കെജ്രിവാളിന് ജാമ്യം അനുവദിച്ചു

കെജ്രിവാളിന് ജാമ്യം അനുവദിച്ചു


മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. അറസ്റ്റിലായി നാളെ മൂന്ന് മാസം തികയാനിരിക്കെയാണ് ഡല്‍ഹി റൗസ് അവന്യൂ കോടതി ജാമ്യം അനുവദിച്ചത്. നരേന്ദ്രമോഡി സര്‍ക്കാരിനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനുമേറ്റ കനത്ത രാഷ്ട്രീയ തിരിച്ചടിയാണിത്. ജാമ്യത്തുകയായ ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് പ്രത്യേക ജഡ്ജ് നിയവ് ബിന്ദു പറഞ്ഞു. ജാമ്യാപേക്ഷ സ്വീകരിക്കാന്‍ കോടതി 48 മണിക്കൂര്‍ സാവകാശം നല്‍കിയാല്‍ ഉത്തരവിനെതിരെ മേല്‍ക്കോടതിയെ സമീപിക്കാമെന്നും ഇഡിക്ക് കോടതിയോട് ആവശ്യപ്പെട്ടു. ജാമ്യം സ്റ്റേ ചെയ്യാനാവില്ലെന്നും കെജ്രിവാളിന്റെ അഭിഭാഷകന് നാളെത്തന്നെ ബന്ധപ്പെട്ട കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കാമെന്നും കോടതി ഇഡിയെ അറിയിച്ചു. 

വാദത്തിനിടെ കുറ്റകൃത്യത്തിന് ലഭിച്ച പണവുമായും കൂട്ടുപ്രതികളുമായും അരവിന്ദ് കെജ് രിവാളിന് ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ ഇഡി ശ്രമിച്ചിരന്നു. അതേസമയം മുഖ്യമന്ത്രിയെ പ്രതിയാക്കാന്‍ തക്ക തെളിവുകളൊന്നും അന്വേഷണ ഏജന്‍സിയുടെ പക്കലില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. കേസിലെ മറ്റൊരു പ്രതിയായ ചന്‍പ്രീത് സിംഗ് വ്യവസായികളില്‍ നിന്ന് വന്‍തുക കൈപ്പറ്റിയെന്നും അരവിന്ദ് കെജ് രിവാളിന്റെ ഹോട്ടല്‍ ബില്ലടക്കം ഈ തുകയില്‍ നിന്നാണ് അടച്ചതെന്നും ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു വാദിച്ചു. കേസില്‍ കൃത്യമായ തെളിവുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചെങ്കിലും കോടതി അതൊന്നും കണക്കിലെടുത്തില്ല. 

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മൂന്നാഴ്ച മുമ്പാണ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 21നായിരുന്നു അത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മെയ് 10ന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജൂണ്‍ ഒന്നിന് ജാമ്യം അവസാനിച്ചതോടെ ജയിലിലേക്ക് മടങ്ങിയിരുന്നു.