ജഡ്ജിയുടെ 17 കാരനായ മകന്‍ ഓടിച്ച കാര്‍ ഇടിച്ചു തെറിപ്പിച്ചു; സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു, സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച് പോലീസ്

ജഡ്ജിയുടെ 17 കാരനായ മകന്‍ ഓടിച്ച കാര്‍ ഇടിച്ചു തെറിപ്പിച്ചു; സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു, സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച് പോലീസ്


കൊച്ചി: നെടുമ്പാശേരിക്ക് പിന്നാലെ കൊച്ചിയെ നടുക്കി വീണ്ടും ജീവനെടുത്ത് ആഢംബര കാര്‍ അപകടം. ചേരാനെല്ലൂരില്‍ ജഡ്ജിയുടെ പതിനേഴുകാരനായ മകന്‍ ഓടിച്ച ആഢംബര കാര്‍ ഇടിച്ച് തട്ടുകട നടത്തുന്ന മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ മരിച്ചു. ഇരിഞ്ഞാലക്കുട അഡീ. ജഡ്ജി റിനോ ഫ്രാന്‍സിസിന്റെ മകനാണ് വാഹനം ഓടിച്ചത്. ജഡ്ജിയുടെ പേരിലാണ് കാര്‍. അശ്രദ്ധമായും അപകടകരമായും കാര്‍ ഓടിച്ച പ്രതിക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യ ചുമത്തിയാണ് കേസെടുത്തത്. 

രാവിലെ മൂന്ന് മണിക്കാണ് സംഭവം. തട്ടുകട അടച്ച് ജയബാലകൃഷ്ണന്‍ വീട്ടിലേക്ക് പോകുമ്പോള്‍ സ്‌കൂട്ടറില്‍ വന്ന് കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ജയബാലകൃഷ്ണന്‍ തെറിച്ചുവീണു. കാര്‍ അമിതവേഗത്തിലായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബെന്‍സ് കാര്‍ ആണ് പതിനേഴുകാരന്‍ ഓടിച്ചത്. അശ്രദ്ധമായി വാഹനം ഓടിക്കല്‍, മനഃപൂര്‍വ്വമല്ലാത്ത നരഹത്യ എന്നി വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

സംഭവത്തില്‍ വിവരം തിരക്കിയപ്പോള്‍ ജഡ്ജി തട്ടിക്കയറിയെന്ന് ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍. തന്നെ ചോദ്യം ചെയ്യാന്‍ വരേണ്ടെന്ന് ഇരിഞ്ഞാലക്കുട അഡീ. ജഡ്ജി റിനോ ഫ്രാന്‍സിസ് പറഞ്ഞതായി ജയബാലകൃഷ്ണന്റെ സഹോദരീപുത്രി ജയലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു. ജഡ്ജിയുടെ മകനാണ് പതിനേഴുകാരന്‍. കേസുമായി മുന്നോട്ടുപോകുമെന്നും സഹോദരീപുത്രി വ്യക്തമാക്കി. 

'വളരെ വേഗം കുറച്ചാണ് മാമന്‍ വണ്ടി ഓടിക്കാറ്. മെക്കാനിക്കല്‍ എന്‍ജിനീയര്‍ കൂടിയാണ്. ഇഷ്ടപ്പെട്ട പ്രൊഫഷനായ തട്ടുകടയാണ് ഏക വരുമാന മാര്‍ഗം. മൂന്ന് മക്കള്‍ ആണ് മാമന് ഉള്ളത്. മാമന്‍ ഓടിച്ചിരുന്ന വണ്ടി കിടക്കുന്ന കിടപ്പ് കാണണം. കാര്‍ നൂറിലെങ്കിലും പയ്യന്‍ ഓടിച്ചുകാണണം. കാര്‍ നിര്‍ത്താതെ പോകാന്‍ ശ്രമിച്ചതാണ്. എന്നാല്‍ സ്‌കൂട്ടറുമായുള്ള ഇടിയില്‍ കാര്‍ നിന്നുപോയി. ഒരു കിലോമീറ്റര്‍ അപ്പുറമാണ് കാര്‍ കിടക്കുന്നത്. ടൂവീലര്‍ ഛിന്നഭിന്നമായി. സര്‍വീസ് റോഡിലാണ് മൃതദേഹം കിടന്നത്.'- ജയലക്ഷ്മി പറഞ്ഞു.

