സ്‌പൈസ് ജെറ്റ് ജീവനക്കാരെ മര്‍ദ്ദിച്ച സൈനികനെതിരെ കേസ്

സ്‌പൈസ് ജെറ്റ് ജീവനക്കാരെ മര്‍ദ്ദിച്ച സൈനികനെതിരെ കേസ്


ശ്രീനഗര്‍: ശ്രീനഗര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്‌പൈസ് ജെറ്റ് ജീവനക്കാരനെ മര്‍ദിച്ച സൈനികനെതിരെ കേസെടുത്തു. ബാഗേജിനെ ചൊല്ലിയുള്ള തര്‍ക്കം മര്‍ദനത്തില്‍ കലാശിക്കുകയായിരുന്നു. 

ജൂലൈ 26ന് നടന്ന സംഭവത്തില്‍ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ആക്രമണം നടത്തിയെന്നാണ് കേസ്. 

ശ്രീനഗറില്‍ നിന്നും ഡല്‍ഹിയിലേക്ക് പോവാനെത്തിയ സൈനികന്റെ ലഗേജ് അധികമാണെന്നും പണം നല്‍കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇത് കേള്‍ക്കാതെ സൈനികന്‍ ബോര്‍ഡിങ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാതെ എയ്‌റോ ബ്രിഡിജിലേക്ക് കയറാന്‍ ശ്രമിക്കുകയായിരുന്നു. ഇത് ജീവനക്കാര്‍ തടഞ്ഞതോടെ യാത്രക്കാരന്‍ പ്രകോപിതനാവുകയും ജീവനക്കാരെ മര്‍ദിക്കുകയുമായിരുന്നു.

സംഭവത്തില്‍ നാല് സ്‌പൈസ് ജെറ്റ് ജീവനക്കാര്‍ക്ക് പരുക്കേറ്റു. ഇവരുടെ മുഖത്തിനും നട്ടെല്ലിനുമാണ് പരിക്കേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സൈനികനെ നോ ഫ്‌ളൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായും എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.