തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മീഷന് ചെയര്മാന് ഡോ. എംആര്‍ ബൈജുവിനെ പുറത്താക്കാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ഗവര്‍ണര്‍ ശുപാര്‍ശ നല്കി. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച മുമ്പാണ്, തന്റെ സവിശേഷ അധികാരം ഉപയോഗിച്ച് രാഷ്ട്രപതിക്ക് ശുപാര്‍ശ സമര്‍പ്പിച്ചത്. പിഎസ്സി ചെയര്‍മാനെതിരെ ഗവര്‍ണര്‍ ഇത്തരത്തില്‍ ശുപാര്‍ശ നല്‍കുന്നത് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമാണ്.
പിഎസ്സി പരീക്ഷാക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവിധ പരാതികളുടെ അടിസ്ഥാനത്തിലാണ് മുന്‍ ഗവര്‍ണര്‍ അസാധാരണ നടപടിക്ക് മുതിര്‍ന്നത്. പിഎസ്സി ചെയര്‍മാനെയും, പിഎസ് സിയിലെ മുഴുവന്‍ അംഗങ്ങളെയും പുറത്താക്കണമെന്ന് രാജേന്ദ്ര ആര്‍ലേക്കര്‍ ശുപാര്‍ശയില്‍ ആവശ്യപ്പെടുന്നു. പരീക്ഷാ ക്രമക്കേടുകളില്‍ ഗുരുതരമായ കാര്യങ്ങളും കണ്ടെത്തലുകളുമുണ്ടെന്ന് ആര്‍ലേക്കര്‍ രാഷ്ട്രപതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
പിഎസ്സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികള്‍ ഗവര്‍ണര്‍ക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പിഎസ്സി സെക്രട്ടറിയെ ലോക് ഭവനിലേക്ക് വിളിച്ചു വരുത്തി ഗവര്‍ണര്‍ നേരത്തെ വിശദീകരണം തേടിയിരുന്നു. ആസൂത്രണ ബോര്‍ഡ് അടക്കമുള്ള പരീക്ഷാ ക്രമക്കേടില്‍ പിഎസ്സിക്കെതിരെ സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള ക്രൈംബ്രാഞ്ച് നിര്‍ദേശം പിഎസ്സി ചെയര്‍മാനും അംഗങ്ങളും തള്ളിയിരുന്നു.
ഇടത് സംഘടനയിൽ പെട്ടയാളെ നിയമിക്കാൻ എല്ലാ ചട്ടങ്ങളും കാറ്റിൽപറത്തി എന്നാണ് പിഎസ്സിക്കെതിരെ ഉയർന്ന ഗുരുതര ആരോപണം. 58 മാർക്കിന്റെ ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെ ഒഴിവാക്കിയായിരുന്നു ക്രമക്കേട് നടത്തിയത്. ഹൈക്കോടതി ഇടപെട്ടതോടെ പുനർമൂല്യനിർണയം നടത്തുകയും, മൂന്നാം റാങ്കിലേക്ക് തള്ളിയ ഉദ്യോഗാർത്ഥി ഒന്നാം റാങ്കുകാരനായതായി പിഎസ്സി തന്നെ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. സർക്കാർ ഉത്തരവിട്ട ക്രൈം ബ്രാഞ്ച് അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിഎസ്സി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കനത്ത തിരിച്ചടി നേരിട്ടിരുന്നു.
തമിഴ്നാട്ടിലേക്ക് സ്ഥലംമാറ്റം ലഭിക്കുന്നതിന് ഒരാഴ്ച മുൻപാണ്, പിഎസ്സി ചെയർമാനെ നീക്കം ചെയ്യാനുള്ള കാരണങ്ങൾ വിശദീകരിച്ചുകൊണ്ട് അദ്ദേഹം രാഷ്ട്രപതിക്ക് കത്തയച്ചത്. ഈ വിഷയം അദ്ദേഹം സുപ്രീം കോടതിയുടെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ട്. പിഎസ്സി അംഗങ്ങളുടെ നിയമനം ആറ് വർഷത്തേക്കാണ്, പിഎസ്സി കേസിലെ അന്വേഷണം കാര്യക്ഷമമല്ലെന്ന് കേരള ഹൈക്കോടതി അടുത്തിടെ വിമർശിച്ചിരുന്നു.