'സ്റ്റേഷനില്‍ എത്തി പയ്യനെ ഒന്നു കാണാന്‍ പറ്റുമോ എന്ന് ചോദിച്ചു. കാണാന്‍ പറ്റില്ല എന്ന് പറഞ്ഞു. മാതാപിതാക്കളെ കാണാന്‍ പറ്റുമോ എന്ന് ചോദിച്ചു. ജഡ്ജിയെ കണ്ടപ്പോള്‍ പതിനേഴു വയസുകാരന്റെ കൈയില്‍ വണ്ടി കൊടുത്ത് വിടാന്‍ പാടില്ല എന്ന് അറിയില്ലേ സാറെ എന്ന് ചോദിച്ചു. നിങ്ങള്‍ എന്നെ ചോദ്യം ചെയ്യാന്‍ ഒന്നും നില്‍ക്കണ്ട. അതിനൊന്നും നിങ്ങള്‍ ആയിട്ടില്ല എന്ന് പറഞ്ഞു. അഹങ്കാരത്തോടെയാണ് സംസാരിച്ചത്. ഞങ്ങള്‍ മാനസികമായി തകര്‍ന്ന് തരിപ്പണമായി ഇരിക്കുന്ന സമയത്താണ് ഇങ്ങനെ പറഞ്ഞത്. പൊലീസുകാര്‍ മാന്യമായാണ് ഇടപെട്ടത്.'- ജയലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്ന് ചേരാനെല്ലൂര്‍ സിഐ ശ്യാംകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിയുടെ പ്രാഥമിക വൈദ്യ പരിശോധനയില്‍ മദ്യപിച്ചിട്ടില്ല എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത് എന്നും സിഐ പറഞ്ഞു. എന്നാല്‍ വിശദമായ പരിശോധനയ്ക്കായി ബ്ലഡ് സാമ്പിള്‍ എടുത്തിട്ടുണ്ട്. അശ്രദ്ധമായി വാഹനം ഓടിച്ച വകുപ്പ് അനുസരിച്ചാണ് കേസെടുത്തിരിക്കുന്നതെന്നും സിഐ വ്യക്തമാക്കി. അതേസമയം, അഡീഷണല്‍ ജഡ്ജിയുടെ പതിനേഴുകാരനായ മകനെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ ഹാജരാക്കിയില്ല. കേസില്‍ വാഹന ഉടമയെ പ്രതി ചേര്‍ക്കുമെന്നും പൊലീസ് പറഞ്ഞു 

വാഹനം ഓടിക്കാനുള്ള കൊതി കൊണ്ടാണ് അച്ഛന്റെ ആഡംബര കാര്‍ എടുത്തതെന്ന് പതിനേഴുകാരന്‍ പൊലീസില്‍ മൊഴി നല്‍കിയത്. ആലുവയിലെ ഫ്‌ലാറ്റില്‍നിന്നാണ് വാഹനം എടുത്തതെന്ന് പതിനേഴുകാരന്‍ പൊലീസിനോട് പറഞ്ഞു. ചേരാനല്ലൂരില്‍ വാഹനം തിരിച്ച് ആലുവയിലേക്ക് പോകാന്‍ തുടങ്ങുമ്പോഴാണ് അപകടം നടന്നത്. മഴകാരണം ജയബാലകൃഷ്ണന്റെ സ്‌കൂട്ടര്‍ കണ്ടില്ല. കാറുമായി പുറത്തേക്ക് പോകുമ്പോള്‍ വീട്ടുകാര്‍ ഫ്‌ലാറ്റിന്റെ മൂന്നാം നിലയിലായിരുന്നു. താഴെ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ എടുക്കുന്നത് വീട്ടുകാര്‍ കണ്ടില്ല. വെറുതേ കറങ്ങാന്‍ ഇങ്ങിയതാണെന്നും പതിനേഴുകാരന്‍ പൊലീസിനോട് പറഞ്ഞു.

വാഹനാപകടത്തിന്റെ കേസാണ് നിലവില്‍ എടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാന്‍ രക്ത സാംപിള്‍ എടുത്തിട്ടുണ്ട്. അന്വേഷണത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമായാല്‍ മറ്റു വകുപ്പുകള്‍ ചേര്‍ക്കുമെന്നും പൊലീസ് പറഞ്ഞു. ഇരിങ്ങാലക്കുട അഡീഷനല്‍ ജഡ്ജിയുടെ മകനാണ് പിടിയിലായ പതിനേഴുകാരന്‍.