സമ്പദ്വ്യവസ്ഥകളും അതിന്റെ വില നല്‍കേണ്ടിവരുന്നു,'' ജയശങ്കര്‍ പറഞ്ഞു.
നിസ്സഹായരായ കാഴ്ചക്കാരായി തുടരാനാകില്ല
ആഗോള സമൂഹത്തിന് നിശ്ശബ്ദ കാഴ്ചക്കാരായി തുടരാനാകില്ലെന്ന് ജയശങ്കര്‍ വ്യക്തമാക്കി. സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനായി ഇന്ത്യ സ്വന്തം നിലയില്‍ ശ്രമങ്ങള്‍ നടത്തിവരികയാണെന്നും സമാധാനം പുനഃസ്ഥാപിക്കുന്നതിനായി മറ്റ് രാജ്യങ്ങളുമായി സഹകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
''സംവാദവും നയതന്ത്രവുമാണ് ഏക പരിഹാരമെന്ന് ആവശ്യപ്പെടുന്നതിലൂടെ ഇന്ത്യ ആഗോള ജനവികാരമാണ് പ്രകടിപ്പിക്കുന്നത്. സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ ഇന്ത്യ സ്വന്തം നിലയില്‍ ശ്രമങ്ങള്‍ നടത്തുന്നു. ഈ ലക്ഷ്യത്തിനായി മറ്റ് പങ്കാളികളുമായി സഹകരിക്കാനും തയ്യാറാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുരോഗതിയും സമൃദ്ധിയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും ആഗോള വിതരണശൃംഖലകളെയും വിപണികളെയും പൊതുവിഭവങ്ങളെയും ആശ്രയിക്കുന്ന ഇന്നത്തെ ലോകത്ത് ഒരു വിഭാഗം മാത്രം സമൃദ്ധിയിലേക്കും മറ്റൊരു വിഭാഗം പിന്നാക്കാവസ്ഥയിലേക്കും നീങ്ങുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'സങ്കീര്‍ണമായ വിതരണശൃംഖലകളും ആഗോളവത്ക്കരിക്കപ്പെട്ട വിപണികളും പൊതുവിഭവങ്ങളും നിലനില്‍ക്കുന്ന കാലത്ത് ലോകത്തിന്റെ ഒരു ഭാഗം മാത്രം സമൃദ്ധിയിലും മറ്റൊരു ഭാഗം അതില്‍നിന്ന് അകന്നും കഴിയുന്ന സാഹചര്യം നിലനില്ക്കാനാവില്ല. ഇത് തുടര്‍ച്ചയായ അസ്ഥിരതയ്ക്കുള്ള വഴിയൊരുക്കും,' ജയശങ്കര്‍ പറഞ്ഞു.
ആഗോള സമാധാനത്തിന് ഭീകരവാദം ഉയര്‍ത്തുന്ന ഭീഷണിയും വിദേശകാര്യ മന്ത്രി എടുത്തുപറഞ്ഞു. തീവ്രവാദത്തെയും ഭീകരവാദത്തെയും ഒരു കാരണവശാലും ന്യായീകരിക്കാനോ യുക്തിസഹമെന്ന് വരുത്തിത്തീര്‍ക്കാനോ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഭരണകൂടങ്ങളുടെ നയതന്ത്ര- രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടുന്നതിനുള്ള ഉപകരണമായി ഭീകരവാദത്തെ ഉപയോഗിക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഭീകരവാദത്തിന്റെ എല്ലാ രൂപങ്ങളെയും പ്രകടനങ്ങളെയും ചെറുക്കുന്നതിന് ആഗോളതലത്തില്‍ കൂടുതല്‍ അവബോധവും രാജ്യങ്ങള്‍ക്കിടയില്‍ ശക്തമായ കൂട്ടായ പ്രതിബദ്ധതയും ആവശ്യമാണെന്നും ജയശങ്കര്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ താത്പര്യങ്ങളുടെ പേരില്‍ ഭീകരവാദത്തെ ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാ രാജ്യങ്ങളും ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കാത്തതാണ് ഈ ഭീഷണി തുടരുന്നതിനുള്ള കാരണങ്ങളിലൊന്നെന്ന് ജയശങ്കര്‍ പറഞ്ഞു. ചരിത്രത്തില്‍നിന്ന് നിരവധി പാഠങ്ങള്‍ ലഭിച്ചിട്ടും ചില രാജ്യങ്ങള്‍ രാഷ്ട്രീയ കണക്കുകൂട്ടലുകള്‍ക്ക് മുന്‍ഗണന നല്‍കുന്നത് തുടരുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
'ഭീകരവാദം സമാധാനത്തിന് മറ്റൊരു മാരകമായ ഭീഷണിയാണ്. ഭരണകൂടങ്ങളുടെ തന്ത്രപരമായ ഉപകരണമായി അതിനെ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല. അതിനെ ഒരിക്കലും ന്യായീകരിക്കാനോ യുക്തിസഹമെന്ന് വിശേഷിപ്പിക്കാനോ കഴിയില്ല. എന്നിട്ടും എല്ലാ രാജ്യങ്ങളും അതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നില്ലെന്നതിനാല്‍ ഭീകരവാദം തുടരുന്നു. ചരിത്രം നല്കുന്ന പാഠങ്ങള്‍ നിലനില്‍ക്കുമ്പോഴും ചിലര്‍ രാഷ്ട്രീയ കണക്കുകൂട്ടലുകള്‍ക്ക് മുന്‍ഗണന നല്കുന്നു,' അദ്ദേഹം പറഞ്ഞു.
ഭീകരവാദത്തിനെതിരെ ആഗോളതലത്തില്‍ കൂടുതല്‍ ജാഗ്രതയും കൂട്ടായ പ്രവര്‍ത്തനവും ആവശ്യമാണെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പാകിസ്താനുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ ന്യായീകരിച്ചതിന് പിന്നാലെയാണ് ജയശങ്കറിന്റെ പ്രസ്താവന. പാകിസ്താനുമായി ഇടപഴകുന്നത് ഭീകരവാദം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇസ്ലാമാബാദിന്റെ തീരുമാനങ്ങളെ സ്വാധീനിക്കാന്‍ വാഷിംഗ്ടണിന് കൂടുതല്‍ അവസരം നല്‍കുമെന്നായിരുന്നു റൂബിയോയുടെ വാദം.
'വിവിധ വിഷയങ്ങളില്‍ അവര്‍ എടുക്കുന്ന തീരുമാനങ്ങളില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ ഈ ബന്ധം നമ്മെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു,' എന്നായിരുന്നു റൂബിയോയുടെ പ്രതികരണം.
ഭീകരവാദത്തെ നേരിടാന്‍ അമേരിക്കയോളം ശ്രമിക്കുന്ന മറ്റൊരു രാജ്യമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
