മുംബൈ: റിലയൻസ് എ.ഡി.എ ഗ്രൂപ്പുമായി ബന്ധപ്പെട്ട ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ റിലയൻസ് ക്യാപിറ്റലിന്റെ മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സി.എഫ്.ഒ) അമിത് ബാപ്‌നയെ സി.ബി.ഐ അറസ്റ്റ് ചെയ്തു. കേസിൽ ഇതുവരെ ആറ് പ്രതികളെയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തിരിക്കുന്നത്.
2014 ഓഗസ്റ്റ് മുതൽ 2019 ഡിസംബർ വരെ റിലയൻസ് ക്യാപിറ്റലിന്റെ സി.എഫ്.ഒ ആയിരുന്ന ബാപ്‌ന കമ്പനിയുടെ സാമ്പത്തിക കാര്യങ്ങളിൽ പ്രധാന തീരുമാനങ്ങൾ എടുത്തിരുന്ന വ്യക്തിയാണ്. റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ് (ആർ.എച്ച്.എഫ്.എൽ), റിലയൻസ് കൊമേഴ്‌സ്യൽ ഫിനാൻസ് ലിമിറ്റഡ് (ആർ.സി.എഫ്.എൽ) എന്നിവയുമായി ബന്ധപ്പെട്ട ബാങ്ക് വായ്പാ തട്ടിപ്പിലും കള്ളപ്പണം വെളുപ്പിക്കൽ കേസിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഈ വർഷം ഏപ്രിലിൽ ബാപ്‌നയെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് അദ്ദേഹം തിഹാർ സെൻട്രൽ ജയിലിലായിരുന്നു.
മുംബൈ കോടതിയിൽ നിന്ന് പ്രൊഡക്ഷൻ വാറണ്ട് നേടി ബാപ്‌നയെ സി.ബി.ഐ കസ്റ്റഡിയിൽ വാങ്ങി പ്രത്യേക കോടതിയിൽ ഹാജരാക്കി. കോടതി നാല് ദിവസത്തെ സി.ബി.ഐ കസ്റ്റഡി അനുവദിച്ചു.
റിസർവ് ബാങ്കിന്റെ മാർഗനിർദേശങ്ങൾ ലംഘിച്ചും പൊതുമേഖലാ ബാങ്കുകളിൽ നിന്നുള്ള വായ്പാ വ്യവസ്ഥകൾ മറികടന്നും ഇടനില കമ്പനികൾക്ക് വായ്പ അനുവദിക്കാൻ ബാപ്‌ന സഹായിച്ചെന്നാണ് സി.ബി.ഐയുടെ ആരോപണം. ആർ.സി.എഫ്.എൽ നേടിയ വായ്പാ തുക വിവിധ ഇടനില സ്ഥാപനങ്ങൾ വഴി റിലയൻസ് ക്യാപിറ്റൽ, റിലയൻസ് ഇൻഫ്രാസ്ട്രക്ചർ, റിലയൻസ് പവർ തുടങ്ങിയ കമ്പനികളിലേക്ക് തിരിച്ചുവിട്ടതിലൂടെ ബാങ്കുകൾക്ക് വൻ നഷ്ടമുണ്ടായെന്നും സി.ബി.ഐ വ്യക്തമാക്കി.
റിലയൻസ് കമ്മ്യൂണിക്കേഷൻസ്, ആർ.എച്ച്.എഫ്.എൽ, ആർ.സി.എഫ്.എൽ, റിലയൻസ് ടെലികോം എന്നിവയ്‌ക്കെതിരെ വിവിധ പൊതുമേഖലാ ബാങ്കുകളുടെയും എൽ.ഐ.സിയുടെയും പരാതികളുടെ അടിസ്ഥാനത്തിൽ സി.ബി.ഐ ഏഴ് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്. സുപ്രീം കോടതി നിരീക്ഷണത്തിലാണ് അന്വേഷണം നടക്കുന്നത്.
റിലയൻസ് ക്യാപിറ്റൽ മുൻ സി.എഫ്.ഒ അമിത് ബാപ്‌നയെ സി.ബി.ഐ അറസ്റ്റ് ചെയ്തു
