കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ രണ്ട് സി പി എം ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പോക്‌സോ വകുപ്പ് പ്രകാരമാണ് രണ്ടു പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്. സംഭവത്തില്‍ മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി സി രമേശന്‍ അറസ്റ്റിലായി. മറ്റൊരു ബ്രാഞ്ച് സെക്രട്ടറി അനീഷും പ്രതിയാണ്. രണ്ട് വിദ്യാര്‍ഥികളെ പീഡീപ്പിച്ചെന്ന പരാതിയിലാണ് ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്.
പ്രതിയായ അനീഷിനായും പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, ഇരുവര്‍ക്കുമെതിരെ െപൊലീസ് കേസെടുത്തതിന് പിന്നാലെ പാര്‍ട്ടി നടപടിയെടുത്തു. രണ്ട് പേരെയും സി പി എമ്മിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടിയുടെ സല്‍പേരിന് കളങ്കം വരുത്തും വിധം പെരുമാറിയതിനാണ് നടപടിയെന്ന് നേതാക്കള്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം കുന്നംകുളത്തിന് അടുത്ത് ചിറനല്ലൂരില്‍ സി പി എം ബ്രാഞ്ച് സെക്രട്ടറിയെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ചിറനല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറിയായ കെ സെബിന്‍ ഫ്രാന്‍സിസ് ആണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചു എന്ന പരാതിയിലായിരുന്നു അറസ്റ്റ്. സി പി എമ്മിന്റെ ബ്രാഞ്ച് സമ്മേളനം ചേരാന്‍ ഇരിക്കെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സെബിന്റെ അറസ്റ്റിനുശേഷം ബ്രാഞ്ച് സമ്മേളനം ചേര്‍ന്ന് പുതിയ ബ്രാഞ്ച് സെക്രട്ടറിയെ തെരഞ്ഞെടുക്കുകയായിരുന്നു.