'തലപ്പാവ് ഉള്‍പ്പെടെയുള്ള വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടു; മാനസികമായി പീഡിപ്പിച്ചു'

'തലപ്പാവ് ഉള്‍പ്പെടെയുള്ള വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടു; മാനസികമായി പീഡിപ്പിച്ചു'


അമൃതസര്‍: അനധികൃത കുടിയേറ്റത്തിന് യു എസില്‍ നിന്നും ഇന്ത്യയിലേക്ക് നാടുകടത്തിയ ജസ്വീന്ദര്‍ സിംഗിന് പറയാനുള്ളത് പീഡനം നേരിടേണ്ടി വന്ന കടുത്ത യാഥാര്‍ഥ്യങ്ങള്‍. ജസ്വീന്ദര്‍ സിംഗിന് മാത്രമല്ല നാടുകടത്തപ്പെട്ടവരെല്ലാം പറഞ്ഞത് യു എസിന്റെ മനുഷ്യത്വരഹിതമായ പെരുമാറ്റത്തെ കുറിച്ചായിരുന്നു. 

മോഗ ജില്ലയിലെ ധരംകോട്ടിലെ പണ്ടോരി ഏരിയന്‍ ഗ്രാമത്തില്‍ നിന്നാണ് 21കാരനായ ജസ്വീന്ദര്‍ സിംഗ് നല്ല ഭാവി ആഗ്രഹിച്ച് യു എസിലേക്ക് അനധികൃത കുടിയേറ്റത്തിന് ശ്രമിച്ചത്. കുടുംബത്തിന്റെ ഭൂമി വിറ്റും രണ്ട് മുറികളുള്ള വീട് പണയപ്പെടുത്തിയുമാണ് യു എസിലേക്കുള്ള നിയമവിരുദ്ധ യാത്രയ്ക്ക് തുടക്കമിട്ടത്. ജസ്വീന്ദറിനെ യു എസിലേക്ക് കൊണ്ടുപോകുന്നതിനന് ഏജന്റിന് 44 ലക്ഷം രൂപയാണ് നല്‍കിയത്. ഈ തുക സമാഹരിക്കാന്‍ കുടുംബത്തിന് അവരുടെ എരുമകളെ പോലും വില്‍ക്കേണ്ടിവന്നു.

ശനിയാഴ്ച അര്‍ദ്ധരാത്രിയോടെ യു എസ് നാടുകടത്തിയ ഇന്ത്യന്‍ പൗരന്മാരുടെ രണ്ടാമത്തെ സംഘത്തില്‍ ജസ്വീന്ദറും ഉള്‍പ്പെട്ടിരുന്നു. അമൃത്സര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ മാത്രമാണ് അദ്ദേഹത്തിന് വീണ്ടും തന്റെ തലപ്പാവ് ധരിക്കാന്‍ കഴിഞ്ഞത്. അപ്പോഴേക്കും നീണ്ട 20 ദിവസങ്ങള്‍ കഴിഞ്ഞിരുന്നു. യു എസ്- മെക്‌സിക്കോ അതിര്‍ത്തി നിയമവിരുദ്ധമായി കടന്നതിന് ജനുവരി 27നാണ്  യു എസ് അധികൃതര്‍ ജ്‌സ്വീന്ദര്‍ സിംഗിനെ കസ്റ്റഡിയിലെടുത്തത. 

ജനുവരി 27ന്  കസ്റ്റഡിയിലെടുത്ത് തടങ്കല്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോയ ഉടന്‍ തലപ്പാവ് ഉള്‍പ്പെടെ എന്റെ എല്ലാ വസ്ത്രങ്ങളും അഴിച്ചുമാറ്റാനാണ് അവര്‍ ആവശ്യപ്പെട്ടതെന്നും ഒരു ടീ-ഷര്‍ട്ടും അടിവസ്ത്രവും സോക്‌സ്, ഷൂസ് എന്നിവ മാത്രമാണ് ധരിക്കാന്‍ അനുവാദിച്ചിരുന്നുള്ളുവെന്നും ജസ്വീന്ദര്‍ സിംഗ് പറയുന്നു. അവര്‍ ഷൂ ലേസ് പോലും ഊരി മാറ്റിയിരുന്നു. 

താനും മറ്റ് സിഖ് യുവാക്കളും തലപ്പാവെങ്കിലും തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ അനുവദിച്ചില്ല. 'നിങ്ങളില്‍ ആരെങ്കിലും തൂങ്ങിമരിച്ചാല്‍ ആരാണ് ഉത്തരവാദി?' എന്ന് അവര്‍ ചോദിച്ചതായും തടങ്കല്‍ കേന്ദ്രത്തില്‍ ഉണ്ടായിരുന്ന ദിവസങ്ങളില്‍ തലപ്പാവ് ധരിക്കാന്‍ അനുവാദമില്ലായിരുന്നുവെന്നും ജസ്വീന്ദര്‍ സിംഗ് പറയുന്നു.

