വാഷിംഗ്ടൺ: അമേരിക്കയുടെ സ്വാതന്ത്ര്യത്തിന്റെ 250ാം വാർഷികാഘോഷ വേളയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത സന്ദേശങ്ങളിലൂടെ നിലവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും അദ്ദേഹത്തിന്റെ ഭരണനടപടികളെയും പരോക്ഷമായി വിമർശിച്ച് മുൻ പ്രസിഡന്റുമാരായ ബിൽ ക്ലിന്റൺ, ജോർജ് ഡബ്‌ള്യു ബുഷ്, ബരാക് ഒബാമ എന്നിവർ.
രാജ്യം കടുത്ത ഭിന്നിപ്പിന്റെയും ജനാധിപത്യ സ്ഥാപനങ്ങൾ നേരിടുന്ന വെല്ലുവിളികളുടെയും ഘട്ടത്തിലൂടെയാണ് കടന്നപോകുന്നതെന്ന് ക്ലിന്റൺ പറഞ്ഞു. കുടിയേറ്റനയവും ഇറാനുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ഭരണകൂടത്തിന്റെ സമീപനവും അദ്ദേഹം വിമർശിച്ചു. 'അമേരിക്കയിൽ ശരിയായതുകൊണ്ട് പരിഹരിക്കാനാകാത്ത ഒരു പ്രശ്‌നവും ഇല്ല'എന്നും ജനാധിപത്യം കൂടുതൽ ശക്തിപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്ക നിരന്തരം സ്വയം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്ന രാജ്യമാണെന്ന് ഒബാമയും ചൂണ്ടിക്കാട്ടി. നിയമവാഴ്ച, സ്വതന്ത്ര നീതിന്യായവ്യവസ്ഥ, സ്വതന്ത്ര മാധ്യമങ്ങൾ, അധികാര കൈമാറ്റത്തിന്റെ ജനാധിപത്യ പാരമ്പര്യം എന്നിവ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഓർമ്മിപ്പിച്ചു.
അടുത്ത 250 വർഷത്തേക്കും അമേരിക്കക്കാർ കാഴ്ചക്കാരാകാതെ ഉത്തരവാദിത്തമുള്ള പൗരന്മാരാകണമെന്ന് ബുഷ് ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ ദിശ ഇഷ്ടപ്പെടുന്നില്ലെങ്കിൽ ജനങ്ങൾക്ക് വോട്ടിലൂടെ മാറ്റം കൊണ്ടുവരാമെന്നും ജനാധിപത്യം സ്വയം തിരുത്താനുള്ള ശേഷിയുള്ള സംവിധാനമാണെന്നും അദ്ദേഹം പറഞ്ഞു.
' ട്രംപിന്റെ നയങ്ങൾ അമേരിക്കൻ ജനാധിപത്യത്തിന് ഭീഷണി '; സ്വാതന്ത്ര്യത്തിന്റെ 250ാം വാർഷികത്തിൽ പരോക്ഷ വിമർശനവുമായി മുൻ പ്രസിഡന്റുമാർ
