കഠിന ചൂടും ഇടിമിന്നൽ മുന്നറിയിപ്പും; ട്രംപിന്റെ 'സല്യൂട്ട് ടു അമേരിക്ക' ആഘോഷത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു

കഠിന ചൂടും ഇടിമിന്നൽ മുന്നറിയിപ്പും; ട്രംപിന്റെ 'സല്യൂട്ട് ടു അമേരിക്ക' ആഘോഷത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു


വാഷിങ്ടൺ: അമേരിക്കയുടെ 250ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുക്കാനിരുന്ന 'സല്യൂട്ട് ടു അമേരിക്ക 250' പരിപാടിയിൽ കനത്ത ചൂടും മോശം കാലാവസ്ഥയും കാരണം ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് ഒഴിപ്പിച്ചു. പരിപാടി ആരംഭിക്കാനിരിക്കെയാണ് അധികൃതർ വേദി ഒഴിയാൻ നിർദേശം നൽകിയത്.

വാഷിങ്ടണിൽ ശനിയാഴ്ച താപനില 102 ഫാരൻഹീറ്റിലെത്തി. നഗരത്തിന്റെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ജൂലൈ 4ആയിരുന്നു ഇത്. വൈകുന്നേരത്തോടെ ശക്തമായ ഇടിമിന്നലിനും മണിക്കൂറിൽ 60 മൈൽ വരെ വേഗത്തിൽ കാറ്റ് വീശാനുമുള്ള മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് നൽകിയിരുന്നു. ഇതേ തുടർന്ന് ചില കലാപരിപാടികൾ റദ്ദാക്കുകയും പരിപാടി വൈകിപ്പിക്കുകയും ചെയ്തു.

എന്നാൽ ചൂടിനെ ട്രംപ് നിസ്സാരവത്കരിച്ചു. 'പ്രതീക്ഷിച്ചത്ര മോശമല്ല ചൂട്, വാഷിങ്ടണിലെ ജനക്കൂട്ടം അതിശയകരമാണ്,' എന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. നേരത്തെ, '107 ഡിഗ്രി ചൂടാണെങ്കിലും ഞാൻ പോകും; എനിക്ക് എന്തും ചെയ്യാൻ കഴിയുമെന്ന് കാണിക്കാൻ നീണ്ട പ്രസംഗം നടത്തും,' എന്നും ട്രംപ് പറഞ്ഞിരുന്നു.

ഏകദേശം 1.5 ലക്ഷം പേർക്ക് പങ്കെടുക്കാനാകുന്ന പരിപാടിയിൽ രാത്രി ട്രംപിന്റെ പ്രസംഗത്തിനും തുടർന്ന് ദേശീയ സ്മാരകത്തിന് ചുറ്റുമായി 10 കേന്ദ്രങ്ങളിൽ നിന്ന് 35 മിനിറ്റ് നീളുന്ന വെടിക്കെട്ടിനുമാണ് ഒരുക്കം. അതേസമയം, സന്ദർശകരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്ന് സംഘാടകർ വ്യക്തമാക്കി. മെഡിക്കൽ ടീമുകൾ, ആംബുലൻസുകൾ, പ്രഥമശുശ്രൂഷാ കേന്ദ്രങ്ങൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.