മുൻ കേരളം ഗവർണറായിരുന്ന രാജേന്ദ്ര വിശ്വനാഥ അർലേക്കർ, തമിഴ്നാടിൻ്റെ അധിക ചുമതലയും വഹിച്ചിരുന്നു. പിന്നീട് അദ്ദേഹത്തെ തമിഴ്നാട്ടിലേക്ക് സ്ഥിരം ഗവർണറായി മാറ്റി നിയമിച്ചു. തമിഴ്നാട്ടിലേക്ക് സ്ഥലം മാറ്റം ലഭിച്ചതിനെത്തുടർന്ന്, ഒക്ടോബർ 23-നാണ് രാജേന്ദ്ര വിശ്വനാഥ അർലേക്കർ കേരള ഗവർണർ സ്ഥാനത്തുനിന്ന് ഒഴിഞ്ഞത്. നിലവിൽ ഓം പ്രകാശ് മാഥുറാണ് കേരള ഗവർണർ.
ഭിന്നാഭിപ്രായങ്ങളുമായി മന്ത്രിമാർ
ഗവർണർ സ്ഥാനം ഒഴിയുന്നതിന് തൊട്ടുമുന്നേയുള്ള അർലേക്കറുടെ നടപടിയെ ന്യായീകരിച്ച് ആരോഗ്യ മന്ത്രി കെ മുരളീധരൻ രംഗത്തെത്തിയപ്പോൾ പരസ്യമായി തള്ളി റവന്യു മന്ത്രി എ പി അനിൽ കുമാറും പ്രതികരിച്ചു. സർക്കാരിനെ ഇരുട്ടിൽ നിർത്തി, സർക്കാരിനെ അറിയിക്കാതെ തന്നെ പി എസ് സി ചെയർമാനെയടക്കം പുറത്താക്കാൻ രാഷ്ട്രപതിക്ക് ശുപാർശ നൽകിയ ഗവർണറുടെ നടപടി ഭരണഘടനാ മര്യാദകൾക്ക് നിരക്കുന്നതല്ലെന്നാണ് അനിൽ കുമാർ അഭിപ്രായപ്പെട്ടത്. ഇക്കാര്യം ഗവർണർ സ്ഥാനത്തിരുന്ന അർലേക്കർ ആദ്യം സർക്കാരിനെ അറിയിക്കേണ്ടിയിരുന്നു എന്നും റവന്യു മന്ത്രി ചൂണ്ടിക്കാട്ടി. രാജ്ഭവൻ രാഷ്ട്രീയ കേന്ദ്രമാകരുതെന്നും അനിൽ കുമാർ ആവശ്യപ്പെട്ടു.
പി.എസ്.സിയുമായി ബന്ധപ്പെട്ട വാർത്തയറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്ന് മന്ത്രി എം. ലിജു പറഞ്ഞു. പി.എസ്.സിയിൽ അഴിമതി നടന്നിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്. കുറ്റക്കാരായവർക്കെതിരെ ശക്തമായ നടപടിയുണ്ടാകണം. പിരിച്ചുവിടണമെന്ന ആവശ്യത്തെക്കുറിച്ച് കൂടെയുള്ളവരുമായി ആലോചിച്ച ശേഷമേ കൃത്യമായ മറുപടി പറയാൻ സാധിക്കൂ."- ലിജു മാധ്യമങ്ങളോട് പറഞ്ഞു.
പി എസ് സിയുടെ ഭാഗത്ത് ക്രമക്കേട് വളരെ വ്യക്തമാണെന്നും അതുകൊണ്ടാണ് സംസ്ഥാന സർക്കാർ തന്നെ അന്വേഷണം നടത്താൻ തീരുമാനിച്ചതെന്നും മുരളീധരൻ പറഞ്ഞു. സർക്കാർ അന്വേഷണത്തോട് സഹകരിക്കാത്ത നിലപാട് പി എസ് സി സ്വീകരിച്ചു. അതുകൊണ്ടായിരിക്കാം ഇത്തരമൊരു നടപടിയിലേക്ക് ഗവർണർ കടന്നത്. പി എസ് സി സ്വതന്ത്ര സ്ഥാപനം ആണെങ്കിലും അതിന്റെ ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിച്ചു. അതുകൊണ്ടാണ് സർക്കാർ ഇടപ്പെട്ടതെന്നും മുരളീധരൻ പറഞ്ഞു. അഴിമതിയുള്ള സ്ഥാപനമായി പി എസ് സി മാറി. എൽ ഡി എഫ് പറയുന്നത് രാഷ്ട്രീയമാണ്. പി എസ് സിയെ ഇത്രയും വഷളാക്കിയ കാലഘട്ടം കേരളത്തിന്റെ ചരിത്രത്തിൽ വേറെയില്ല. ഈ പി എസ് സി പോകണമെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. പി എസ് സി അംഗങ്ങളുടെ നിയമനം സംബന്ധിച്ചുള്ള കാര്യങ്ങൾ സർക്കാർ ഇനി ആലോചിക്കേണ്ട കാര്യങ്ങളാണെന്നും മുരളീധരൻ പറഞ്ഞു.
