അഗര്‍ത്തലയില്‍ ബംഗ്ലാദേശ് ഹൈക്കമ്മീഷനു നേരെ കയ്യേറ്റ ശ്രമം

അഗര്‍ത്തലയില്‍ ബംഗ്ലാദേശ് ഹൈക്കമ്മീഷനു നേരെ കയ്യേറ്റ ശ്രമം


അഗര്‍ത്തല: ബംഗ്ലാദേശ് അസിസ്റ്റന്റ് ഹൈക്കമ്മീഷന്‍ കെട്ടിടത്തിന് നേരെ നടത്തിയ കയ്യേറ്റത്തെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. സംഭവത്തെ 'ദുഃഖകരം' എന്ന് വിശേഷിപ്പിച്ചു.

നയതന്ത്ര, കോണ്‍സുലാര്‍ സ്വത്തുക്കള്‍ ഒരു കാരണവശാലും ലക്ഷ്യം വയ്ക്കരുതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ന്യൂഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനും അവരുടെ ഡെപ്യൂട്ടി/ അസിസ്റ്റന്റ് ഹൈക്കമ്മീഷനുകള്‍ക്കും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നതായും പ്രസ്താവന കൂട്ടിച്ചേര്‍ത്തു.

ബംഗ്ലാദേശിലെ ഹിന്ദു സന്യാസി ചിന്‍മോയ് കൃഷ്ണ ദാസിന്റെ അറസ്റ്റിലും ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണത്തിലും പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെ അഗര്‍ത്തലയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന്‍ കെട്ടിടത്തിന് ചുറ്റും ആയിരക്കണക്കിന് ആളുകള്‍ വന്‍ റാലി നടത്തിയതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു. 

50-ലധികം പ്രതിഷേധക്കാര്‍ മിഷന്റെ പരിസരത്ത് പ്രവേശിച്ചത് സമുച്ചയത്തില്‍ ഉണ്ടായിരുന്നവരില്‍ ആശങ്കയുണ്ടാക്കി.

ബംഗ്ലാദേശ് സനാതന്‍ ജാഗരണ്‍ മഞ്ചയുടെ വക്താവ് ചിന്‍മോയ് കൃഷ്ണ ദാസിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി നവംബര്‍ 25ന് അറസ്റ്റ് ചെയ്തതാണ് പ്രകോപനത്തിന് കാരണം. ഒക്ടോബര്‍ 25ന് ചിറ്റഗോങ്ങില്‍ ബംഗ്ലാദേശിന്റെ ദേശീയ പതാകയ്ക്ക് മുകളില്‍ കാവി പതാക ഉയര്‍ത്തിയെന്ന കുറ്റമാണ് ദാസിനെതിരെ ചുമത്തിയത്. അറസ്റ്റിലായി രണ്ട് ദിവസത്തിന് ശേഷം ചാത്തോഗ്രാം കോടതി കെട്ടിടത്തില്‍ പൊലീസും കൃഷ്ണദാസിന്റെ അനുയായികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു അഭിഭാഷകന്‍ കൊല്ലപ്പെട്ടിരുന്നു.

ഓഗസ്റ്റില്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ശൈഖ് ഹസീന രാജിവച്ചതിനെ തുടര്‍ന്ന് നോബല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം വഷളായിരുന്നു.