അമൃത്സര്‍ വിമാനത്താവളത്തില്‍ എത്തിയതിനു ശേഷമാണ് തന്റെ ലഗേജ് തിരികെ ലഭിച്ചതെന്നും അപ്പോഴാണ് ഒരു പര്‍ണ (സിഖ് പുരുഷന്മാര്‍ തല മറയ്ക്കാന്‍ ധരിക്കുന്ന തുണി) കൊണ്ട് തല പൊതിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

തന്റെ പിതാവ് ഹൃദ്രോഗിയായതിനാല്‍ ജോലി ചെയ്യാന്‍ കഴിയാത്തതിനാലാണ് കുടുംബം പോറ്റാന്‍ യു എസിലേക്ക് പോകാന്‍ ആഗ്രഹിച്ചതെന്ന് ജസ്വീന്ദര്‍ പറഞ്ഞു. ഇപ്പോള്‍ തങ്ങള്‍ക്ക് 44 ലക്ഷം രൂപയുടെ കടമുണ്ടെന്നും അത് എങ്ങനെ തിരിച്ചടയ്ക്കുമെന്ന് അറിയില്ലെന്നും പറഞ്ഞ ജസ്വീന്ദര്‍ സിംഗ് തങ്ങളുടെ വീട് പോലും പണയപ്പെടുത്തിയെന്നും വിശദമാക്കി. 

പത്താം ക്ലാസാണ് ജസ്വീന്ദറിന്റെ വിദ്യാഭ്യാസ യോഗ്യത. ഡിസംബറിലാണ് ജസ്വീന്ദര്‍ യു എസ് യാത്രക്ക് തുടക്കമിട്ടത്. ഡല്‍ഹിയില്‍ നിന്ന് ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിലേക്കായിരുന്നു ആദ്യത്തെ യാത്ര. സ്‌പെയിന്‍, എല്‍ സാല്‍വഡോര്‍, ഗ്വാട്ടിമാല, മെക്‌സിക്കോ വഴിയാണ് യു എസ് അതിര്‍ത്തിയിലെത്തിയത്. 

ജനുവരി 26നാണ് താന്‍ അതിര്‍ത്തിയിലെത്തിയതെന്നും കനത്ത മഴ പെയ്യുന്നതിനാല്‍ അതിര്‍ത്തി കടക്കാന്‍ ഏജന്റ് ആവശ്യപ്പെടുകയായിരുന്നുവെന്നും ജസ്വീന്ദര്‍ സിംഗ് പറഞ്ഞു. ജനുവരി 27ന് ഏജന്റ് അതിര്‍ത്തി കടത്തിവിട്ട് മിനിറ്റുകള്‍ക്കുള്ളില്‍ ജ്‌സ്വീന്ദര്‍ പിടിക്കപ്പെട്ടിരുന്നു. കസ്റ്റഡിയിലെടുത്താല്‍ തന്നെ തടങ്കല്‍ കേന്ദ്രത്തില്‍ നിന്ന് ജാമ്യത്തില്‍ പുറത്തിറക്കുമെന്ന് ഏജന്റ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അതുണ്ടായില്ല. തന്റെ പണം തിരികെ വേണംമെന്നും പഞ്ചാബ് സര്‍ക്കാര്‍ അത് തിരികെ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

തടങ്കല്‍ കേന്ദ്രത്തിലും അമൃത്സറിലേക്ക് കൊണ്ടുപോയ യു എസ് സൈനിക വിമാനത്തിലും 'മാനസിക പീഡനം' നടത്തിയെന്നും ജസ്വീന്ദര്‍ സിംഗ് ആരോപിച്ചു. വിമാനത്തില്‍ തങ്ങളുടെ കൈകളും കാലുകളും ചങ്ങലയിട്ടിരുന്നു. ജനുവരി 13ന്  വിമാനത്തില്‍ കയറിയെങ്കിലും ഏകദേശം മൂന്ന് ദിവസമെങ്കിലും എങ്ങോട്ടാണ് കൊണ്ടുപോകുന്നത് അറിഞ്ഞിരുന്നില്ലെന്നും പറഞ്ഞു. ആരെങ്കിലും ഒരു മിനിറ്റ് എഴുന്നേറ്റാല്‍ പോലും വിമാനത്തിലുണ്ടായിരുന്ന യു എസ് അധികാരികള്‍ ശാസിക്കുകയും ഇരിക്കാന്‍ ഉത്തരവിടുകയും ചെയ്യും. കൊടും തണുപ്പില്‍ മതിയാകാത്ത പ്ലാസ്റ്റിക് ഷീറ്റുകള്‍ മാത്രമാണ് നല്‍കിയിരുന്നത്. അതുകൊണ്ടുതന്നെ തണുത്തു വിറച്ചിരുന്നു. 

തനിക്ക് യു എസിലേക്കോ മറ്റെവിടേക്കെങ്കിലുമോ പോകണമെങ്കില്‍ തന്റെ കൈവശം പണമില്ലെന്നും ഏജന്റില്‍ നിന്നും പണം തിരികെ കിട്ടണമെന്നും ജസ്വീന്ദര്‍ സിംഗ് അധികാരികളോട് ആവശ്യപ്പെട്ടു.