അമേരിക്കയിൽ കനത്ത ചൂടും കൊടുങ്കാറ്റ് മുന്നറിയിപ്പും; കോടിക്കണക്കിന് ആളുകൾ ജാഗ്രതയിൽ

അമേരിക്കയിൽ കനത്ത ചൂടും കൊടുങ്കാറ്റ് മുന്നറിയിപ്പും; കോടിക്കണക്കിന് ആളുകൾ ജാഗ്രതയിൽ


വാഷിങ്ടൺ:  അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ ഉഷ്ണതരംഗം തുടരുന്നതിനിടെ കനത്ത ഇടിമിന്നലും കൊടുങ്കാറ്റും ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്. 7.5 കോടിയിലധികം ആളുകൾ ഗുരുതര കാലാവസ്ഥാ ഭീഷണി നേരിടുന്ന മേഖലകളിലാണെന്ന് അധികൃതർ അറിയിച്ചു.

വാഷിങ്ടൺ, ബാൾട്ടിമോർ, ഫിലഡൽഫിയ, ന്യൂയോർക്ക്, ഷിക്കാഗോ എന്നിവ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ശക്തമായ കാറ്റും ഇടിമിന്നലും പ്രതീക്ഷിക്കുന്നതിനാൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചില പ്രദേശങ്ങളിൽ മണിക്കൂറിൽ 60 മൈൽ വേഗത്തിൽ കാറ്റുവീശാനും ശക്തമായ മഴയെ തുടർന്ന് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം, അമേരിക്കയിൽ 14 കോടിയിലധികം പേർ ഇപ്പോഴും അതിശക്തമായ ചൂട് മുന്നറിയിപ്പിന് കീഴിലാണ്. വാഷിങ്ടണിൽ ശനിയാഴ്ച 102 ഡിഗ്രി ഫാരൻഹീറ്റ് രേഖപ്പെടുത്തി. നഗരത്തിന്റെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ജൂലൈ 4ആണ് ഇത്.

കടുത്ത ചൂടും പ്രതികൂല കാലാവസ്ഥയും കാരണം നിരവധി സ്വാതന്ത്ര്യദിന ആഘോഷങ്ങൾ തടസപ്പെട്ടു. വാഷിങ്ടണിലെയും ഫിലഡൽഫിയയിലെയും പരേഡുകൾ റദ്ദാക്കി. ചില ട്രെയിൻ സർവീസുകൾ ആംട്രാക്ക് റദ്ദാക്കുകയും വിവിധ പരിപാടികളുടെ സമയം മാറ്റുകയും ചെയ്തു.

ചൂടും കൊടുങ്കാറ്റും വൈദ്യുതി വിതരണത്തെയും ബാധിച്ചു. മിഡ് വെസ്റ്റ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലായി ഏകദേശം 7.8 ലക്ഷം വീടുകളിൽ വൈദ്യുതി മുടങ്ങിയതായി റിപ്പോർട്ടുണ്ട്. അറ്റകുറ്റപ്പണികൾ പരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.