പിഎസ്സിയിലുണ്ടായ ക്രമക്കേടുകളിൽ ഉത്തരവാദിത്തം ഉറപ്പാക്കുമെന്നും, കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. ആരോപണങ്ങളെ യുഡിഎഫ് സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്നും റിക്രൂട്ട്മെൻ്റ് ഏജൻസിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് സിദ്ദിഖ് അറിയിച്ചു. പിഎസ്സി ചെയർമാൻ എം. ആർ. ബൈജുവിനെ നീക്കം ചെയ്യണമെന്ന് മുൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ രാഷ്ട്രപതി ദ്രൗപദി മുർമുവിനോട് ശുപാർശ ചെയ്തതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
മുൻ എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് പിഎസ്സി റിക്രൂട്ട്മെൻ്റുകളിൽ യോഗ്യതയെ അവഗണിക്കുകയും, സ്ഥാപനത്തിൻ്റെ വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തുകയും ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചു. മന്ത്രിസഭ ഈ വിഷയം വിശദമായി ചർച്ച ചെയ്ത ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് അദ്ദേഹം പറഞ്ഞു. കോടതിയുടെ പൂർണ പിന്തുണയോടെയാണ് അന്വേഷണം നടക്കുന്നതെന്നും, നടപടികൾ വേഗത്തിലാക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമെന്ന് പിണറായി വിജയൻ
മുൻ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ ശുപാർശയ്ക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. ഗവര്‍ണറുടെ നടപടി നിയമവിരുദ്ധവും ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനവും കടുത്ത അധികാര ദുര്‍വിനിയോഗവുമാണ്. സ്ഥാനം ഒഴിഞ്ഞ ഗവര്‍ണര്‍ പോകുന്ന പോക്കില്‍ സംസ്ഥാനത്ത് ഇതുവരെ നടത്തിയ നിയമവിരുദ്ധ ഇടപെടലുകളുടെ തുടര്‍ച്ചയായി മറ്റൊരു ശുപാർശ കൂടി നൽകുകയായിരുന്നുവെന്നും പിണറായി വിജയൻ ഫെയ്സ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 316 പ്രകാരമാണ് പബ്ലിക് സര്‍വ്വീസ് കമ്മീഷനെ നിയമിക്കുന്നത്. നിലവിൽ ഒരു വിചാരണയും കേരളത്തിലെ പിഎസ് സി അംഗങ്ങള്‍ക്കെതിരായി സുപ്രീംകോടതിയില്‍ നടന്നിട്ടില്ല. ഗവര്‍ണർ മന്ത്രിസഭയുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് മാത്രമേ ഏതു പ്രവര്‍ത്തിയും നടത്താനാകൂ എന്ന് ആര്‍ട്ടിക്കിള്‍ 163 വ്യക്തമാക്കുന്നുണ്ട്. രാഷ്ട്രീയ വൈരനിര്യാതന ബുദ്ധിയോടെ പിഎസ് സിയെ സമീപിച്ച ചരിത്രം കേരളത്തിലില്ല. അതുകൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാര്‍, ഗവര്‍ണറുടെ ഈ നിയമവിരുദ്ധ നടപടിയില്‍ നിലപാട് വ്യക്തമാക്കണം.
'പിഎസ്സി ചെയര്‍മാനെ പുറത്താക്കണം'; രാഷ്ട്രപതിക്ക് ആര്‍ലേക്കറുടെ ശുപാര്‍ശ; ഭിന്നാഭിപ്രായങ്ങളുമായി മന്ത്രിമാരും
